വെയില്‍ത്തിരകളില്‍ മൂന്നു പേര്‍: ബിഎസ് രാജീവ് എഴുതിയ കവിത

വെയിലിനെ കവിതയാക്കാന്‍കഴിയാത്തൊരാള്‍.
വെയില്‍ത്തിരകളില്‍ മൂന്നു പേര്‍: ബിഎസ് രാജീവ് എഴുതിയ കവിത

പ്പോള്‍
അകലെ ഒരു കുന്നില്‍
ഒരാള്‍
നില്‍ക്കുന്നുണ്ടായിരിക്കും.

വെയിലിനെ 
കവിതയാക്കാന്‍
കഴിയാത്തൊരാള്‍.

കല്ലുകളില്‍ ചവിട്ടി 
അവിടെത്താന്‍
ഒരു കുമ്പിള്‍
വെള്ളം കൊടുക്കാന്‍
വെമ്പുന്നൊരാള്‍
താഴെ
നില്‍ക്കുന്നുണ്ടാകും.

നിര്‍വ്വചനമില്ലാത്ത
തീപ്പരപ്പിനെ
മറികടന്ന്
ഉയരത്തിലെത്താന്‍
താഴെ
നില്‍ക്കുന്നയാള്‍ക്ക്
കഴിയാതെ
പോകുന്നത് 
അതിനും താഴെ
നില്‍ക്കുന്നയാള്‍
കാണുന്നുണ്ടായിരിക്കും.

മരങ്ങള്‍
കുടയാകുമെന്ന
പഴങ്കഥ
മുകളില്‍ നില്‍ക്കുന്നയാള്‍
ഓര്‍മ്മിച്ചിട്ടുണ്ടാകും.

തെളിമേഘങ്ങള്‍
എല്ലാം മറന്നു നില്‍ക്കുന്നത്
സുതാര്യമായി
കണ്ടിട്ടുണ്ടാകും.

ഒരു പേരയ്ക്കായായെങ്കിലും
കനിവെത്തുമെന്ന്
ഉയരങ്ങളിലെ
മനുഷ്യന്‍
ചിന്തിച്ചാല്‍
അത് തെറ്റല്ലതെറ്റല്ലയെന്ന്
താഴെ നില്‍ക്കുമിരുവര്‍ക്കും
തോന്നിത്തുടങ്ങി...

ഒരു കൊക്കില്‍നിന്നൂര്‍ന്ന്
ഒരു നെല്ലിക്കയെങ്കിലും
വീഴ്ന്നെങ്കിലെന്ന്
ഉന്നതനായ മനുഷ്യന്‍
കരുതിയാലതും
പിഴവാകില്ലയെന്നതിദ്രുതം
ഉറപ്പിച്ചു
താഴ്ന്ന പടിയില്‍
രണ്ടുപേര്‍.

ഒരു കിളിച്ചുണ്ടില്‍നിന്ന്
ഒരു തുള്ളി
വീണു ചിതറിയെങ്കില്‍...
മൂന്നുപേരുമൊരുമി-
ച്ചാശിച്ചു
മൂന്നുപേരും
മുകളിലേക്ക്
മുഖമുയര്‍ത്തി...

കരിഞ്ഞു മണക്കുന്ന
ഉച്ചയോടൊപ്പം
താഴേക്കു വരുന്നു
നനവ്
സ്വപ്നം കണ്ട്
അതിവേഗം
അളന്നു പറന്ന
മുറിഞ്ഞ
ലക്ഷ്യച്ചിറകുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com