അയല്‍ ഫ്‌ലാറ്റിലെ ഒച്ചയുടെ അര്‍ത്ഥം: കെജിഎസ് എഴുതിയ കവിത

പാടാതെ വയ്യ രായപ്പയ്ക്ക്, ഉള്‍പ്പൊള്ളലാറാന്‍.പൊള്ളലില്ലെങ്കില്‍ പൊള്ളയോ ഉള്ള്?നേരുറവപോലൊരു നിലയ്ക്കായ്കയോ തീയുറവയും?എന്നെല്ലാം ചിന്തയില്‍ ഊര് ചുറ്റാന്‍;
അയല്‍ ഫ്‌ലാറ്റിലെ ഒച്ചയുടെ അര്‍ത്ഥം: കെജിഎസ് എഴുതിയ കവിത

വാക്കുകള്‍ ശംഖും തുടിയും മുഴക്കി വരുന്നൊരു
തുളുകീര്‍ത്തനം, ഡി. 909-ലെ സന്ധ്യ;
പതിവായി രായപ്പ പാടുന്നത്.

പാടാതെ വയ്യ രായപ്പയ്ക്ക്, ഉള്‍പ്പൊള്ളലാറാന്‍.
പൊള്ളലില്ലെങ്കില്‍ പൊള്ളയോ ഉള്ള്?
നേരുറവപോലൊരു നിലയ്ക്കായ്കയോ തീയുറവയും?
എന്നെല്ലാം ചിന്തയില്‍ ഊര് ചുറ്റാന്‍;

എന്റെ പേരക്കുട്ടി ശാരികയ്ക്കിന്ന് നാലാം പിറന്നാള്‍.
അവളുടെ അമ്മയെ, എന്റെ മോള്‍ പ്രിയയെ, 
ആരോ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നു:
പിറന്നാളാഘോഷം ഏഴാണ്ട് മുടക്കാഞ്ഞാല്‍
പല കുട്ടികള്‍ വന്ന് പാടിക്കളിച്ചാല്‍ 
ചില വരി മോളും പാടും. 
പലര്‍ വന്ന് പറഞ്ഞ് ചിരിച്ചാല്‍
ചില വാക്ക് മോളും പറയും. 
മിണ്ടാന്‍ വൈകിയ പലരും - കാടരും നാടരും
നീഗ്രോകളും യഹൂദരും ഫ്രോയ്ഡും ഐന്‍സ്റ്റീനും പോലും, 
മിണ്ടിത്തുടങ്ങിയതങ്ങനെയത്രെ. 

സ്വപ്നത്തിലവള്‍ കേട്ടു, അമ്മേ വിളി; കണ്ടു, നിലാവില്‍
മൗനപ്പനയോലകളില്‍നിന്ന് ഇറ്റിറ്റിറങ്ങുന്നു
കുഞ്ഞിനാവിലേക്ക് വാക്കിന്റെ കുരുന്ന്മാലാഖമാര്‍.
സ്വപ്നവിശ്വാസിയായി പ്രിയ.

2
ഭാഷയില്ലായ്കയുടെ കൂട്ടിലാണിപ്പോഴുമെന്റെ കുഞ്ഞുശാരിക. 
മിണ്ടായ്കയുടെ ബാലജയിലില്‍. 
നീറുന്നെന്നിലെപ്പോഴും കൂര്‍ഗിലെ മൂപ്പന്റെ വാക്ക്.
ഊമകള്‍ നാമെന്ന്; അടിമവംശം ഇന്നും ഊമവംശമെന്ന്.
അന്യരാല്‍ പീഡിതര്‍ അവരവരാലും പീഡിതരെന്ന്.
പെയ്തില്ല, വിഴുങ്ങി, നാം കണ്ണീരുമെന്ന്.
കുനിഞ്ഞതില്‍ പാതി കുതിച്ചില്ല നാമെന്ന്.
പാട്ട് കണ്ടുപിടിച്ച നമ്മുടെ പാട്ട് കളവ് പോയെന്ന്.
അതിലുമേകാന്തം, മൂകം, ചരിത്രമില്ലെന്ന്.

