തീവെട്ടിശിഖരങ്ങളില്‍ എരിയുന്ന കവിത; കവിതകളിലെ വീട് സങ്കല്‍പത്തെക്കുറിച്ച്

വിജയലക്ഷ്മി, വി.എം. ഗിരിജ, ഇന്ദിര അശോക്, ലോപ, കണിമോള്‍, ഇന്ദുലേഖ, ആര്യാംബിക എന്നിവരുടെ കവിതകളിലെ വീട് സങ്കല്പത്തെക്കുറിച്ച്
തീവെട്ടിശിഖരങ്ങളില്‍ എരിയുന്ന കവിത; കവിതകളിലെ വീട് സങ്കല്‍പത്തെക്കുറിച്ച്

''Perhaps that moment of the silver evening
Suffused the street with a tenderness,
Making it as vivid as a verse
forgotten and now remembered.
Only later I came to think
that the street of that afternoon
was not mine,
that every house is a
branching candle stick'
- Jorge Luis Borges

വീട് പലര്‍ക്കും പലതാകുമ്പോള്‍, പല വ്യക്തികള്‍ അധിവസിക്കുന്ന പൊതുവായ ഒരിടമായി അതു മാറുന്നു.  ഉള്ളുകൊണ്ടെങ്കിലും വീടുവിട്ടുപോകാത്തവരുടെ എണ്ണം കുറഞ്ഞുവരുന്നത് വ്യക്തിബന്ധങ്ങളുടെ, രക്തബന്ധങ്ങളുടെയും തീവ്രമായിരുന്ന ആകര്‍ഷണീയത കുറഞ്ഞുവരുന്നതിന്റെ വിശദീകരണമാകുന്നു.  വീടിന്റെ ആന്തരികാര്‍ത്ഥം ജനിതകപരിണാമവിധേയമാകുമ്പോള്‍ അത് കേവലമൊരു 'ഷെല്‍ട്ടര്‍' ആവുകയും വ്യക്തികള്‍ പരസ്പരം ആശ്രയിക്കാത്ത അന്തേവാസികള്‍ മാത്രമാവുകയും ചെയ്യുന്നു.

ബോര്‍ഹേസിന്റെ 'branching candle stick'-ന്റെ സൗമ്യതപോലുമില്ലാത്ത മാറിയകാല വീട്,  കത്തുന്ന തീവെട്ടിയും മുറികള്‍ തീവെട്ടിശിഖരങ്ങളും ആയിത്തീരുന്നു. ഒരു കോളനി, നിന്നുകത്തുന്ന വീടുകളുടേതാവുമ്പോള്‍ (തീവെട്ടികളാകുമ്പോള്‍) അവിടെ മനുഷ്യര്‍ക്കു പകരം, പരസ്പരം തിരിച്ചറിയാത്ത നിഴലുകള്‍ പ്രത്യക്ഷപ്പെടുന്നു. ആഭിചാരത്തിലവസാനിക്കുന്ന ഒരുത്സവത്തിലെന്നപോലെ തീവെട്ടികള്‍ അണയുമ്പോള്‍ മൂടുന്ന കട്ടിയേറിയ പുകയില്‍ എല്ലാ നിഴലുകളും ആരൂപികളാവുന്നു.  ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന, കത്തിത്തീരുംമുന്‍പ് ദുരന്തങ്ങളെ കുടിയിരുത്തുന്ന ബലിത്തറയാവുന്നു വീടെന്ന അമൂര്‍ത്ത സങ്കല്പം.
കുട്ടികള്‍ക്ക്, സ്ത്രീക്ക്, പുരുഷന് വീട് വേറെവേറെ രൂപങ്ങളായിരിക്കും.  എങ്കിലും വീടിനു പൊതുവിലുളള സ്ത്രൈണസ്വഭാവം നിരാകരിക്കാനാവില്ല.  ചിലര്‍ക്കെങ്കിലും അത് കേവല വാസ്തുരൂപത്തിനപ്പുറം വികാരമോ സ്‌നേഹമോ നിലനിര്‍ത്തുന്ന ഒരിടമായിരിക്കാം.  സ്ത്രീയുടെ വീടുസങ്കല്പം പുരുഷന്‍ ഗൗരവമായി വിലയിരുത്താറുണ്ടോ എന്നറിയില്ല, തിരിച്ചും.

