ഗമാല്‍ അബ്ദല്‍ നാസറിന്: വിജയലക്ഷ്മി എഴുതിയ കവിത

ഗമാല്‍ അബ്ദല്‍ നാസറിന്: വിജയലക്ഷ്മി എഴുതിയ കവിത

ന്നു പൂര്‍വ്വാകാശദീപ്തി സൗവര്‍ണ്ണമായ്
തന്നിലേന്തും  പുലര്‍കാലവും ബാല്യവും,
പുഞ്ചിരിക്കുന്നതായ്ക്കണ്ടു പത്രത്തില-
ന്നെന്തിനും പോരുന്ന ഗംഭീരപുരുഷന്‍. 

പുഞ്ചിരിക്കുമ്പോള്‍ പ്രകാശം പതിക്കയാ-
ണിങ്ങിത്രദൂരത്തിരിക്കുന്നൊരച്ഛനില്‍.

ആരാണിതച്ഛാ? 'ഗമാല്‍ അബ്ദല്‍ നാസ'റെ -
ന്നാദരാല്‍ മന്ദ്രമായച്ഛന്റെ സുസ്വരം:-
''ലോകത്തിനാകെത്തെളിച്ചമായ്  നൈലിന്റെ
തീരത്തുദിച്ചോരറേബിയന്‍ ധീരത.''

സ്‌നേഹനീര്‍പ്പൂവെഴുത്തില്ലെങ്കിലെ,ന്തന്നു
സ്‌നേഹിച്ചുപോയീ ഗമാല്‍ അബ്ദല്‍ നാസറെ.

ഉണ്മതേടുന്നൊരക്കാലം, ഭയാകുലം
കണ്ണടച്ചാലും തുറക്കുന്നിടയ്ക്കിടെ.
അന്‍പതാണ്ടപ്പുറ,ത്തങ്ങു പൊയ്പോയതോ,
അന്യനാരാനയല്‍ക്കാരന്‍ ചതിച്ചതോ? 

അന്നു സൂയസ്സിലെത്തോറ്റ കപ്പല്‍പ്പട 
പിന്മടക്കത്തില്‍ കുറിച്ചോ കുടിപ്പക?
ചങ്ങാതിമാരൊത്തജയ്യനായ്പ്പോമെന്ന-
തങ്ങയില്‍ കുറ്റമായ്ക്കണ്ടോ?ചതിച്ചുവോ?

ജന്മഭൂമിക്കായ് മരിച്ച സ്വസൈനികര്‍
മണ്ണില്‍ ശേഷിപ്പിച്ചൊരപ്പാദരക്ഷകള്‍
സൗദിന്റെ പൊല്‍ക്കിരീടത്തിലും മേലെയെ-
ന്നങ്ങുച്ചരിക്കയാലെത്തിയോ ദുര്‍മ്മൃതി?

''പങ്കുവയ്ക്കുന്നതേ നന്നു, സര്‍വ്വം സദാ
കൈയടക്കും  രാജഗേഹം ദുരാശയാ;
അര്‍ഹരാകുന്നൂ ജനങ്ങള്‍, കയ്യാളണം
അര്‍ഹതപ്പെട്ട സമ്പത്തു നിസ്സംശയം.
ഇല്ലാത്തവര്‍ക്കായ് സമര്‍പ്പിക്കയേ ശിഷ്ട -
സമ്മതം,  തിന്മയാണദ്ധ്വാനചൂഷണം.
ഒന്നിച്ചുനില്‍ക്കേണ്ടതാകാമറേബിയ,
ഭിന്നിക്കില്‍...'' അങ്ങേയ്ക്കു തെറ്റിയി;ല്ലെങ്കിലോ,

മുന്‍പേ പറക്കുന്ന പക്ഷിയ്‌ക്കൊരമ്പുമായ്
മുമ്പരായ് നില്‍ക്കുന്നു വേട്ടയ്‌ക്കൊരുങ്ങുവോര്‍.

ഞെക്കിവീഴ്ത്തുന്നു, തുണ്ടങ്ങളായ് തീരുന്നു
പത്രപ്രവര്‍ത്തകന്‍ പെട്ടിയില്‍;ചൂണ്ടുന്ന
രുഷ്ടാംഗുലിക്കെങ്ങു സമ്മതി? രക്താഭി-
ഷിക്തമേ പൊല്‍ക്കിരീടങ്ങളെല്ലായ്പൊഴും.
കോട്ടകള്‍ക്കുള്ളില്‍  നടുപ്പാതിരാകളില്‍
ആര്‍ത്തുപൊങ്ങുന്നൂ കുഴിച്ചിട്ടു ചീഞ്ഞവ.
മുത്തുമിന്നും പാദരക്ഷതന്‍ സ്പര്‍ശങ്ങ-
ളെത്തുന്ന കംബളത്തിന്‍ കീഴ്ക്കിടങ്ങിലോ,
അസ്ഥികൂടങ്ങള്‍   ഞരങ്ങുന്നു  ചങ്ങല-
ക്കെട്ടിലേ വീണ്ടും, തണുപ്പിനാഴങ്ങളില്‍.

അന്‍പതാണ്ടപ്പുറത്തങ്ങുപോയ്, പിന്നെത്ര
വന്നുപോയ്, പാഴായ്, സമാധാനദൂതുകള്‍.
വെന്തൊടുങ്ങുന്നു തോല്‍ക്കുന്നു  പണ്ടങ്ങയെ-
പ്പിന്തുണച്ചോരുമക്കാലവും ശീലവും.

കണ്മിഴിക്കുന്നൊരീയോര്‍മ്മയും കുപ്പയില്‍-
ത്തള്ളാനെടുക്കും നവാദര്‍ശമെങ്കിലും,
മണ്മറയ്ക്കുള്ളില്‍ മടങ്ങുവോളം, കണ്ണി-
ലെന്നും പ്രഭാതമായ് നില്‍ക്കുന്ന വിസ്മയം
അങ്ങേയ്ക്കു, നൂറാം പിറന്നാളിനിപ്പുറം,
മങ്ങാത്ത സ്‌നേഹാതിരേകത്തിനക്ഷരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com