3
അന്തിയിരുളുന്നു. അതിഥികള്‍ വരാറാവുന്നു. എന്നിട്ടും
അലങ്കോലം ഈ ഫ്‌ലാറ്റ്, ഡി. 909.
മാറാല ബലൂണ്‍തൊലി മുരിങ്ങക്കായ്‌ടെ കളസം
ചപ്പും ചിപ്പും മുള്ളും നോവും മറ്റെച്ചിലുകളും...
താനുള്‍പ്പടെ എല്ലാരേം രായപ്പ ശകാരിച്ചു. 

രായപ്പയുടെ ഒച്ചയൊരു പൊടിതീനി യന്ത്രച്ചൂലായി. 
വൃത്തിപ്പേയിളകി ഫ്‌ലാറ്റിലെമ്പാടും മുരണ്ട് പാഞ്ഞു. 
തെറ്റുകുറ്റങ്ങള്‍ കണ്ടുകെട്ടി. 

രായപ്പ ഓര്‍ത്തു: മായ്ക്കാനാവില്ല ചില പാടുകള്‍ 
ചില മ്ലാനത, ചില കറ, ചില മുറിവ്, ചില തഴമ്പ്, 
അറിയാ നോവ് പിടയും ജരമാറാല,
എന്തിലും എതിര്‍വളര്‍ച്ചയാവും മേലാള്‍നിഴല്‍,
നമ്മളുയരും തോറും ആഴം കൂടും പാതാളം,
മായ്ക്കാനാവില്ല അയിത്തപ്പരിക്കുകള്‍ 
സമരമല്ലാതൊരു വാക്വം ക്ലീനര്‍ക്കും. 

4
കാറ്റൊഴുക്കില്‍ തനിയേ ശുചിയാവുന്നൊരു
കാട്ടുകിളിയായിരുന്നു കൂര്‍ഗിലെ എന്റെ പുല്‍ക്കുടില്‍,
പച്ചയുടെ അടിവാരത്ത്, അറിവില്ലായ്മയുടെ ചില്ലയില്‍. 
നെഞ്ചില്‍ ചോമന്റെ തുടി മുഴങ്ങുന്ന ഇരുട്ട് മെഴുകിയ നിലം,
പഠിച്ചോര്‍ക്ക് പോരാതാവുന്ന കാറ്റും വെളിച്ചവും.

പഠിച്ച മോളും കുടുംബവും ബെംഗളൂരിലായി;
സൈ്വരം ദൂരെയെന്ന് തണുത്ത ഞങ്ങളും.
ജയമെന്നവര്‍ക്കു തോന്നി: കൂര്‍ഗ് പച്ചയില്‍നിന്ന്
ബെംഗളൂര്‍ നിറങ്ങളിലേക്ക് വിരിയല്‍; കൂര്‍ഗ് നനവില്‍നിന്ന്
ബെംഗളൂര്‍ക്കുളിരിലേക്ക് കൂമ്പല്‍; കണ്ണീരില്‍നിന്ന്
കാഴ്ചകളിലേക്ക് തെളിയല്‍; നാട്ടരങ്ങില്‍നിന്ന്
കംപ്യൂട്ടര്‍സ്‌ക്രീനിലേക്കുയരല്‍; കാത്തിരിക്കുന്നു കംപ്യൂട്ടറില്‍
തീരാപ്പരീക്ഷകള്‍, സാധ്യതകള്‍, രാപകല്‍പ്പണികള്‍, പുതിയ-
അടിമത്തം, അനന്തസമ്മര്‍ദ്ദങ്ങള്‍ എന്നറിയാതെ; നാടുള്‍പ്പടെ
ഉദാത്തങ്ങളസ്തമിക്കുന്നതറിയാതെ.

പഠിപ്പോ പഠിപ്പിക്കലോ നേടി?
പഠിപ്പോ പഠിപ്പിക്കലോ പാളി?