ആര്യാംബിക
ആര്യാംബിക


''പോയകാലം നിലാവലമൂടിയ
പാടശേഖരംപോലെ, തീരത്തൊരു
പാലപൂത്തുനില്‍ക്കുന്നുറ്റൊരാളുടെ-
പ്രേത, മസ്സുഗന്ധം സഹിപ്പീല മേ''
എന്നു വിജയലക്ഷ്മി എഴുതുമ്പോള്‍ എല്ലാ തീവെട്ടികളും കെട്ട്, കരിഞ്ഞ എണ്ണയുടെ രൂക്ഷഗന്ധമുള്ള പുകയാല്‍ മൂടപ്പെടുന്ന പാടശേഖരത്തിന്റെ മറുപുറത്ത് ഭൂതകാലത്തിന്റെ പച്ചപ്പ് പുനഃസൃഷ്ടിക്കുകയാണ്.  വാക്കുകളില്‍ പ്രകാശം കരുതിവയ്ക്കുന്ന ഒരു കവിക്ക് അങ്ങനെയേ ചിന്തിക്കാന്‍ കഴിയൂ.  വിജയലക്ഷ്മിയുടെ 'വീട്' എന്ന കവിതയില്‍
''വീടിനു ഭയം ഇരട്ടിച്ചു
വിറക് അടുക്കിവച്ച പിന്നാമ്പുറത്ത്,
അതെങ്ങാനും ആരെങ്കിലും
മാറ്റിനോക്കിയാല്‍-
മണ്ണില്‍ കുഴിച്ചിട്ടിരിക്കുകയാണ്
ഒരുപാടുണ്ട്-
ആരുമത് കണ്ടുപിടിക്കാതിരിക്കട്ടെ.''

ഈ കവിതയ്ക്കു പിന്നില്‍, കേരളത്തിന്റെ സാമൂഹ്യജീവിതത്തെ മുറിപ്പെടുത്തിയ ഒരു വര്‍ഗ്ഗീയ കലാപത്തിന്റെ അനുഭവമുണ്ടെങ്കിലും കവിത അവിടെ മാത്രമൊതുങ്ങാതെ സ്വന്തം വഴിക്കു യാത്ര ചെയ്യുന്നു.  വീട് ഒരു പുരാവസ്തുവായേക്കാം.  അതിന്റെ അനുഭവങ്ങള്‍ കുഴിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ തകര്‍ന്നടിഞ്ഞ കാലത്തിന്റെ ഫോസിലുകളാവും എതിരേല്‍ക്കുക.
വിജയലക്ഷ്മിയുടെ 'വീടി'ല്‍നിന്നു വ്യത്യസ്തമായ ആരൂഢവും ബന്ധങ്ങളും ഉള്‍ച്ചേര്‍ന്നതാണ് ഇന്ദിര അശോകിന്റെ 'വീട്'  അവിടെ കൂടുതല്‍ കറുക്കുന്ന ഇരുട്ട് കുടിപാര്‍ക്കുന്ന നിലവറകള്‍ സ്വയം തുറക്കപ്പെടുന്നു.
''വീട്-വിഷാദം
വിയര്‍ക്കുന്ന പൂര്‍വ്വികഖേദം
തണുക്കുന്നയീറന്‍ നിലം
മണ്ണിലാരോ കരയുന്നു
ദാഹിച്ചുനീരിനായ്
സ്‌നേഹിച്ചതില്ല
പരസ്പരം നാമെന്ന്.''

