സൈനികന്റെ കത്ത്: സച്ചിദാനന്ദന്‍ എഴുതിയ കവിത

ദിവസങ്ങളോളം വിശക്കാതിരിക്കാന്‍ അമ്മയുടെ അടുക്കളയില്‍നിന്ന് ഒരു ചീരയില.
സൈനികന്റെ കത്ത്: സച്ചിദാനന്ദന്‍ എഴുതിയ കവിത

(ഡല്‍ഹി 'ഖോജ്' ഗാലറിയില്‍ ബാനി അബീദിയുടെ 'നഷ്ടപ്പെട്ട വാക്കുകളുടെ സ്മാരകം' എന്ന ഇന്‍സ്റ്റലേഷനില്‍ ഒന്നാം ലോക മഹായുദ്ധത്തില്‍ പഞ്ചാബിലെ സൈനികര്‍ വീടുകളിലേയ്ക്കയച്ച കത്തുകള്‍  കാണുമ്പോള്‍)

പ്രിയപ്പെട്ട അമ്മയ്ക്ക്,

എനിക്ക് താഴെപ്പറയുന്നവ മടക്കത്തപാലില്‍ തന്നെ അയച്ചുതരുമല്ലോ:

1. പീരങ്കിയില്‍ മരുഭൂമി താണ്ടുമ്പോള്‍ ചെവി മധുരിപ്പിക്കാന്‍ നമ്മുടെ മുറ്റത്തു വന്നിരിക്കാറുള്ള കുരുവിയുടെ പാട്ട്.

2. കുറ്റിക്കാട്ടില്‍ മറഞ്ഞിരിക്കുമ്പോള്‍ മുകളില്‍ ഒരു തത്തയും മഴവില്ലും.

3. തണുപ്പില്‍ കോച്ചിവിറയ്ക്കുമ്പോള്‍ ചൂടുപകരാന്‍ ഗുരുവാണികള്‍.

4. സൈന്യാധിപന്റെ അശ്ലീലശകാരങ്ങള്‍ പെറുക്കിക്കൂട്ടി തിയ്യിടാന്‍ ഒരു തീക്കൊള്ളി.

5. ദിവസങ്ങളോളം വിശക്കാതിരിക്കാന്‍ അമ്മയുടെ അടുക്കളയില്‍നിന്ന് ഒരു ചീരയില.

6. ദാഹിക്കുമ്പോള്‍ പിഴിഞ്ഞു കുടിക്കാന്‍ പാനിപ്പത്തിനു മുകളിലൂടെ ഒഴുകുന്ന ഒരു കാര്‍മേഘം.

7. തെക്കും വടക്കും തിരിച്ചറിയാന്‍ നമ്മുടെ വളര്‍ത്തുനായ്   ജഗ്താറിന്റെ ഒരു കുര.

8. സമീറയെ ഓര്‍ക്കുമ്പോള്‍ ഓടിപ്പോരാന്‍ തോന്നുന്നതുകൊണ്ട്  കാലുകള്‍ രണ്ടും കൂടി കെട്ടിയിടാന്‍ ഒരു ചങ്ങല.

9. മറുവശത്തെ നിസ്സഹായ സഹോദരന്റെ വെടികൊണ്ട് വീഴുമ്പോള്‍ നെറ്റിയില്‍ ഇനിയും പിറക്കാത്ത മകളുടെ ഒരുമ്മ.

10. പ്രാണന്‍ പോകുമ്പോള്‍ എന്നെയും അനുജനെയും ഒന്നിച്ചു പുതപ്പിക്കാന്‍  കൊച്ചനിയത്തി ജുഗ്നുവിന്റെ കണ്ണീര്‍കൊണ്ട് നെയ്ത ഒരു പുതപ്പ്.

പിന്‍കുറിപ്പ്: എന്റെ ശവപ്പെട്ടി വീട്ടില്‍ എത്തുമ്പോള്‍ ഒരു കൊടിയും പുതപ്പിക്കരുതെന്നും എന്നെ മറവു ചെയ്യുമ്പോള്‍ വെടിപൊട്ടിക്കരുതെന്നും കൂട്ടുകാരോട് പറയാന്‍ മറക്കരുത്. നമ്മുടെ വീട്ടിലെ കുട്ടികളെയൊന്നും യൂണിഫോം ധരിപ്പിക്കരുത്.

സ്വന്തം സുര്‍ജിത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com