സംസ്‌കരണം മൃതാശയ/പുതുവിദ്യാ/സ്വപ്ന-
മാലിന്യങ്ങളുടെയെല്ലാം അവകാശമെന്ന്
ചീയുന്നവയെല്ലാം ഒപ്പിട്ട ഭീമഹര്‍ജിയായി വരുന്നു
ബെംഗളൂരിലെ കാറ്റ്.
ഞാന്‍ പാടും കീര്‍ത്തനവും കവിതയും ഹര്‍ജികള്‍.
കാത്തോളണേ ഞങ്ങളെയെന്നെഴുത്തെല്ലാം ഹര്‍ജികള്‍.
കേള്‍ക്കുന്നില്ലാരും കാറ്റിലെ നിവേദനം.
മൂക്ക് പൊത്തിക്കടക്കുന്നു നാം വാര്‍ത്തകളിലെ നാറ്റം;
മോഹിക്കുന്നു വാരാന്ത സുഗന്ധ മറുകര. 
ചുട്ട കപ്പയുടെ മറുകര ബാര്‍ബിക്യൂ ചിക്കന്‍. 
മറുകര, വ്യാമോഹത്തിന്റെ റിസോര്‍ട്ട്.
മനസ്സില്‍ പുതുമുറച്ചരിത്രം കണ്ടു രായപ്പ.

രായപ്പ ശമിച്ചു: ഒച്ചയിലും കടുത്തൊരുറുമി
വീട്ടങ്കത്തില്‍ വീശാനില്ല കൂര്‍ഗില്‍.
കോട്ടകള്‍ പലത് ബെംഗളൂരില്‍
ബോധത്തിലും അബോധത്തിലും;
ജാതിയോ മതമോ ശങ്കരനോ മാധ്വനോ ബസവനോ
കൃഷ്ണരായരോ കെമ്പഗൗഡയോ ടിപ്പുവോ സായ്വോ
പാര്‍ട്ടിയോ ഐ.ടി.യോ കെട്ടിയ കോട്ടകള്‍.
ഭേദിക്കുന്നില്ലാരും. സംരക്ഷിക്കുന്നു പ്രിയ ദുര്‍ഗ്ഗം
ഓരോരുത്തരിലെയും പുരാവസ്തുവകുപ്പ്.
ഒരേ ഒലി പലരില്‍ തട്ടി പല മാറ്റൊലിയാവുന്നു.
ഉറുമികള്‍ കുറുകി, കഠാരയോളം. 
ഉറുമികള്‍ നീണ്ടു, ഭക്തിപ്പടയോളം; ദേശം
ആയുധങ്ങളായ് ചിതറിക്കൂര്‍ത്തു. 
ഇല്ലാതായി, നേര്‍ക്കുനേര്‍ പൊരുതി മലര്‍ത്തുന്ന
ഗുസ്തിദാദാമാര്‍, അങ്കക്കോഴികള്‍, നേരങ്കം. 
തിരശ്ശീലയ്ക്കു പിന്നിലുണ്ട്, പരവതാനിക്കടിയിലുണ്ട്, 
സ്വാദുകള്‍ക്കുള്ളിലുണ്ട്, ഭജനധ്വനിയിലുണ്ട്,
പിറന്നാളാഘോഷത്തില്‍പ്പോലുമുണ്ട്
കേക്കിലെ മധുരമായം പോലെ ഒളിയങ്കം; എത്തില്ലതിലൊന്നും
വാക്വംക്ലീനറുടെ വിശ്വവിഖ്യാതമായ മൂക്ക്.

5
വേട്ടയില്‍ തോറ്റ് കാട്ടിലൊറ്റപ്പെട്ട് വിശന്നലഞ്ഞ
ഹോയ്‌സാലരാജാവ് വീരബല്ലലരായ
രാത്രിയില്‍ വഴിയോരത്തൊരടുപ്പിന്റെ വെട്ടം കണ്ടു.
അടുത്ത് ചെന്നു. അത്താഴത്തിന് പയര്‍ പുഴുങ്ങുകയാണൊരമ്മൂമ്മ.
രാജാവിനും കുതിരയ്ക്കും തനിക്കുമായി അമ്മൂമ്മ പയര്‍ പങ്കിട്ടു. 
കലത്തില്‍ വീഴാതെ തെറിച്ചുപോയ പയര്‍മണികള്‍
കൂട്ടര്‍ വെന്ത് ദഹിച്ചതറിയാതെ കിളിര്‍ത്ത് പെരുകി
പയര്‍മണികളുടെ നാടായി, നഗരമായി, ബെംഗളൂരായി.*
നന്നായെന്ന് തോന്നുന്നു വാക്വം ക്ലീനര്‍ അന്നില്ലാഞ്ഞത്. 
അടുപ്പിനു ചുറ്റും അമ്മൂമ്മ വെടിപ്പാക്കാതിരുന്നത്.