ഇന്ദിര അശോക്
ഇന്ദിര അശോക്


വീടിന് ഇന്ദിര കൊടുക്കുന്ന പര്യായങ്ങള്‍ (വിശേഷണങ്ങള്‍) വിഷാദം, വിലാപം, വിമൂകം, വിച്ഛിന്നം, വിശുദ്ധനൊമ്പരം, വഴങ്ങാത്ത ചേതന എന്നിങ്ങനെയാണ്.  തീപ്പെട്ടുപോയ മേല്‍ക്കൂര കവിയെ സ്പര്‍ശിക്കാതെ(?)യാളുമ്പോള്‍, കവിതയില്‍ വീടും (കവിയും) നിന്നു കത്തുന്നു.  മെല്ലെയിഴഞ്ഞെത്തി പതുങ്ങി ദംശിക്കുന്ന സര്‍പ്പവിഷമേറ്റ് വേച്ചുപോകുമ്പൊഴും ഒരക്ഷരം (ഒരുവാക്ക്) വീണുപോകാതെ നാവ് കടിച്ചുമുറിക്കുന്നുണ്ട്.  ഉരുകി ഒലിച്ച് പിന്നെയുമുറയുന്ന ക്ഷോഭത്തിലും നാവു കടിച്ചുമുറിച്ച് ശാപം എന്ന വാക്ക് ഒഴിവാക്കുന്നു.  നിസ്സഹായതയുടെ തറയില്‍ ക്രൂരബിംബങ്ങള്‍ പകര്‍ന്നാടുന്നുണ്ട്.  പ്രേതാത്മാക്കളെ തുറന്നുവിട്ട് നിസ്സംഗയായിരിക്കുന്നു കവി.
''ഓര്‍മ്മയില്‍പോലുമില്ലത്രെ
രഹസ്യമായ് ഘ്രാണിച്ച്
ചുറ്റും വലംവച്ചനാഥനാം
നായയെപ്പോലെ
മോങ്ങുന്നു പലപ്പൊഴും
നാണമില്ലാതെ പിന്‍വാതിലിലൂടെ
വന്നാരോ കളഞ്ഞത്
തിന്നു സംതൃപ്തനായ്.''

ജീവിതത്തിന്റെ കേവലതകളെ കവിതകൊണ്ട് പരാജയപ്പെടുത്തുന്നുണ്ട് ഇന്ദിര.  അനാഥനായ നായയെപ്പോലെ മോങ്ങുകയും പിന്‍വാതിലൂടെ വന്ന് എച്ചില്‍ തിന്ന് സംതൃപ്തനായ് മടങ്ങുകയും ചെയ്യുന്ന നായ പലതിന്റേയും പ്രതിരൂപമാണ്.  നായജന്മം ഒരേ കാലത്ത് പല ജന്മങ്ങളില്‍ ജീവിക്കേണ്ടിവരുന്ന കവിജന്മം തന്നെയാണ്.  കവിജന്മം പെണ്‍ജന്മം കൂടിയാകുന്നതിലെ ഇരട്ടവിഷംതീണ്ടല്‍ മറ്റൊരു കവിതയില്‍ ഇന്ദിര വ്യക്തമാക്കുന്നു.
''ജലമാണ് ഞാന്‍
വിങ്ങിപ്പരക്കാനിടമില്ലാത്തൊരു ചാല്‍
ഒരു നൂലായ് നെടുവീര്‍പ്പിടുന്നവള്‍.
ജലമാണു ഞാന്‍
നെഞ്ചിനിടകള്‍ പൊട്ടിപ്പൊട്ടി
തകരുമ്പൊഴും രൗദ്രമറിയാതൊഴുകുന്നു.
ശാന്തസംയമത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ച
ഹിമസ്രോതസ്സെ നിത്യം
മനസ്സില്‍ വലംവച്ചും.''
ഇന്ദിരയുടെ 'പീഠം പടിഞ്ഞിരിക്കുന്ന മഠ'ത്തില്‍നിന്ന് അമൂര്‍ത്തരൂപം തേടുന്നുണ്ട് കണിമോളുടെ കവിതയിലെ വീട്.
''എങ്കിലും കാണാനാവില്ലെന്റെ വീടാര്‍ക്കും, വന്നു
കണ്ടുപോവുക പകല്‍വീടിന്റെ നിഴല്‍പ്പുര.''
എന്ന കവിയുടെ ഒഴിഞ്ഞുമാറലിനൊപ്പം നില്‍ക്കാന്‍ കവിതയ്ക്കു കഴിയുന്നില്ല; അതു തുടരുന്നു-

