നിഘണ്ടുവിന്നൊരു സ്തുതിഗീതം: പാബ്ലോ നെരൂദയുടെ കവിത

നിഘണ്ടുവിന്നൊരു സ്തുതിഗീതം: പാബ്ലോ നെരൂദയുടെ കവിത

ഭാരം വഹിക്കുന്ന
കാളയുടെ മുതുകുപോലെ,
ക്രമാനുസാരിയായ ഈ കനത്ത പുസ്തകം:
ചെറുപ്പത്തില്‍ ഞാന്‍
നിന്നെ അവഗണിച്ചു
സ്വയംമതിപ്പില്‍ പുതച്ചുമൂടി,
എനിക്ക് അതെല്ലാം അറിയാമെന്നു നടിച്ച്
മ്ലാനനായ ഒരു തവളയെപ്പോലെ ചീര്‍ത്ത്
ഞാന്‍ പ്രഖ്യാപിച്ചു: ''എനിക്ക്
എന്റെ വാക്കുകള്‍ കിട്ടുന്നത് നേരിട്ട്
സീനായ് മലയില്‍നിന്നാണ്,
തെളിഞ്ഞുറച്ച ശബ്ദത്തില്‍.
ഞാന്‍ രൂപങ്ങളെ
രാസവിദ്യകൊണ്ട് സ്വര്‍ണ്ണമാക്കും,
ഞാനാകുന്നു ജ്ഞാനി.''
ആ മഹാജ്ഞാനി ഒന്നും പറഞ്ഞില്ല.
പരുക്കന്‍ തോല്‍ച്ചട്ടയില്‍
പഴകി കനം വായ്ച്ച നിഘണ്ടു
നിശ്ശബ്ദത പാലിച്ചു,
അതിന്റെ സമ്പത്തു വെളിപ്പെടുത്താതെ.

എന്നാല്‍, ഒരു ദിവസം
ഞാന്‍ അതിനെ ഉപയോഗിച്ചു,
ദുരുപയോഗം ചെയ്തു,
മാസങ്ങളോളം പ്രതിഷേധമില്ലാതെ
എന്റെ കസേരയും തലയിണയുമായി
എന്നെ സേവിച്ചിട്ടും അതിനെ ഞാന്‍
പ്രയോജനശൂന്യമായ
വയസ്സന്‍ഒട്ടകം എന്നു വിളിച്ചപ്പോള്‍
അതു പ്രതിഷേധിച്ചു, എന്റെ
വാതില്‍പ്പടിയില്‍ കാല്‍ ചവിട്ടിയുറച്ചുനിന്ന്
അത് വലുതായി, ഇലകളും
കിളിക്കൂടുകളും കുലുക്കി,
ചില്ലകള്‍ വിടര്‍ത്തി:
അതൊരു വൃക്ഷമായിരുന്നു,
സ്വാഭാവികം,
സമൃദ്ധം,
ആപ്പിള്‍ പുഷ്പം, ആപ്പിള്‍ തോട്ടം, ആപ്പിള്‍ മരം,
വാക്കുകള്‍ അതിന്റെ
അസംഖ്യം ശാഖകളില്‍ തിളങ്ങി
സാന്ദ്രം, സംഗീതമയം,
ഭാഷയുടെ ഇലക്കൂട്ടം കൊണ്ട് സമൃദ്ധം
സത്യവും ശബ്ദവും കൊണ്ട് ഊര്‍ജ്ജസ്വലം.

ഞാന്‍
അതിന്റെ
താളുകള്‍
മറിക്കുന്നു:
കര്‍ക്കം
കര്‍ക്കരം
പൊട്ടിത്തെറിക്കുന്ന ഈ മാത്രകള്‍
ഉച്ചരിക്കുന്നതിന്റെ മഹാവിസ്മയം
പിന്നെയും,
കര്‍ക്കടി: കുരു നിറഞ്ഞ്, മഞ്ഞച്ച്, കണ്ണിനു കണിയായി,
കര്‍ക്കടകി, കര്‍ക്കടകിനി, കര്‍ക്കണ്ട്
കര്‍ക്കശി, കര്‍ക്കരി...*
വാക്കുകള്‍,
മുന്തിരിപോലെ വഴുക്കുന്നവ, ലോലമായവ,
വെളിച്ചത്തില്‍ പൊട്ടിത്തെറിക്കുന്നവ
ശബ്ദാവലിയുടെ പത്തായങ്ങളില്‍
കാത്തിരിക്കുന്ന വിത്തുകള്‍പോലെ
വീണ്ടും ജീവിച്ച്, ജീവിതം പകര്‍ന്ന്:
ഒരിക്കല്‍ക്കൂടി ഹൃദയം അവ വാറ്റിയെടുക്കുന്നു.
 
നിഘണ്ടു, നീ ഒരു ശവമഞ്ചമല്ല,
ശവമാടമല്ല, ശവദാഹസ്ഥലമല്ല,
ശ്മശാനശിലയല്ല,
സ്മാരകസൗധമല്ല,
നീ കാവല്‍ക്കാരനും സൂക്ഷിപ്പുകാരനുമാണ്,
ഒളിത്തീയാണ്, പവിഴക്കാവാണ്,
സത്തയുടെ സജീവമായ സനാതനത്വമാണ്,
ഭാഷയുടെ ഖജനാവാണ്.

