ചിത്രശാലയില്‍ ചിത്രകാരനരികില്‍: താഹാ ജമാല്‍ എഴുതിയ കവിത

ചിത്രങ്ങള്‍ ആശയങ്ങളുമായി കൂട്ടിമുട്ടുമ്പോള്‍ചിത്രകാരന്‍ ആശയങ്ങളെനമ്മുടെ കണ്ണാഴങ്ങളിലേക്കെറിയുന്നു.
ചിത്രശാലയില്‍ ചിത്രകാരനരികില്‍: താഹാ ജമാല്‍ എഴുതിയ കവിത

ചിത്രങ്ങള്‍
വെറും ഭാവനകളല്ല.
ആശയങ്ങളെ വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞ
പ്രഭാതവുമല്ല.
ചിത്രങ്ങള്‍ക്കുള്ളില്‍ മൂടിപ്പുതച്ച
സംഗീതമുണ്ട്.
അവ അടിയറവുവെക്കാതെ 
ക്യാന്‍വാസില്‍  പകര്‍ത്തപ്പെട്ടിരിക്കുന്നു.
ഒറ്റപ്പെട്ടവന്റെ ഗുഹാവാസംപോലെ
ഇരുട്ട് മാത്രംകൂട്ട്.
ചിത്രങ്ങള്‍ ആശയങ്ങളുമായി കൂട്ടിമുട്ടുമ്പോള്‍
ചിത്രകാരന്‍ ആശയങ്ങളെ
നമ്മുടെ കണ്ണാഴങ്ങളിലേക്കെറിയുന്നു.
അത് ഉള്ളില്‍ നീറ്റിനിട്ട കക്കപോലെ
കുതിര്‍ന്നിരിക്കുന്നു.

ചിത്രകാരന്‍
അവന്റെ മുദ്രകള്‍കൊണ്ട്
ഹൃദയത്തില്‍ ചിലങ്ക കെട്ടുമ്പോള്‍
ചിതറിയ മുദ്രകളില്‍ ഇടറിവീഴുന്ന
താളം ഓരോ ചിത്രവും.

ചിത്രകാരന്‍
വരകളില്‍ വാക്കൊളിപ്പിച്ച കവി
അവന്‍ അസഹിഷ്ണുതകള്‍ക്ക്  നടുവില്‍
ചായംപൂശാന്‍ പാടുപെട്ട്
ചോരകൊണ്ട് ചുവപ്പു വരയ്ക്കുന്നു.
ചുവപ്പ്
എനിക്കിഷ്ടമുള്ള നിറം
ചിത്രകാരനും അതേ ചുവപ്പുകൊണ്ട്
കാലത്തെ വരച്ചുവെക്കാന്‍
ഞരമ്പുകളില്‍ സുഷിരമുണ്ടാക്കുന്നു.

ചിത്രങ്ങള്‍
ഒരു ചിഹ്നമായും സൂചനയായും
അവന്‍ ഹൃദയത്തില്‍ ഒളിപ്പിച്ച് വയ്ക്കുമ്പോള്‍
ഭാവനയാണ് ഭാഷ
ദിക്കുകളാണ് അടയാളം
ചിതറപ്പെട്ടവയാലും 
ഒലിച്ചിറങ്ങിയതിന്റെ ശേഷിപ്പുകളാലും
ജീവിതങ്ങള്‍
കാലാന്തരത്തില്‍ കരിക്കട്ടയുടെ കറുപ്പിനാല്‍
കൂപ്പുകുത്തിയിരിക്കുന്നു.

ചിത്രകാരന്റെ
ചിത്രത്തില്‍ മുളയ്ക്കുന്ന ഓരോ വാക്കിലും
ഭ്രമണപഥം തെറ്റി ഭൂമിയില്‍ പതിക്കാനിരിക്കുന്ന
ഉപഗ്രഹത്തിന്റെ സഞ്ചാരമുണ്ട്.
മനസ്സില്‍ കൊള്ളിയാനുകളെ
പ്രസവിച്ചവന്റെ കരുവാളിപ്പുണ്ട്.
കറുപ്പിച്ച് കറുപ്പിച്ച് നിറംകെട്ടുപോയ
ജീവിതത്തിന്റെ ചരലുകള്‍
വിരലുകളില്‍ പതിക്കുന്നുമുണ്ട്
മുങ്ങിത്താഴും മുന്‍പ് കുടിച്ച വെള്ളത്തിന്റെ
ദാഹവുമായി ജീവിക്കാന്‍ കൊതിക്കുന്നവന്റെ
ശ്വാസമുണ്ട്, പ്രാണവായുവുണ്ട്
അവന്റ ശിരസ്സില്‍ ഒരു കടന്നല്‍ക്കൂടുണ്ട്.
എപ്പോഴും അവ, അവനെ ആക്രമിക്കാം.
എന്നാലവന്റെ തല മരുഭൂമിയില്‍ പഴുക്കുന്നു.
വിശന്ന് വിരൂപമായവരുടെ സ്വപ്നങ്ങളില്‍
അവന്‍ മഷികൊണ്ട്
മഞ്ഞപ്പുടവകള്‍ വരച്ച്
അവന്‍ അവനുതന്നെ നിറം നല്‍കുന്നു.

ജീവിതത്തിലവനെ കാണാതായിരിക്കുന്നു
അവന്‍ തകര്‍ന്ന കപ്പല്‍
നങ്കൂരമിടാന്‍ മറന്നുപോയവന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com