വിജയലക്ഷ്മി
വിജയലക്ഷ്മി


''അഴികള്‍ക്കുള്ളില്‍നിന്നും വീണയിലാരോ വിരല്‍-
തൊടുവിച്ചുണര്‍ത്തിയ നാദചന്ദ്രിക-ദയ.''
'ദയ' എന്ന വാക്കിലൂടെ സ്വയം സൗമ്യയാവാന്‍ ശ്രമിക്കുമ്പോള്‍ 'ബഹുലജീവിതത്തെ' 'വിഫലജീവിതം' എന്നു മാറ്റി വായിക്കാന്‍ കഴിയും.  കവിയുടെ വീട്ടിലേക്കു വരുന്ന കൂട്ടുകാര്‍ കാണാനാഗ്രഹിക്കുന്ന ചിലതൊക്കെയുണ്ട്.  തൊടി, കുളം, വരാന്ത, കവി നട്ട മരങ്ങള്‍, അടുക്കളവൃത്തത്തിലെഴുതുന്ന രുചിതന്‍ വഴക്കങ്ങള്‍, അലക്കുകല്ലിന്‍ചോട്, അടുപ്പിലെ കെടാക്കനല്‍, അങ്ങനെ പലതും.  അവിടെ കവി (കവിത) ചുവടുമാറുന്നു.  തിരശ്ശീലമേല്‍ കാഴ്ച തീപിടിച്ചിറങ്ങുമ്പോള്‍ പഴനൂറ്റാണ്ടിന്‍ മുടി കരിയുന്ന ശവപ്പുകയാവും സ്വീകരിക്കുക എന്നു സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പു കൊടുക്കുമ്പോള്‍ അമൂര്‍ത്തമായ നിഴല്‍പ്പുര സൃഷ്ടിക്കുന്ന കവി, മൂര്‍ത്തമായ ജീവിതത്തെ കവിതയില്‍ നിരാകരിക്കുന്നു.
തീവെട്ടികളണഞ്ഞ പാടശേഖരത്തിന്റെ ഇരുട്ടിനെ പോയകാലത്തിന്റെ നിലാവലകൊണ്ട് വിജയലക്ഷ്മി മൂടുമ്പോള്‍ മഞ്ഞിന്റെ ആവരണമണിയിക്കുന്നു കണിമോള്‍-
''കുടമുല്ലയില്‍ തങ്ങും രാമണം,
വയല്‍ക്കാറ്റിന്‍ വരത്തുപോക്ക്
വാതിലറ്റത്തെ മായാസന്ധ്യ'' - എന്ന്.  ഇവിടെ വരെയെത്തിയ കവിതയുടെ പല വഴികളില്‍ ചിലതിനെ അവര്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു.  വീടിനുള്ളില്‍നിന്നു പുറത്തുകടന്ന കവിതയില്‍ ഒരു യക്ഷിയെ കുടിയിരുത്തുന്നു.  അല്ലെങ്കില്‍ കവിതയുടെ യക്ഷിരൂപം കണ്ടെത്തുന്നു.
''സ്വപ്നഗന്ധിയാം യക്ഷിപ്പാല പുഞ്ചിരിക്കുമ്പോള്‍
ഇത്തിരിച്ചുണ്ണാമ്പിനു കൈവിടര്‍ത്തുവാന്‍ തോന്നി'' എന്ന് യക്ഷിയുടെ പാതിരാവഴികളില്‍ കവിതയിലെ ആദിമസങ്കല്പങ്ങള്‍ തിരിച്ചറിയപ്പെടുന്നു.
സ്ത്രീയെ എഴുത്തുകാരിതന്നെ വിവസ്ത്രയാക്കി പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍, ഉപരിതല ലൈംഗികതയ്ക്ക് ഇരട്ടയെഞ്ചിന്‍ ഘടിപ്പിക്കപ്പെടുമെന്നും അതുവഴി കവിതയുടെ വിപണനസാധ്യത കൂടുമെന്നുമുള്ള കപടമായ എഴുത്തുവഴികളില്‍ സഞ്ചരിച്ച് പരാജയപ്പെടുന്നു.  അങ്ങനെ ഉത്തരാധുനിക മലയാള 'പെണ്‍കവിത'യുടെ മുഖ്യപ്രമേയങ്ങളിലൊന്നായ ജീര്‍ണ്ണനഗ്‌നതയെ (കപടരതിയെ) വി.എം. ഗിരിജ കവിതയുടെ 'കറുത്ത നിലാവിനാല്‍' വസ്ത്രമുടുപ്പിക്കുന്നു.  'ദാമ്പത്യം' (ഗൃഹസ്ഥാശ്രമം) ഗിരിജയ്ക്ക് ഇങ്ങനെയാണ്:

''പിന്നെ
തണുത്ത തറയില്‍
കമിഴ്ന്നുകിടന്ന്
ഒരു മഞ്ഞുകൂമ്പാരമായ് ഞാന്‍.
നീയുറങ്ങുന്നു
ദൂരെ നഗ്‌നനായ്.
തണുത്ത തറയില്‍
നഗ്‌നശിലാപ്രതിമയായ്
രക്തമൂറും
കറുത്ത നിലാവായ് ഞാന്‍.''

കണിമോള്‍
കണിമോള്‍


'രാവിലുള്ളിലെ പച്ചിലക്കുമ്പിളില്‍ ഊറിയൂറി ഉറഞ്ഞ നിലാവുകള്‍' എന്ന് ആസുരകാല മലയാള കവിതയുടെ കപട സമവാക്യങ്ങളെ ഗിരിജ മുറിച്ചുകടക്കുന്നു.  ജീവിതവും കവിതയും പങ്കുവയ്ക്കുന്ന അതിര്‍ത്തി, അല്ലെങ്കില്‍ അതിര്‍ത്തികള്‍ മാഞ്ഞ് കവിത ജീവിതത്തിലേയ്ക്കും ജീവിതം കവിതയിലേയ്ക്കും കടന്നുകയറുകയാണ്.
''സ്വപ്നങ്ങളില്‍ കരിപുരണ്ട വസ്ത്രങ്ങള്‍
താനേ കഴുകിയുണങ്ങുന്നു
കരിപിടിച്ച പാത്രങ്ങള്‍
താനേ മോറിനിരക്കുന്നു.
പക്ഷേ,
സ്വപ്നമവസാനിക്കുമ്പോള്‍
പടികടന്നു വരുന്നത്
പാലും പാത്രവും 
ചായയ്ക്കു മുരളുന്ന
ബീഡിക്കറയുള്ള ചുണ്ടിന്റെ
തണുത്ത ചുംബനവും.''
സ്വന്തം കാവ്യഭൂതകാലത്തിനുമേല്‍ കാവ്യരഹിതമായി കത്തുന്ന തീവെട്ടികള്‍ വി.എം. ഗിരിജ കവിതകൊണ്ട് ചവിട്ടിക്കെടുത്തിയേക്കാം.

പഴയവീടും
പുതിയ വീടും

ഓരോ കവിതയിലും ഒരു 'പിന്‍നോക്കി'യെ ഒളിപ്പിക്കുന്ന (പിന്‍നോക്കിയാവുന്ന) കവിയാണ് ലോപ. ലോപയ്ക്ക് 'വീട്' വര്‍ത്തമാനകാല ജീവിതത്തെ ഒരേസമയം ശിഥിലമാക്കുകയും അതേസമയം നവീകരിക്കുകയും ചെയ്യുന്ന സാന്നിദ്ധ്യമാണ്.  ബസില്‍ യാത്രചെയ്യുമ്പോള്‍പോലും വീടിന്റെ സൂചനകള്‍ അവരെ അസ്വസ്ഥയാക്കുന്നു.  ചൂണ്ടുപലകയ്ക്കു പിന്നില്‍ അപ്രസക്തമായിപ്പോയ പഴയ വീടിന്റെ 'ഉരുപ്പടികള്‍' ലോപയെ നോവിക്കുന്നു.