എത്ര ആഹ്ലാദകരമാണ്, നിന്റെ
താളുകളില്‍
പുരാതനമായ വാക്കുകള്‍
വായിക്കുന്നത്,
കര്‍ക്കശവും വിസ്മൃതവുമായ
നീതിവാക്യം,
ഒരു കലപ്പനാവില്‍ കല്ലായി മാറിയ
സ്പെയിനിന്റെ മകള്‍,
തേഞ്ഞുപഴകിയ
ഒരുപകരണം പോലെ
കേവലം പരിമിതമായ
ഉപയോഗമുള്ളത്,
എങ്കിലും ഒരു സുവര്‍ണ്ണമുദ്രയുടെ
അനശ്വരതയിലും കണിശമായസൗന്ദര്യത്തിലും
സൂക്ഷിക്കുന്നവള്‍.
അഥവാ മറ്റൊരു വാക്ക്
വരികള്‍ക്കിടയില്‍
ഒളിച്ചിരിക്കുന്നത് നാം കണ്ടെത്തുന്നു,
അതിന്റെ സ്വാദ് ബദാമിന്റേതുപോലെ
നാവില്‍ മൃദുലമധുരം,
അഥവാ അത്തിപ്പഴത്തിന്റേതുപോലെ
പേലവസരളം.

നിഘണ്ടു,
നിന്റെ ആയിരം കൈകളില്‍നിന്ന്
ഒരു കൈ, ആയിരം മരതകങ്ങളില്‍നിന്നു
ഒരൊറ്റയെണ്ണം,
നിന്റെ കന്യാസ്രോതസ്സുകളില്‍നിന്ന്
ഒരേ
ഒരു
തുള്ളി, 
നിന്റെ ഉദാരമായ കലവറകളില്‍നിന്ന്
ഒരു ധാന്യമണി
അത് അത്യാവശ്യമായ നിമിഷത്തില്‍
എന്റെ ചുണ്ടില്‍ വീഴട്ടെ,
എന്റെ പേനത്തുമ്പില്‍,
എന്റെ മഷിക്കുപ്പിയില്‍.
നിന്റെ സാന്ദ്രവും ധ്വനിനിര്‍ഭരവുമായ
ഗഹനവിപിനത്തില്‍നിന്ന്,
അത്യാവശ്യത്തിന്റെ മുഹൂര്‍ത്തത്തില്‍
എനിക്കു തരൂ
ഒരൊറ്റ കിളിപ്പാട്ട്, ഒരൊറ്റ
തേനീച്ചയുടെ സമൃദ്ധി,
മുല്ലപ്പൂവിന്റെ അനശ്വരതയാല്‍
സുഗന്ധിയായ നിന്റെ പ്രാചീനകാനനത്തില്‍നിന്ന്
ഒരു മരപ്പാളി,
ഒരു
മാത്ര,
ഒരു കമ്പനം, ഒരു നിനദം,
ഒരു ബീജം:
ഞാന്‍ ഭൂമിയുടേതാണ്,
ഞാന്‍ പാടുന്നത് വാക്കുകള്‍കൊണ്ടാണ്.

*നിഘണ്ടുവില്‍ കണ്ടെത്തുന്ന വാക്കുകളായി നെരൂദ ഉപയോഗിച്ച വാക്കുകളല്ലാ ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്. ആ താളവും ഗതിയും വിസ്മയവും നിലനിര്‍ത്താന്‍ ഇംഗ്ലീഷില്‍ രമുീൃമഹ, രമുീലേ, രമുൗെഹല, രമുശെരൗാ, രമുശേീി, രമുൗേൃല, രീാുമൃശീെി, രമുൃശരീൃി എന്നീ വാക്കുകള്‍ ഞാന്‍ മാറ്റിയിട്ടുണ്ട്. സ്പാനിഷ് മൂലത്തിലും ഇവയ്ക്കുള്ള ഇമുീൃമഹ, ഇമുൗരവീി, ഇമുൗെഹമ, ഇമുൗേൃമ, ഇമുൗരലലേ, ഇമുൗരവശിമ, ഇമുമൃശീ, ഇമുമേീേൃശീ എന്നീ സ്പാനിഷ് സമാന്തര പദങ്ങള്‍ തന്നെയാണുള്ളത്; പക്ഷേ, മറ്റൊരു ഭാഷാകുടുംബത്തില്‍പ്പെട്ട മലയാളത്തില്‍ അവയുടെ അര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാല്‍ ആദ്യാക്ഷരങ്ങളും ശബ്ദങ്ങളും തീര്‍ത്തും വ്യത്യസ്തമാകും; ആ വാക്കുകള്‍ക്കു പ്രത്യേക പ്രാധാന്യം ഇല്ല താനും. അതിനാല്‍ ഞാന്‍  പൊതുവേ പരിചിതമല്ലാത്ത കര്‍ക്കം (വെള്ളക്കുതിര), കര്‍ക്കരം (ചുറ്റിക), കര്‍ക്കടി (വെള്ളരി), കര്‍ക്കടകി (പെണ്‍ഞണ്ട്), കര്‍ക്കടകിനി (മരമഞ്ഞള്‍), കര്‍ക്കണ്ട് (കല്‍ക്കണ്ടം), കര്‍ക്കശി (കാട്ടിലന്ത), കര്‍ക്കരി (കല്‍ക്കരി) എന്നീ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നു.

പരിഭാഷ: സച്ചിദാനന്ദന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com