നിലാവ്  നടന്ന വഴികള്‍: ഡി സന്തോഷ് എഴുതിയ കവിത

തെരുതെരെയില തുരുതുരെതുരുതുരെയില തെരുതെരെഇലയടര്‍ന്നിലയ്ക്കു മേലേ ഇലയിലത്താളം ഒരു കരിയിലത്താളം! 
ഡി വിനയചന്ദ്രന്‍
ഡി വിനയചന്ദ്രന്‍

ല്ലടയാറേ, കല്ലടയാറേ
കല്ലടയാറേ നിന്റെ കാമുകനെവിടെ 
തിരുനെല്ലിക്കാടേ, തിരുനെല്ലിക്കാടേ
തിരുനെല്ലിക്കാടേ നിന്റെ തിരുമകനെവിടെ? 

മഴ നനഞ്ഞ്, പുഴ കടന്ന് 
കവിത ചൊല്ലി, കാടുകേറി
നാട്ടുവെട്ടച്ചൂട്ടുകെട്ടി
എവിടെവിടെപ്പോയ് അവന്‍
എവിടെവിടെപ്പോയ്? 

വീടുവിട്ട്, നാടുവിട്ട് 
നാട്ടുപച്ച നെഞ്ചില്‍ നട്ട്
കൂടുവിട്ട്, കൂട്ടുകൂടി
എവിടെവിടെപ്പോയ് അവന്‍ 
എവിടെവിടെപ്പോയ്? 

തെരുതെരെയില തുരുതുരെ
തുരുതുരെയില തെരുതെരെ
ഇലയടര്‍ന്നിലയ്ക്കു മേലേ 
ഇലയിലത്താളം ഒരു കരിയിലത്താളം! 

കുന്നുകേറി കുന്നിറങ്ങി
കുന്നിമണിയെണ്ണി
കുന്നുകൂടുമോര്‍മ്മ തേടി
എവിടെവിടെപ്പോയ് അവന്‍
എവിടെവിടെപ്പോയ് ?

വഴി, വഴി, വഴി, പല വഴി
പാമ്പിഴഞ്ഞ മണ്‍വഴി
വഴി മറന്ന പൂനിലാവ്
വഴി തിരഞ്ഞു പോം വഴി 
മഞ്ഞുറഞ്ഞ മലമുടി
പുഴ മരിച്ച മണല്‍ വഴി
കൊടിപിടിച്ച യൗവ്വനങ്ങള്‍ 
പട നയിച്ചു പോം വഴി

വഴികളായ വഴികളും 
പുഴകളായ പുഴകളും
മലകളായ മലകളോട് 
മഴകളായ മഴകളോട്
ചൊല്ലിടുന്നതൊന്നുതന്നെ: 
എവിടെവിടെപ്പോയ് അവന്‍ 
എവിടെവിടെപ്പോയ് ? 

കൂന്തച്ചേച്ചി, കുടകപ്പാല
കാട്ടുകല്ല് മുത്തി തേയി
ഉപരിക്കുന്ന്, കാട്ടുതാള് 
കരിന്തകര, കാട്ടെരിക്ക് 
തോട്ടുവക്ക്, ഞാറ്റുകണ്ടം
മക്കരപ്പച്ച, മഴക്കുടന്ന
മുടികുടയും കരിമരുത്
കൈത പൂത്ത നടവരമ്പ്
കറുക  പൂത്ത  മണ്ണടര്
കാട്, വീട്, വീണ്ടും കാട് 
കാടിനെന്തു പേരിടും? 
കാലമെന്നു പേരിടും.

അങ്ങനെയിങ്ങനെ 
ഇങ്ങനെയങ്ങനെ
ആ വഴി ഈ വഴി 
ഒന്നിച്ചും ഒറ്റയ്ക്കും 
പാതിരയ്ക്കൊപ്പവും
ആതിരയ്ക്കൊപ്പവും
നടനടന്നവന്‍ ചുവടുവച്ചവന്‍ 
എവിടെവിടെപ്പോയ്, അവന്‍ 
എവിടെവിടെപ്പോയ് ? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com