''വില്‍ക്കുവാനാരേ നീക്കിവച്ചതീ വഴിവക്കില്‍
കട്ടിള, ജനല്‍, കതകിത്രയും കിളിവാതില്‍!
ഓര്‍മ്മകളച്ചില്‍ വാര്‍ത്തുവച്ചപ്പോള്‍ മിടിപ്പോലും
ഭൂതകാലത്തിന്‍ നിരാധാരമാം വഴിക്കണ്‍കള്‍.''
നിരാധാരമായ വഴിക്കണ്ണുകള്‍ക്ക് ഇത്രമേല്‍ കിളിവാതിലുകളോ!  പൊളിച്ചുമാറ്റി വില്‍ക്കാന്‍ വച്ചിരിക്കുന്ന വീടിന്റെ കിളിവാതില്‍ മോഹിപ്പിക്കുമ്പൊഴും പുതിയകാല വീട് നല്‍കുന്നത് അകല്‍ച്ചയാണ്.  പഴയ വീടും പുതിയ വീടും ലോപയെ ഒരുപോലെ ഭീതിപ്പെടുത്തുന്നു.
''എനിക്ക്
ഈ വീടിനെ ഭയമാണ്.
ഹൃദയത്തോടു ചേര്‍ത്തുപിടിക്കാവുന്ന
ഒന്നും ഇവിടെയില്ല.
പണ്ട്, എന്നെയാകെ വലിച്ചെടുത്തിരുന്ന
ഭിത്തികള്‍,
ഇപ്പോള്‍ ആഗിരണമില്ലാത്ത
അസ്ഥികൂടങ്ങള്‍.
ഈ വീട് എന്നെ തുറിച്ചുനോക്കുന്നു.
ഇവിടെ ഇപ്പോഴും
ഒരു ചിത എരിയുന്നുണ്ട്.''
ഭൂതകാലത്തിലേയ്ക്ക്, കാവ്യപാരമ്പര്യത്തിലേയ്ക്ക് തിരിഞ്ഞിരിക്കുന്ന ആ പിന്‍നോക്കി ലോപയുടെ കവിത നിലനിര്‍ത്തുന്ന ഉത്തരാധുനിക ഗൃഹാതുരതയാണ്.

വിഎം ഗിരിജ
വിഎം ഗിരിജ

ചില 'പെണ്‍കവിത'യെഴുത്തുകാരികള്‍ പിന്തുടരുന്ന ഇത്തിരിവട്ടത്തിലുള്ള ഒരു കാവ്യമേഖലയുണ്ട്.  പൊതുവായി ഉപയോഗിക്കേണ്ട വാക്കുകളടങ്ങിയ ഒരു 'ശബ്ദതാരാവലി' ഇവര്‍ കരുതുന്നുണ്ടാവാം. പൊതുവായ വാക്കുകള്‍, പൊതുവായ വിഷയങ്ങള്‍, പൊതുവായ രഹസ്യഭാഗ വര്‍ണ്ണനകള്‍ ഒക്കെച്ചേര്‍ത്ത് പലര്‍ ഒരേ 'വര്‍ക്ക്' ചെയ്യുന്നു.

