അപ്പവും പൂക്കളും: സിവിക് ചന്ദ്രന്‍ എഴുതിയ കവിത   

''ദാഹിച്ചെത്തുന്നവര്‍ക്കെന്ത് പൂക്കണി, കുടിവെള്ളംപൂക്കളാല്‍ മറയ്ക്കുന്നത് മഹാപാപം''        
അപ്പവും പൂക്കളും: സിവിക് ചന്ദ്രന്‍ എഴുതിയ കവിത   


''കുടിവെള്ളമെന്തിന് പൂക്കളിട്ട് മൂടുന്നു കവേ?''
ഈയിടുമ്മറത്ത്  നിത്യസന്ദര്‍ശകനായ കാക്ക ചോദിക്കുന്നു                   
പൂക്കണി കണ്ട് വെള്ളം കുടിക്കുന്നതൊരു 
സുഖമല്ലേ, സൗമ്യനാവുന്നു കവി 
ആര്‍ക്ക് സുഖം, നിങ്ങള്‍ക്കോ എനിക്കോ?            
നേര്‍ക്കുനേര്‍ തര്‍ക്കിക്കാനൊരുങ്ങുന്നു കാക്ക                   
മണ്ണുരുളിയില്‍ വെള്ളം നിറച്ചതില്‍ പൂവിട്ടു  
മ്മറക്കോലായില്‍ വെയ്ക്കുന്നതൊരാചാരം
അപ്പവും പൂക്കളുമൊപ്പമെന്നത് വേനലില്‍  
''നിങ്ങളതിഥിയായെത്തുമ്പോള്‍ കിറുകൃത്യം''
''ദാഹിച്ചെത്തുന്നവര്‍ക്കെന്ത് പൂക്കണി, കുടിവെള്ളം
പൂക്കളാല്‍ മറയ്ക്കുന്നത് മഹാപാപം''                            
''ദാഹം തീരുമ്പോളൊരു പൂ കൊത്തിക്കൊണ്ട്  
പൊയ്ക്കോളു, കൂട്ടുകാരിക്കിഷ്ടപ്പെടും''
''സൗഗന്ധികം തേടിയലയും ഭീമനല്ല, ബകന്     
തീറ്റയായ്, തീറ്റയുമായി പോകുമീ ഭീമന്‍''                    
രണ്ടുമൊരേ ഭീമന്‍, രണ്ടിടങ്ങളിലെ ഭീമ             
നെന്നുമാത്രം, വേദാന്തച്ചൊരുക്കോടെ കവി                   
ഇടങ്ങള്‍ തന്നെ പ്രധാനം, ബക ഭീമ
വിശപ്പുകള്‍ക്കിടയിലെന്ത് സൗഗന്ധികം?      


വിശപ്പും ദാഹവും തീര്‍ന്ന് തിരിച്ചു പോവുമ്പോ             
ഴെങ്കിലുമൊരു സൗഗന്ധികമാകാമല്ലോ കയ്യില്‍?      
ഒരുരുള മറ്റു ഭര്‍ത്താക്കന്മാര്‍ കാണാതെ                       
കൊണ്ടുപോയ്ക്കൊടുക്കുന്നതാവാമവള്‍ക്കിഷ്ടം  
അത്തരമൊരു പതിവുണ്ട് പഴയ തറവാടുകളി,ലറിയില്ലേ?
ഒടുവിലത്തുരുള ബാക്കിവെക്കുന്നു  തന്റെ പെണ്ണിനായ് പുയ്യാപ്ലമാര്‍  
അതുമഞ്ചുപേര്‍ക്കായ് പങ്ക് വെയ്ക്കാന്‍ പറഞ്ഞാലോ 
അമ്മ കുന്തി എന്നൊരു കുസൃതിയെയ്യുന്നു കവി
ഇതിന്നിടെ ദാഹം മാറി തിരിച്ചു പോകാനൊരുങ്ങുന്നു 
കാക്ക, സൗഗന്ധികമല്ലെന്നാലും ഈ കാക്കപ്പൂ 
സൈരന്ധ്രിക്ക് കൃഷ്ണന്‍ വകയായിപ്പൂ 
വെന്ന് യാത്രാമൊഴിയുമായി കവി                 
ഒരു രക്ഷയുമില്ല നിങ്ങള്‍ കവികളെക്കൊണ്ടെന്ന് മുറുമുറുത്ത്                  
ചുണ്ടില്‍ കാക്കപ്പൂവുമായി പറന്നേ പോകുന്നു കാക്ക...

ചിത്രീകരണം - കന്നി എം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com