'ബഗീച്ചാ- സുന്ദര്‍'- പദ്മദാസ് എഴുതിയ കവിത

പോക്കുവെയിലിന്റെപൊന്‍പ്രഭയണിഞ്ഞു നില്‍ക്കുന്നഈ സായന്തനംപാര്‍ക്കിലെ സിമന്റുബെഞ്ചില്‍കാമുകനെ കാത്തിരിക്കുന്ന പെണ്‍കുട്ടിക്ക്ഒരിക്കലും പറഞ്ഞുകൊടുക്കുന്നുണ്ടാവില്ല
'ബഗീച്ചാ- സുന്ദര്‍'- പദ്മദാസ് എഴുതിയ കവിത

പോക്കുവെയിലിന്റെ
പൊന്‍പ്രഭയണിഞ്ഞു നില്‍ക്കുന്ന
ഈ സായന്തനം
പാര്‍ക്കിലെ സിമന്റുബെഞ്ചില്‍
കാമുകനെ കാത്തിരിക്കുന്ന പെണ്‍കുട്ടിക്ക്
ഒരിക്കലും പറഞ്ഞുകൊടുക്കുന്നുണ്ടാവില്ല
പ്രണയഭംഗത്താല്‍ ജീവിതം നൊന്ത്
സ്വയം വേരറുത്ത മറ്റൊരു പെണ്‍കുട്ടി
അതിനടിയില്‍ ഏകാന്തനിദ്ര കൊള്ളുന്നുണ്ടെന്ന്!

കഞ്ചാവ് തരികള്‍ ഉള്ളം കയ്യില്‍ ഞെരടി
കൂട്ടുകാരന് തെറുത്തുകൊടുത്തുകൊണ്ടിരിക്കുന്ന
യുവാവിനുമറിയില്ല
അവരിരിക്കുന്ന മരച്ചുവടിനടിയില്‍
പുകച്ചുപുകച്ച് ഒടുങ്ങിപ്പോയ ഒരു ജീവിതം
അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്ന്!

ആളൊഴിഞ്ഞ കോണില്‍
ലിപ്സ്റ്റിക്കണിഞ്ഞ്
മുല്ലപ്പൂ ചൂടിയിരിക്കുന്നവളെ ചൂണ്ടി
കസ്റ്റമറിനോടു വിലപേശുന്ന
പിമ്പിനുമറിയില്ല
എത്ര കൂട്ടിക്കൊടുത്തിട്ടും
കുറഞ്ഞു കുറഞ്ഞുപോയ
ചില ജീവിതങ്ങള്‍
അയാളുടെ കാല്‍ക്കീഴിലെ മണ്ണിനടിയിലും
മറഞ്ഞുകിടപ്പുണ്ടെന്ന്.

ഇപ്പോള്‍,
''ബഗീച്ചാ... സുന്ദര്‍ ബഗീച്ചാ...''
എന്നു പറഞ്ഞു തുള്ളിച്ചാടി
അമ്മയുടെ കൈകോര്‍ത്തുവരുന്ന 
ഓട്ടിസം ബാധിച്ച
അമ്മയേക്കാള്‍ വലുപ്പമുള്ള അന്യനാട്ടുകാരനായ
ആ കുട്ടിക്കോ അമ്മയ്ക്കുപോലുമോ
അറിയുന്നുണ്ടാവില്ല.
പിതൃക്കളുടെ അസ്ഥികള്‍ക്കും
ചാരത്തിനും മീതെ പടുത്തുയര്‍ത്തിയ
ഒരു ആരാമത്തിലൂടെയാണ്
തങ്ങളിപ്പോള്‍ നടന്നുനീങ്ങുന്നതെന്ന്.

കാരണം,
ചരിത്രത്തിന്റെ ശവക്കുഴികള്‍ക്ക്
ഏതു ശ്മശാനത്തേയും
കാലാന്തരത്തില്‍
മായാജാലത്തിലെന്നവണ്ണം
വേഷപ്രച്ഛന്നമാക്കി
ആ കുട്ടിയെ കബളിപ്പിച്ചതുപോലെ
നമ്മളെ കബളിപ്പിക്കാന്‍ കഴിയും;
പൂര്‍വ്വാശ്രമങ്ങളുടെ ഭാഷാന്തരങ്ങളെ
വര്‍ത്തമാനത്തിന്
തെല്ലും വിട്ടുകൊടുക്കാതെ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com