കഷായം: കെ രാജഗോപാല്‍ എഴുതിയ കവിത

മുതുമുത്തച്ഛനു പണ്ട്പരുമുറ്റി പനിച്ചപ്പോള്‍കടലാവണക്കരച്ച്കഷായം വെയ്ക്കാന്‍
കഷായം: കെ രാജഗോപാല്‍ എഴുതിയ കവിത


ഒന്ന്

മുതുമുത്തച്ഛനു പണ്ട്
പരുമുറ്റി പനിച്ചപ്പോള്‍
കടലാവണക്കരച്ച്
കഷായം വെയ്ക്കാന്‍

ചുവടോ, ടേഴിലംപാല-
പട്ടുവീണ പറമ്പിലെ
പശമണ്ണു കുഴച്ചൊരു
കലം മെനഞ്ഞു.

കഷായക്കൂ, ട്ടടുപ്പത്ത്
തിളവെട്ടി പതയുമ്പോള്‍
പരുവിന്റെ മുഖം താനേ
പഴുത്തുപൊട്ടി

മുപ്പതുനാള്‍ മുടങ്ങാതെ
മേമ്പൊടിയും കഷായവും;
പനി നേരത്തോടുനേരം
പടി കടന്നു.

''കലം പൊട്ടിച്ചെറിയല്ലേ
കുറിപ്പടി കളയല്ലേ,
ദുഷിപ്പിന്റെ വരുംകാല-
ത്തുപകരിക്കും;

തലമുറ,യ്ക്കൊരാള്‍ക്കെന്ന
കണക്കിനീ പനിവീണ്ടും
വരുമ്പോഴാര്, എവിടെ?
എന്നറിയില്ലല്ലോ...''

പറവടിച്ചള,ന്നേഴു
പതംവാങ്ങി മടങ്ങുമ്പോള്‍
പറയാതെ പറഞ്ഞെന്നു
വരുത്തി വൈദ്യന്‍....

കഷായക്കൊ,ത്തൊഴിക്കുമ്പോള്‍
കലംകാണാന്‍ പലരെത്തി
കഴുത്തൊപ്പമൊരാള്‍ക്കതി-
ലൊളിച്ചു പാര്‍ക്കാം!

നിലവറക്കുഴിക്കുള്ളില്‍
വാവട്ടം ചുവടറ്റം
വരിഞ്ഞ വൈക്കോല്‍ത്തിരിയില്‍
കലംപൊതിഞ്ഞു.

രണ്ട്

കടന്നു പന്തിരാണ്ടെന്ന്
അതേ മുഴു,പ്പതേ സ്ഥാനം
പരുപൊങ്ങി പനിച്ച്
അച്ഛനലറിത്തുള്ളി.

അടുപ്പത്തു കലംവെച്ചി-
ട്ടവിടെല്ലാം തിരഞ്ഞിട്ടും
കുറിപ്പടിക്കടലാസ്
വെളിപ്പെട്ടില്ല.

വൈദ്യരെ തിരഞ്ഞുപോയോ-
രതുപോലെ തിരിച്ചെത്തി
-അയാള്‍ക്കോര്‍മ്മത്തളംവെച്ച്
കിടപ്പിലത്രേ!

കടലാവണക്കരച്ച്
പിഴിഞ്ഞൂറ്റി, ഓര്‍മ്മയില്‍ നി-
ന്നടുക്കളക്കാരി വീണ്ടും
കഷായം വെച്ചു.

മൂന്നിരട്ടി മേമ്പൊടിയും
നല്ലിരിപ്പും കഴിഞ്ഞപ്പോള്‍
മുളപൊട്ടി പരുവങ്ങി
പനി കുറഞ്ഞു.

കലംമോറി കമഴ്ത്തുമ്പോള്‍
അപവാദം പറഞ്ഞാരോ
''കലം കാക്കുവോളം പനി-
യടങ്ങുകില്ല.

പരുവിന്റെ മുളനുള്ളാന്‍
കലമെറിഞ്ഞുടയ്ക്കേണം
വരുകാലത്തിനി രോഗ-
ഭയം വേണ്ടല്ലോ...''

മൂന്ന്

കാലമേറെ കഴിഞ്ഞിട്ടി-
ന്നെനിക്കാകെ തണുക്കുന്നു;
ഉമിനീരി,ലറിയാതെ
വിഷം കയ്ക്കുന്നു.

ചിലരിഷ്ടം പറഞ്ഞു
വന്നടുക്കുന്നു,ണ്ടിനിചിലര്‍
പകരുമെന്നപവാദം
പറഞ്ഞുപോകെ;

കലമില്ല കടലാവ-
ണക്കുമില്ല, കഷായക്കൂ-
ട്ടറിയില്ല തിളപ്പിക്കാ-
നടുപ്പുമില്ലാ-

തിവിടെ ഗൂഗിളില്‍ തിര-
ഞ്ഞൊടുവില്‍ ഞാനറിയുന്നു
ഭയം കപ്പലിറങ്ങുന്ന
വഴികളെല്ലാം;

തലമുറക്കണക്കാവര്‍-
ത്തനങ്ങള്‍; ജീവനെ തുട -
ച്ചെടുത്തുകൊണ്ടതിന്‍ പലാ-
യനങ്ങളെല്ലാം...

ചിത്രീകരണം - സുരേഷ്‌കുമാര്‍ കുഴിമറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com