ഈ ചുറ്റുപാടുകളില്‍ സമകാല കാവ്യവഴിയില്‍ സ്വന്തം കാവ്യപൈതൃകം തിരിച്ചറിയുന്നവരാണ് ഇന്ദുലേഖയും ആര്യാംബികയും. ഇവരുടെ കവിതകള്‍ ചേര്‍ത്തുവായിക്കുന്നത് കൗതുകകരമായിരിക്കും. ഇന്ദുലേഖയുടെ 'പെണ്ണക'വും ആര്യാംബികയുടെ 'തോന്നിയപോലൊരുപുഴ'യും ചിലയിടങ്ങളില്‍ സമാന്തരമായും മറ്റു ചിലയിടങ്ങളില്‍ ചേര്‍ന്നും സഞ്ചരിക്കുന്നു.
കവിതയുടെ സൗന്ദര്യശാസ്ത്രം പുനര്‍നിര്‍വ്വചിക്കുകയും തങ്ങളെഴുതുന്നത് കവിതയാണെന്ന സിദ്ധാന്തവല്‍ക്കരണത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന പുതിയകാല പെണ്ണെഴുത്തുകാരികളില്‍നിന്ന് രണ്ടുപേരുടേയും കവിതകള്‍ വേറിട്ടുനില്‍ക്കുന്നു.  കവിത മറ്റെന്താകുമ്പൊഴും 'കവിത' അനുഭവിക്കപ്പെടണമെന്ന (സ്വയം അനുഭവിക്കണമെന്ന) നിര്‍ബന്ധം ഈ കവികള്‍ വച്ചുപുലര്‍ത്തുന്നു.  സമവാക്യങ്ങളില്‍ കെട്ടിയിടപ്പെട്ട വ്യാജകവിതയില്‍നിന്ന് ഇന്ദുലേഖയുടേയും ആര്യയുടേയും കവിതകള്‍ പുറത്തുകടക്കുകയും വൈകാരികവും ധിഷണാപരവുമായ കാവ്യസത്യസന്ധത നിലനിര്‍ത്തുകയും ചെയ്യുന്നു.  കവിതയില്‍ വീടിന്റെ പെണ്ണിന്റെ ഇടം തേടിപ്പോവുകയും തിരിച്ചറിയുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഇന്ദുലേഖയും ആര്യാംബികയും പ്രകടമാക്കുന്ന പക്വത കാവ്യസങ്കല്പങ്ങളുടെ വളര്‍ച്ചയെയാണ് അടയാളപ്പെടുത്തുന്നത്.
ഇന്ദുലേഖയുടെ വീട് 'വീടോര്‍മ്മ'യാണ്.
''പഴയ വീട്
ചിതല്‍മുറിക്കുള്ളിലെന്‍
പുതിയ ജന്മം വലതുകാല്‍ വച്ചു.
അകലമഴിയവേ നമ്മള്‍
പടം പൊഴി-
ച്ചുരഗരൂപികളായ് കലഹത്തിന്റെ
വിഷമൊടുങ്ങാത്ത ദംഷ്ട്രകളായത്'' എന്നു സ്വയം വായിച്ചെടുക്കുന്നു.  സ്വയം ആദര്‍ശവല്‍ക്കരിക്കാന്‍ ഇന്ദുലേഖ ശ്രമിക്കുന്നില്ല.  പകരം നിര്‍വ്വികാരമായ (ക്ഷോഭമൊടുക്കിയ) കാഴ്ചകള്‍ രൂപപ്പെടുത്തുന്നു.
''പഴയ വീട്ടിലെ കറകളില്‍നിന്നാണ് 
മഴകളൊക്കെ മരിച്ചൊലിക്കുന്നത്
ഇലകളില്ലാത്ത മുറ്റത്തുനിന്നാണ്
തിരികെയില്ലെന്ന് കല്പാടു മായ്ച്ചത്.
തിരികൊളുത്താത്ത സന്ധ്യകള്‍ക്കൊപ്പമാ-
യലകളില്ലാതെ ജീവിതം നിശ്ചലം.''

ഇന്ദുലേഖ
ഇന്ദുലേഖ


ആര്യാംബികയുടെ കവിതയിലെ 'വീട്' പതിഞ്ഞ കാലത്തില്‍ പെയ്യുന്ന മഴയെ ഓര്‍മ്മിപ്പിക്കുന്നു. ശാന്തമായൊഴുകുന്ന പുഴയുടെ ആഴം ഈ കവിതകളില്‍ ദര്‍ശിക്കാം 'വീടുകാണല്‍' എന്ന കവിതയില്‍.
''അരുത്, കോര്‍ത്ത മുള്‍വേലി, മൗനത്തിനാ-
ലതിരുകെട്ടിനിറുത്തിയ വാക്കുകള്‍
കയറിനോക്കൂ, മുഷിഞ്ഞ കരിയില
ഞെരിയുമീ പുരമുറ്റത്തിനപ്പുറം
ചെറിയ തിണ്ണതന്‍ പുഞ്ചിരി, മാറ്റിടാം
കനമെഴുമുപചാരച്ചെരിപ്പുകള്‍.
ചിലത് ചിന്തയിലെത്രമേല്‍ മായ്ച്ചാലും
ചിതലുപോലെ പഴമയെഴുതിടാം.''
ചിതലെഴുതുന്ന പഴമയ്ക്ക് ഒരു വഴിയുണ്ട്.  അത് നിരന്തരം നവീകരിക്കപ്പെടുന്ന കവിതയുടെ നേര്‍വഴിയാണ്.  കേവലമായ പ്രസ്താവനയോ കപട വൈകാരികപ്രകടനമോ അല്ല കവിത എന്ന തിരിച്ചറിവ് ചെറുതല്ല.
''എല്ലാ വെളിച്ചങ്ങളും
പതുക്കെക്കറുപ്പിച്ച്
വല്ലാത്തൊരിരുളില്‍,
താമസിപ്പതുപോലെ''യാവാം ആര്യാംബികയ്ക്ക് കാവ്യഗൃഹത്തിലെ നിലനില്‍പ്പ്.

