വീടൊഴിയുമ്പോള്‍: ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍ എഴുതിയ കവിത 

വീടൊഴിയുമ്പോള്‍കൊണ്ടുപോകാനാവാത്ത പലതുമുണ്ട്.
വീടൊഴിയുമ്പോള്‍: ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍ എഴുതിയ കവിത 

വീടൊഴിയുമ്പോള്‍
കൊണ്ടുപോകാനാവാത്ത പലതുമുണ്ട്.

ഒറ്റമുറിവീടിന്റേയും
നിന്റേയും
വീര്‍പ്പുമുട്ടലുകള്‍.

ചിരണ്ടിച്ചിരണ്ടി
കണ്ണന്‍ചിരട്ടയോളമെന്ന്
കാട്ടിത്തന്ന മനസ്സ്.
അതിലെ
പ്രണയത്തിന്റെ വിഷക്കൂണുകള്‍
കൊഴിഞ്ഞുപോയ വടുക്കള്‍.

ജനിച്ചിട്ടധികമാകാത്ത ഒരു ചുണ്ടെലിക്കുഞ്ഞ്
ആലംബമറ്റു മുറിയില്‍ വീണതു നിനക്കോര്‍മ്മയുണ്ടോ?
രഹസ്യപാതകളൊന്നും ശീലിച്ചിട്ടില്ലാത്ത
ആ ചോരക്കുഞ്ഞിനെയെടുത്ത്
മച്ചിലെ അമ്മവഴിയില്‍ വച്ച
നിന്റെ നിഷ്‌കളങ്കത.

പരിയമ്പുറത്തെ ചെമ്പരത്തിയില്‍
പാതിരാത്രിയില്‍ കണ്ട
മിന്നാമിനുങ്ങുകളുടെ
പ്രേതസഞ്ചാരം.

ജന്മജന്മാന്തരബന്ധമെന്നു വിളംബരം ചെയ്ത്
എനിക്കു മുകളിലാകാശമായ കണ്ണുകള്‍.

നീ പരകായപ്രവേശം ചെയ്ത 
നിലവിളക്കിലെ
കരിന്തിരിമണം.

നഗരരാത്രിയെ
മോട്ടോര്‍സൈക്കിളിന്റെ
കൂര്‍ത്ത വെളിച്ചം കൊണ്ട്
കുത്തിക്കൊല്ലാനിറങ്ങിയ എന്നെ
കോക്ടെയില്‍
കാലില്‍പ്പിടിച്ച് നിലത്തടിച്ചപ്പോള്‍
നിന്റെ കണ്ണുകളിലണഞ്ഞുപോയ നക്ഷത്രം.

നിറസന്ധ്യയ്ക്കു നിറയെ പൂവിട്ട്
നിന്നെ പ്രലോഭിപ്പിച്ച്
ഞാനറിയാതെ
മുറ്റത്തുനിന്ന ഗന്ധര്‍വ്വമുല്ല.

ജാലകപ്പഴുതിലൂടെ വന്ന പാമ്പിനെ കണ്ട്
നീയെന്നെ
പൂണ്ടടക്കം പിടിച്ച മുറുക്കം.

എന്റെ തണുത്ത മെത്തയില്‍ കിടന്ന്
ഭാവിയിലേയ്ക്കു നീയയച്ച ടെലിപ്പതികള്‍.

അവശേഷിച്ച നിന്റെ ഉടുപ്പുകളില്‍
കെട്ടിക്കിടക്കുന്ന
നെടുവീര്‍പ്പുകള്‍.

മധുരിമ ഉരിഞ്ഞ്  നീ
നഞ്ചു പുരട്ടിയ ശബ്ദം.

തീപിടിച്ച വാക്കുകള്‍ പൊട്ടിത്തെറിച്ചു
പൊള്ളിയടര്‍ന്ന ഭിത്തികള്‍.

നിന്നെ ഒഴിയാന്‍ കഴിയാത്തവന്‍
നീയില്ലാത്ത വീട് ഒഴിയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com