പ്രതി ഒളിവില്‍: മലയത്ത് അപ്പുണ്ണി എഴുതിയ കവിത

കാമം, ക്രോധം, മോഹം-ഇവകള്‍ഉടലാര്‍ന്നൊരു നീചന്‍അകത്തു കയറിക്കൂടീ-ട്ടൊത്തിരി കാലമായി.
പ്രതി ഒളിവില്‍: മലയത്ത് അപ്പുണ്ണി എഴുതിയ കവിത

വിടെയാണ് ഞാനെന്നാരോടും
പറയുകയില്ല സത്യം
കുറേക്കാലമായ് ഒളിവിലാണു ഞാ,-
നറസ്റ്റുവാറണ്ടുണ്ടതിനാല്‍.

കാമം, ക്രോധം, മോഹം-ഇവകള്‍
ഉടലാര്‍ന്നൊരു നീചന്‍
അകത്തു കയറിക്കൂടീ-
ട്ടൊത്തിരി കാലമായി.

തക്കം നോക്കീട്ടെന്റെ പിറകെ
നടന്നു, വരുതിയിലാക്കാന്‍.
അവനില്‍നിന്നും രക്ഷയ്ക്കായി
പൊറുതിമുട്ടി ഞാന്‍.

ഒടുവിലവന്റെ മുന്‍പില്‍
അടിയറവു പറഞ്ഞു
എല്ലാം നേടാനുള്ളൊരു വ്യഗ്രത
എന്നില്‍ വന്നു പെട്ടു.

ഇല്ലായ്മയില്‍നിന്നും ചില-
തെല്ലാം വാരിക്കൂട്ടി
എന്നിട്ടെന്തേ, നീചന്‍ പിന്നെയു-
മെന്നിലാര്‍ത്തി വളര്‍ത്തി.

സ്വന്തം സുഖത്തിനന്യന്റെ
സന്തോഷത്തെ ഹനിച്ചു
കാലിന്നടിയില്‍ക്കൂടി
കാലം കുത്തിയൊലിച്ചു.

സ്വസ്ഥതയില്ലാതായി, തീരാ-
ദുഃഖം വന്നു ഭവിച്ചു
അവനെ വകവരുത്തണമെന്ന
വിചാരമുള്ളിലുദിച്ചു
സഹികെട്ടവനെ നിഹനിച്ചു
കൊലക്കുറ്റമെന്നില്‍ പതിച്ചു.

കുറ്റപത്രമൊരുക്കി നിയമ-
പാലകര്‍ തിരയുന്നുണ്ടത്രെ
ഒളിവിലാണു ഞാനിപ്പോള്‍, എനി-
ക്കറസ്റ്റു വാറണ്ടുണ്ടതിനാല്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com