ആദ്യഫലം: സെബാസ്റ്റ്യന്‍ എഴുതിയ കവിത

ഒറ്റയ്ക്കിരുന്നു ഞാനെന്നെ പരതുമ്പോള്‍പോയ വയസ്സുകള്‍ ഒന്നൊന്നായി പരിഹസിച്ചു ചിരിച്ചു:''പകിട്ടെല്ലാം പോയല്ലോ വയസ്സായല്ലോ?''
ആദ്യഫലം: സെബാസ്റ്റ്യന്‍ എഴുതിയ കവിത

റ്റയ്ക്കിരുന്നു ഞാനെന്നെ പരതുമ്പോള്‍
പോയ വയസ്സുകള്‍ ഒന്നൊന്നായി 
പരിഹസിച്ചു ചിരിച്ചു:
''പകിട്ടെല്ലാം പോയല്ലോ വയസ്സായല്ലോ?''

കുത്തുവാക്കുകള്‍ കോര്‍ത്ത ചൂണ്ടയെറിഞ്ഞ്
കുടുക്കാന്‍ ശ്രമിച്ചു അവയെന്നെ. 

ദേഷ്യത്താല്‍ ഒറ്റആട്ട്!
ഓടിയൊളിച്ചു അവ. 

കൊഴിഞ്ഞുപോയയെന്റെ പാവം വര്‍ഷങ്ങളെ
ഓരോന്നായ് എടുത്തു;
പോയ വയസ്സുകളില്‍ കൂട്ടിമുട്ടാതെ
    
അപ്പോഴെന്റെ സമ്പാദ്യങ്ങളില്‍ ചിലവ
എന്നെ നോക്കി പുഞ്ചിരിച്ചു.
അവയില്‍ പുറംചട്ട കീറി വൃദ്ധനായൊരു
പുസ്തകം പറഞ്ഞു:

''ഞാന്‍ പാടാത്ത പൈങ്കിളി
എന്നെയാണ് നീ ആദ്യം സ്വന്തമാക്കിയത്''

ഉടനെ മറ്റൊരു വയസ്സന്‍ പറഞ്ഞു:
''ഞാന്‍ ഡയല്‍ 00003 
ഉദ്വേഗത്തില്‍ ആദ്യം നിന്നെ നിറുത്തിയത് ഞാനാണ്''

തല്‍ക്ഷണം; 
കരുണ, കയ്പവല്ലരി, വെളുത്ത ചെകുത്താന്‍
മോണ്ടിക്രിസ്റ്റോ, ഡ്രാക്കുള, ബാല്യകാലസഖി...

അവകാശങ്ങളുന്നയിച്ച് 
ഓരോരുത്തരായിയെഴുന്നേറ്റു.

പെട്ടെന്നൊരു പഴയ നോട്ട്ബുക്ക് 
നിവര്‍ന്നു പറഞ്ഞു:
എന്നിലാണ് നീ ആദ്യം കവിത കുറിച്ചത് 
നിന്റെ കുഞ്ഞിവരകളും വെട്ടുംതിരുത്തും അക്ഷരത്തെറ്റുകളും
എന്നില്‍ നിറയെ...

അനന്തരം 
ചില പുസ്തകങ്ങള്‍ സ്‌നേഹത്തോടെ ഉരുവിട്ടു
''പഴകിയിട്ടും താളുകള്‍ കീറിയിട്ടും
നീ ഉപേക്ഷിച്ചില്ലല്ലോ ഞങ്ങളെ''

അപ്പോള്‍ പോയ വയസ്സുകളില്‍ ഒരെണ്ണം വന്നു പറഞ്ഞുവച്ചു:
''നാലില്‍ പഠിക്കുന്നു നീ
പള്ളിക്കൂടത്തിനുമ്മറത്തെ 
പൂത്തവാകമരത്തണലില്‍  ഒറ്റയ്ക്കിരിക്കുന്നു
മടിയിലുള്ള നിന്റെ സ്ലേയിറ്റില്‍ 
കുഞ്ഞക്ഷരങ്ങളാല്‍ 
ആദ്യകവിത.''

''ആ സ്ലേയിറ്റ്  എവിടെ? 
അതുമാത്രം നീ കാത്തുസൂക്ഷിച്ചില്ലല്ലോ''
''അതിന്റെ മുറിക്കഷ്ണങ്ങള്‍ 
മണ്ണിനടിയില്‍ പൂണ്ടുകിടന്ന് 
നിന്റെ ആദ്യഫലം 
മായാതെ സൂക്ഷിക്കുകയാവാം''

ഉടനെ 
ചുവന്ന വാകപ്പൂവുകള്‍ 
എന്റെ പോയ വയസ്സുകളിലും 
വര്‍ഷങ്ങളിലും 
പെയ്യാന്‍ തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com