6
എതിര്‍ബാല്‍ക്കണിയില്‍ രായപ്പ കണ്ടു:
നിര്‍ത്താനാവാതായ സ്വന്തം കുരയുടെ തുടല്‍
നായയെ ശീലച്ചാലില്‍ വട്ടം ചുറ്റിക്കുന്നു.
ഉഴൂ കിളയ്ക്കൂ നിരത്തൂ വിതയ്ക്കൂ കൊയ്യൂ മെതിക്കൂ എന്നാരോ
നിര്‍ത്താതെ കല്പിക്കുന്നത് കേട്ട് കേട്ട് നട്ടം തിരിയുന്ന
സ്വന്തം അപ്പന്‍ ആ നായയിലുണ്ടെന്ന് രായപ്പയ്ക്ക് തോന്നി. 
വട്ടം ചുറ്റിച്ചുറ്റി നായ കെട്ടുകുറ്റിയിലൊട്ടി.
ഉഴുതുഴുത് അപ്പന്‍ വയല്‍നടുവിലെത്തി.
അറിയുന്നില്ല നായ എതിര്‍ദിക്കിലേക്ക്
ഗതി മാറ്റിയാല്‍ അഴിയും ചുറ്റെന്ന്; അപ്പനും.

വയല്‍നടുവിലെല്ലാമുണ്ട് വീഴുന്ന പണിക്കന്
പാതാളത്തിലേക്കൊരു മോക്ഷമാളം. 
ആ രഹസ്യവഴിയുടെ വാതില്‍ക്കല്‍
അപ്പനെയാരോ മായാമേലങ്കി അണിയിച്ചു. 
ഒരു തീവെയിലിലും പേമാരിയിലും പിന്നെ
അപ്പനെ വയലില്‍ കണ്ടോരില്ല.
കള പറിച്ച് കളയുന്നൊരാളെ
കതിര് തലോടി നില്‍ക്കുന്നൊരാളെ
പല നിലാവില്‍ പാടത്ത് കണ്ടോരുണ്ട്. 

ഊമയായ ആധിച്ചുഴി കറങ്ങിക്കറങ്ങിയെന്റെ
കൂനിത്തുടങ്ങിയ നട്ടെല്ലില്‍ ചുറ്റുന്നു.

7
വാക്കിന്റെ വൈദ്യന്മാരെ, ദേവതകളെ, ഞങ്ങള്‍
മോളെ കാണിച്ചു. ഒരിക്കല്‍ 
കൊല്ലൂരിലേക്ക് പോകുമ്പൊഴോ
കൊല്ലൂരില്‍നിന്ന് വരുമ്പൊഴോ
വഴിയിലൊരുണ്ണിയെക്കണ്ടു. 
സുന്ദരക്കുട്ടന്‍.
പേര് ചോദിച്ചു,
നല്ല ചിരി. 
ഊര് ചോദിച്ചു. 
നല്ല ചിരി.
അവന്റപ്പന്‍ പറഞ്ഞു, ഉത്തരമറിയാം,
പറയാനാവുന്നില്ലവന്.
അമരാവതിയിലുണ്ട്, സംസാരിപ്പിക്കുന്ന ഡോക്ടര്‍.
വാക്കിന്റെ കോവിലിലേക്കെന്നപോലെ
പോകാറുണ്ടവിടെ ഞങ്ങള്‍. 
പേടി മാറും; നാളെയവന്റെ മുയല്‍വാക്ക്
സിംഹത്തെ വീഴ്ത്തും കിണറ്റില്‍. 

അമരാവതി അമരാവതി എന്നായി മനസ്സ്;
പുറപ്പെട്ടു ഞങ്ങളും.

8
ഡി 910-ല്‍ ആളില്ല; ആള്‍ ജപ്പാനില്‍. വിദേശ ഡ്യൂട്ടിയില്‍. 
പാതിരയ്ക്കത് പഴയൊരു തട്ടിന്‍പുറമാവും.
തട്ടും മട്ടും നൃത്തച്ചുവടും മരപ്പട്ടിയോടുന്ന പതുത്ത ഷൂസൊച്ചയും
കൂര്‍ഗിലെ കൂമന്റെ മൂളലും; അറിവിന്റെ പല പഴുതിലൂടെ
ശൂന്യതയുടെ മൊഴി ഞാനറിയും. 

