കടല്‍വഴി: ശാന്തി എഴുതിയ കവിത

ശിലായുഗത്തോളംപഴക്കമുള്ളത്...ഒരിക്കല്‍ മണ്ണാണ്ടുമറഞ്ഞുപോയത്...
കടല്‍വഴി: ശാന്തി എഴുതിയ കവിത

പ്രണയമേ നിന്റെ
കടലുപോലുള്ള
മറവിയിലൊരു
മൃതശരീരമായ്
ഒഴുകിനീങ്ങുന്നു
നിരാകരണത്താല്‍
നിലതെറ്റിപ്പോയ
ചിരപുരാതന
വിധുരചേതന...

ശിലായുഗത്തോളം
പഴക്കമുള്ളത്...
ഒരിക്കല്‍ മണ്ണാണ്ടു
മറഞ്ഞുപോയത്...
ഒരു മുലക്കണ്ണില്‍ 
വിഷനാഗം കൊത്തി
കരുവാളിച്ചത്...
ഒരു വിരല്‍ പണ്ട് 
രഥചക്രത്തിന്റെ
തുളയിലാണിയായ്
തിരിഞ്ഞരഞ്ഞത്...
ഒരു ചെവി 
ഭ്രാന്തു പടര്‍ന്ന ക്യാന്‍വാസില്‍
അറുത്തു വച്ചത്...
ഒരു കാലില്‍ മാത്രം
ചിലമ്പണിഞ്ഞത്...
ഇരുമിഴികളും 
*മകരമീന്‍ ഭക്ഷിച്ചിരുളിലാണ്ടത്...

തെളിനിലാവല
പരന്ന രാത്രിയില്‍
വിരഹത്താല്‍ മനം 
എരിഞ്ഞുനീറിയും
മുടിയഴിഞ്ഞുലഞ്ഞഴല്‍പൊറാതെയും
ഒരു പ്രേമാര്‍ത്ഥിനി,
കവയിത്രി;
സാഫോ
മുനമ്പിലേറിയിക്കടലിലേക്കല്ലോ
ഉടലും പ്രാണനും കവിതയുംകൂടി
വലിച്ചെറിഞ്ഞതും...
**നിഷിദ്ധപാപത്തിന്‍ പ്രതീകമായതും...

പിരിയണം തമ്മില്‍ 
ഒരിക്കലെങ്കിലന്നെനിക്കുമുന്നിലും
തിരഞ്ഞെടുക്കുവാന്‍
അവശേഷിക്കുന്നതിതേ
കടല്‍വഴി...

***രതിപ്രഭാവയാം
യവനദേവിതന്‍
കലിയും കാമവും
അരഞ്ഞാണം പോലെ
വരിഞ്ഞു ചുറ്റുന്ന
പെരും ചുഴിയുടെ
ഭ്രമണ നാഭിയില്‍ 
കുരുങ്ങിക്കൂരിരുള്‍
കയത്തിലാഴണം...
ജ്വലിതനീലതന്‍
സലിലധാരകള്‍
കുടിച്ചു ദാഹാര്‍ത്തി
ശമിച്ചൊടുങ്ങണം... 
ജലകണങ്ങളാം
നിമിഷകോടിയില്‍
തിരസ്‌കാരത്തിന്റെ
നിതാന്ത യാതന
സഹിച്ചു
ഞാനൊറ്റയ്ക്കൊഴുകി 
നീങ്ങണം...
-----

*മകരമീന്‍ കാമദേവന്റെ കൊടിയടയാളം
**മദ്ധ്യകാല പൗരോഹിത്യ നിയമവാഴ്ച ലൈംഗിക അരാജകത്വം ആരോപിച്ച് സാഫോയുടെ കവിതകള്‍ തീയെരിച്ചു.
***ആഫ്രോഡിറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com