കാട്ടില്‍നിന്നു മടങ്ങുമ്പോള്‍: കണിമോള്‍ എഴുതിയ കവിത

കാട്ടിലേക്കു മടങ്ങുന്നുഞാനൊഴിഞ്ഞെന്‍ നിഴല്‍ മാത്രംകൂടെ നീയും, നിന്റെ വാക്കില്‍ പീലി നീര്‍ത്തിയ വാനവും
കാട്ടില്‍നിന്നു മടങ്ങുമ്പോള്‍: കണിമോള്‍ എഴുതിയ കവിത

കാട്ടില്‍നിന്നു മടങ്ങുമ്പോള്‍,
കണ്ണിലന്തി നിലാവെട്ടം പൂത്തുലഞ്ഞു പരക്കുമ്പോള്‍
കാട് പിന്‍വിളി വിളിക്കുമ്പോള്‍
കാറ്റുതട്ടിയ കൊടിക്കൂറ കാടുനോക്കിപ്പറക്കുമ്പോള്‍
കാലടിയില്‍ പുറങ്കാലം നേരമില്ലെന്നൊലിക്കുമ്പോള്‍

കാട്ടിലേക്കു മടങ്ങുന്നു
ഞാനൊഴിഞ്ഞെന്‍ നിഴല്‍ മാത്രം
കൂടെ നീയും, നിന്റെ വാക്കില്‍ പീലി നീര്‍ത്തിയ വാനവും

കാട്ടിലേക്കു നടക്കുമ്പോള്‍, കണ്ണിലന്തിനിലാവെട്ടം
പൂത്തുലഞ്ഞു പരക്കുന്നു, കാട്ടുമണ്ണ് മണക്കുന്നു
ഉച്ചനേരം, വെയില്‍ മേലാപ്പിട്ട പച്ചത്തഴപ്പന്തല്‍ 
തൊട്ടിറങ്ങീ കുളിര്‍ക്കൈകള്‍,
തൊട്ടതൊന്നും മറന്നീല
കാട്ടുനെല്ലിക്കായ് പഴുത്തു, ചോട്ടിലാരോ വിതിര്‍ത്തിട്ടു
നാമതൊക്കെപ്പെറുക്കുമ്പോള്‍
വാനരത്വം ചിരിച്ചാര്‍ത്തു
കാട്ടിലെ പൂമരച്ചോട്ടില്‍ നാടുകാണാപ്പുഴ കണ്ടു
പൂമണക്കും പുഴനീന്തിപ്പോകെ നമ്മള്‍ കടല്‍ കണ്ടു

കാട്ടിലൂടെ നടക്കുമ്പോള്‍ കാണ്‍മതൊക്കെ പ്രിയം  മാത്രം
ആയിരപ്പറ മണം മാത്രം, ആയിരം പച്ചകള്‍ മാത്രം
കാട്ടിനുള്ളില്‍ കടക്കുമ്പോള്‍ കാട് മായക്കടല്‍ മാത്രം
ആക്കടലിന്‍ തിരക്കുത്തില്‍ നാമിരിക്കും ക്ഷണം മാത്രം

പാട്ടു മൂളിപ്പറക്കുന്നു ദൂരെയൊറ്റക്കിളി, പാട്ടിന്‍
കൂട്ടിലേക്കു വിളിക്കുന്നു, കാടു കാതോര്‍ത്തിരിക്കുന്നു
മേലുടുപ്പുമുരിച്ചിട്ട് കാടുറങ്ങും തടാകത്തില്‍ 
ചാരെയേതോ മരക്കൊമ്പില്‍ നാഗദൈവം ശയിക്കുന്നു
വെള്ളിമിന്നല്‍ത്തരി വീശി വനദേവത പറക്കുന്നു
പുന്നകള്‍ പൂത്തൊലിക്കുന്നു, കന്മദം വാസനിക്കുന്നു
ചെങ്കുറിഞ്ഞികള്‍, കമ്പകം, മരു, തുന്ന, കലയം, നീര്‍മരം
പച്ചതന്‍ സ്വരഭേദവിസ്മയമുദ്രവിടരും കീര്‍ത്തനം
കാട്ടിലെന്തേ മറന്നൂ നാം? കണ്ടെടുക്കാന്‍ പുറപ്പെട്ടു
കാടുമൂടിയൊരോര്‍മ്മയില്‍ ജലധാരയില്‍ നീരാടുവാന്‍?
പോക്കുവെയിലിന്‍ പൊന്നുകൊണ്ടേയന്തി നമ്മെ പുതപ്പിച്ചു
ദീര്‍ഘ ദുഃഖശതങ്ങളില്‍ മിന്നാമിനുങ്ങുകളൊളിപ്പിച്ചു
ആരുടെയോ വിടര്‍ക്കണ്ണില്‍ നാളമെന്നെപ്പൊതിയുന്നു
ഞാനിലപ്പച്ചയില്‍ക്കാണും പ്രാണവര്‍ണ്ണം തുടുക്കുന്നു
കണ്ടുനില്‍ക്കേ ചുറ്റിലും കണ്ണാടി മാളിക തിളങ്ങുന്നു,
നമ്മളൊറ്റമരത്തിലെച്ചെറുചില്ലയില്‍ത്താ,നറിയുന്നു

കാട്ടിലെപ്പെരുമാക്കളേ, ശമധീരരേ, ഗിരിരൂപരേ
ചോട്ടിലൂടെയരിക്കുമീച്ചെറുപ്രാണികള്‍ക്കു സുഖത്തിനായ്
പ്രാര്‍ത്ഥനാനിരതം, സകലം ഗ്രഹിക്കുമലിവോടെയും
നീട്ടുമീച്ചെറുപൂവിനുള്ള മനസ്സിലേറ്റു മടങ്ങവേ

കാട്ടുപച്ചയില്‍ നിന്നൊരുറവ മരുപ്പരപ്പു നനച്ചുവോ
കാട്ടിലേക്കു തുറക്കുമുള്ളിലെ വാതില്‍ താനെ തുറന്നുവോ
കാട്ടില്‍നിന്നും മടങ്ങുമ്പോള്‍, പൂത്തുലഞ്ഞൊരു പൂമരം
കൂട്ടുവന്നു, ചുരം കടന്നു നഗരത്തിലേക്കു തുഴഞ്ഞു നാം.

(ചെന്തുരുണി ഇക്കോ ടൂറിസം പ്രോഗ്രാം ഓഫീസര്‍ സുധാഗൗരിലക്ഷ്മിക്ക്)
നാഗദൈവം - രാജവെമ്പാല
വനദേവത - പുള്ളിച്ചിറകുള്ള വനശലഭം
കണ്ണാടിമാളിക - ജലസമാധിയായ ചരിത്രമാളിക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com