ലോപ
ലോപ


വീട്ടിലെ സുരക്ഷിതത്വവും വീടിന്റെ സുരക്ഷിതത്വവും ഒന്നല്ലാത്തപോലെ, വീട്ടിലെ സ്വകാര്യതയും വീടിന്റെ സ്വകാര്യതയും ഒന്നല്ല.  വീടും അന്തേവാസിയും തമ്മിലുള്ള ബന്ധത്തിന്റെ രസതന്ത്രം സഹജീവനത്തിന്റേതാണ്.  അന്തേവാസി വീടിനെ കുളിപ്പിക്കുന്നു, മുഖം മിനുക്കിക്കൊടുക്കുന്നു, ചായം തേയ്ക്കുന്നു.  വീട് അന്തേവാസിക്ക് സുരക്ഷിതയിടം കൊടുക്കുന്നു, പലതില്‍നിന്ന് രക്ഷിക്കുന്നു, സ്വകാര്യതകള്‍ക്ക് മറകൊടുക്കുന്നു.  ഒരുനാള്‍ ഇരുവരും തെറ്റിപ്പിരിഞ്ഞു.  വിട്ടുപോവുകയാണെന്ന് വീടു പറഞ്ഞു.  പിരിയാന്‍ താല്പര്യമെങ്കില്‍ പൊയ്ക്കോളൂ എന്ന് അന്തേവാസിയും.  വീട് ഇറങ്ങിപ്പോയി.  വീട് കുടിയിരുന്നിടത്ത് പെരുവഴിയിലെന്നപോലെ അന്തേവാസി കിടന്നുറങ്ങി.
''വിട്ടുപോകൂ മകനേ, ഒരിത്തിരി
വിശ്രമം- പുകനീറുന്ന കണ്ണുകള്‍
ചെറ്റുപൂട്ടിക്കിടക്കണമമ്മയ്ക്ക്
ഒത്തിരിക്കാര്യമോര്‍ക്കണമമ്മയ്ക്ക്.

ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും
ഊന്നുകോലും ജരാനരാദുഃഖവും.
കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍
കോര്‍ത്തുഞാന്‍ നിന്റെ തേരുരുള്‍ കാക്കിലും
ഓര്‍ത്തുവയ്ക്കില്ലൊരിക്കലുമാക്കടം''
എന്നെഴുതി വീടിനെ, ജീവിതത്തെ, ബന്ധങ്ങളെ നിരാകരിക്കുകയാണെന്നു കരുതാന്‍ കഴിയില്ല.  കാരണം, എല്ലാ പ്രതികൂല പ്രതിലോമ അനുഭവങ്ങളേയും മറികടക്കാന്‍ കവിതയുടെ ഒറ്റത്തിരി ആരോ കൊളുത്തിവച്ചിരിക്കുന്നു.  ജീവിതം, വീട്, ബന്ധങ്ങള്‍ - ഇവയൊക്കെ വ്യക്തിത്വത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവയാകുമ്പോള്‍ കവി തീര്‍ക്കുന്ന പ്രതിരോധം കവിതയെ മുന്നോട്ടു നയിക്കുന്നു.  അങ്ങനെ സമവാക്യങ്ങള്‍ക്കു പുറത്ത് കവിത സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com