അയല്‍ ഫ്‌ലാറ്റുകളില്‍നിന്നും ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, 
മലയാളം, തെലുഗു, ബംഗാളി, ഗുജറാത്തി, മറാത്തി...
ഭാഷകളും ചിരികളും കുട്ടികളും വന്നു.
രുചികളും അഭിമാനങ്ങളുമായി അവരവരുടെ പൂര്‍വ്വികരും വന്നു.
വാക്കു കൊട്ടിക്കളി മെല്ലെ മുറുകി. 
കളികളുടെ സ്വപ്നഭാഷയില്‍ കുട്ടികള്‍-
ക്കന്യോന്യമെല്ലാം സുഗ്രഹം. അവര്‍ സ്‌പൈഡര്‍മാനും
അയണ്‍മാനും സൂപ്പര്‍ വീരരും അന്യഗ്രഹജീവികളുമായി.
വീട്, മാളും പ്ലേസ്റ്റേഷനുമായി.
പുറ്റ് പൊട്ടിച്ച് മായത്തുമ്പികള്‍ പാറും പോലെ
ശാരികയുടെ ഉടലിലെമ്പാടും നിന്ന് വാക്കുകള്‍
പാടിപ്പറക്കുന്നെന്ന് പ്രിയയ്ക്ക് തോന്നി.

ജീവിച്ചിരിക്കുന്നവരേക്കാള്‍ സല്ലാപങ്ങളില്‍
പൂര്‍വ്വികര്‍ പങ്കെടുക്കുന്നെന്ന് തോന്നി.
കൂര്‍ഗുകാര്‍ക്ക് അഞ്ച് ഭാഷ വശമെന്ന് അഡിഗ
ഭാഷകള്‍ ഒരേ കഥയുടെ പല പറയലെന്ന് പ്രേംചന്ദ്
തമിഴും തമിഴ്മക്കളും രണ്ടല്ലെന്ന് ഭാരതി
ഭാഷ സ്വാതന്ത്ര്യമെന്ന് ആശാന്‍
അകപ്രകൃതിയെന്ന് ബിഭൂതിഭൂഷണ്‍
പേടിയിലും വെറുപ്പിലും കെടുന്ന വിളക്കെന്ന് ഗുരുനാനാക്
പിന്നില്‍ കടലുള്ള ക്ഷമ ഭാഷയെന്ന് ബഷീര്‍
ഭാഷ നിത്യോത്സവമെന്ന് അനന്തമൂര്‍ത്തി. 
ഭാഷകളെ സല്‍ക്കരിക്കാത്ത ഭാഷയില്ലെന്ന്
നാടില്ലെന്ന് നഗരമില്ലെന്ന് തീന്‍മേശ.

ചുമരുകള്‍ക്കുള്ളിലെ ഒരു ലിമിറ്റഡ് ഓവര്‍ ഉത്സവം
ഭാഷകളെല്ലാം ചേര്‍ന്നൊരാഘോഷ ബലൂണായി
ഡി 909-ന്റെ ബൗണ്ടറി കടക്കുന്നു;
നിറമുള്ള നുണകളും ഭാരമില്ലാത്ത വായുവില്‍
അന്ധനടപ്പ് നടക്കുന്ന നേരുകളും. 
അതിന്റെ തമാശപ്പൊട്ടലില്‍ കേള്‍ക്കുന്നു രായപ്പ
അയല്‍ ഫ്‌ലാറ്റിലെ ഒച്ചയുടെ അര്‍ത്ഥം: വിരുന്ന് മരുന്നെന്ന്.
കൂട്ടംകൂടലില്‍ കോട്ടം മറയുന്നെന്ന്.
അന്യം കലരാതെ സ്വന്തം മുഴങ്ങില്ലെന്ന്.

പ്രിയയില്‍ വിങ്ങിനിന്നു പ്രിയ,
പിറന്നാള്‍കുട്ടിയുടെ അമ്മ.

* 'Bende-Kaalu-uru', Bean Town, പയര്‍മണികളുടെ ഊര്, പയര്‍മണികളുടെ നഗരം എന്നെല്ലാം ഊരുപുരാണങ്ങളില്‍ പല പേരുകള്‍ ബെംഗളൂരിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com