ചിതല്‍: മാങ്ങാട് രത്നാകരന്‍ എഴുതിയ കവിത

കെ.ജി.എസ്, ബെംഗളൂരുവിലിരിക്കെക്കണ്ടഒരു സ്വപ്നത്തിന്റെ കഥ പറഞ്ഞു. തൃശൂരെ വീട്ടിലെ ഒരലമാര പുസ്തകങ്ങള്‍ചിതല്‍ തിന്നിരിക്കുന്നു
ചിതല്‍: മാങ്ങാട് രത്നാകരന്‍ എഴുതിയ കവിത

കെ.ജി.എസ്, ബെംഗളൂരുവിലിരിക്കെക്കണ്ട
ഒരു സ്വപ്നത്തിന്റെ കഥ പറഞ്ഞു. 
തൃശൂരെ വീട്ടിലെ ഒരലമാര പുസ്തകങ്ങള്‍
ചിതല്‍ തിന്നിരിക്കുന്നു

രാവിലെ, വീടുനോക്കുന്ന ബന്ധുവിനോട്
ഭയപ്പാടോടെ സ്വപ്നത്തെക്കുറിച്ചു പറഞ്ഞു.
അയാള്‍ ചെന്നുനോക്കുമ്പോള്‍
ഒരലമാര പുസ്തകങ്ങള്‍ ചിതലരിച്ചിരിക്കുന്നു

വാക്കുകളില്‍ ചിത്രങ്ങളില്‍
ചിതല്‍ ചിതല്‍
ചങ്ങമ്പുഴ, റില്‍ക്കെ, രാജലക്ഷ്മി
ചിതല്‍ ചിതല്‍
ദാലി, പിക്കാസോ
ചിതല്‍ ചിതല്‍
മിരോ1 ബിന്ദുക്കളും രേഖകളും വരച്ചുവെച്ചു

എന്തിനുപറയുന്നു പ്രിയ കെ.ജി.എസ്.,
എന്റെ ഗ്രാംഷിയെപ്പോലും ചിതല്‍തിന്നു
കവിയെ ആശ്വസിപ്പിച്ചു

സ്വര്‍ഗ്ഗത്തെ വിശാലമായ
ഗ്രന്ഥശാലയായാണ്
ബോര്‍ഹെസ് കണ്ടത്
മാര്‍ക്സോ, മനുഷ്യജീവിതത്തെ
പച്ചയോടെ വിഴുങ്ങുന്ന ചിതല്‍പ്പുറ്റായും

മാര്‍ക്‌സ് സ്വര്‍ഗ്ഗത്തിനു തീകൊളുത്തി
ബോര്‍ഹെസു് കെടുത്തി

കിനാവിലല്ല, കണ്മുന്നില്‍ നാം കണ്ടത്:

ഒന്നോ രണ്ടോ ചിതല്‍പ്പുറ്റുകള്‍
പെരുകിപ്പെരുകി രാജ്യത്തെയാകെ വിഴുങ്ങി
ജനങ്ങള്‍ കുംഭകര്‍ണ്ണനെക്കെട്ടിയിരുന്നപ്പോള്‍ 2
ചിതലുകള്‍ ചിതലുകള്‍ ചിതലുകള്‍
ജാഗ്രതയോടെ അതിന്റെ പണി ചെയ്തു.

ജനങ്ങള്‍ ഉണര്‍ന്നാല്‍
ചിതലുകള്‍ പരക്കംപായും.

എന്താണുറപ്പ് എന്നല്ലേ?

ഞാനാണു പറയുന്നത്,
ചിതല്‍പ്പുറ്റില്‍നിന്നുവന്ന ആദികവിയുടെ 
ആദ്യപേരുകാരന്‍.
__________________________________________
കുറിപ്പ്
(1) ജുവാന്‍ മിരോ (1893-1983): സ്പാനിഷ് ചിത്രകാരന്‍, ശില്പി.
(2) ഗാഢനിദ്രയിലായവരെക്കുറിച്ചു്  നാട്ടിലെ ചൊല്ല്. 'തെയ്യം കെട്ടുക' എന്നതുപോലെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com