തമിളരസി: ചിത്ര കെപി എഴുതിയ കവിത

ഒരു പൊന്തക്കാടുണ്ട്ദിവസവുംഒരു മൊന്ത വെള്ളവും കൊണ്ട്അവള്‍ പോകുന്നിടം.
തമിളരസി: ചിത്ര കെപി എഴുതിയ കവിത

രു പൊന്തക്കാടുണ്ട്
ദിവസവും
ഒരു മൊന്ത വെള്ളവും കൊണ്ട്
അവള്‍ പോകുന്നിടം.
അതിരാവിലെ
അല്ലെങ്കില്‍ സന്ധ്യക്ക്
എപ്പോഴും
ഇരുളിന്റെ മറവില്‍.

കണ്ണില്‍ കാതില്‍ ചുണ്ടില്‍
ചെറുപാമ്പുകളുടെ സീല്‍ക്കാരം.
അരണക്കണ്ണിണതന്നായം, ദൂരെ
വണ്ടികളുടെ പാച്ചില്‍
കുഞ്ഞുമക്കളുടെ പേച്ച്
കറുപ്പികളുടെ*കുര
തണ്ണിക്കുടങ്ങളുടെ തുളുമ്പല്‍
വെട്ടാറിന്റെ** മൗനം.

ഇരുള്‍ത്തരികളുതിരുമ്പോള്‍
അവളുടെ ദേഹത്ത് മുളയ്ക്കും
ആയിരം കണ്ണുകള്‍.
അവ മറയ്ക്കും ഉടല്‍ച്ചന്തം.

ഏഴു ദിവസങ്ങളില്‍ മാത്രം
അവള്‍ക്ക് ഏറ്റിവന്ന
തണ്ണീര്‍ തികയില്ല.
പൊടിമണ്ണ് ചുവക്കും.
കണ്ണ് തുളുമ്പും,
ചുറ്റുമുള്ള ചേമ്പും.

പച്ചിലച്ചാര്‍ത്തിനുള്ളിലവള്‍
ഈ പ്രപഞ്ചത്തിന്നരസി.
പരുത്ത കൈവിരലുകളിലൂടെയുതിരും
ഉദയസൂര്യന്‍.
പാറും മുടിയില്‍ കൊഴിയും നിലാക്കതിര്‍.
മാറിടങ്ങളില്‍ കവിയും മഴച്ചൂട്.
വിണ്ടുകീറിയ കാല്‍പ്പാദങ്ങളില്‍
വെയിലിന്‍ തണുപ്പ്.

അവളുടെ ഉടല്‍ ഒരു അരളിച്ചെടി.
അതില്‍ മേഘങ്ങളില്‍  ചെന്ന്
രാ പാര്‍ക്കുന്ന സ്വപ്നശാഖികള്‍.

ഒരു പൊന്തക്കാടുണ്ട്,
ഈ ഭൂമിയില്‍
അവളുടേതായി
ഒരേ ഒരിടം.

* കറുപ്പി - പരിയേറും പെരുമാള്‍ എന്ന തമിഴ് സിനിമയിലെ കറുപ്പിയെന്ന പട്ടിയെ ഓര്‍ക്കുന്നു.
** വെട്ടാര്‍ - കാവേരി നദിയുടെ കൈവഴി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com