കൃഷിക്കാരന്റെ വീട്ടില്‍: വിനു ജോസഫ് എഴുതിയ കവിത

അച്ഛനുള്ള അത്താഴം അടുക്കള മേശയില്‍ മൂടിവച്ച്, നീയിപ്പോള്‍ ഉറങ്ങുകയായിരിക്കും. 
കൃഷിക്കാരന്റെ വീട്ടില്‍: വിനു ജോസഫ് എഴുതിയ കവിത

ച്ഛനുള്ള അത്താഴം 
അടുക്കള മേശയില്‍ 
മൂടിവച്ച്, നീയിപ്പോള്‍ 
ഉറങ്ങുകയായിരിക്കും. 

നിന്റെ അച്ഛനേതെങ്കിലും 
ഷാപ്പിലെ മേശയെ 
മീഞ്ചാറുണങ്ങിയ 
വിരല്‍കൊണ്ട് 
മൃദംഗമാക്കുന്നുണ്ടാകും. 

ചെള്ളയുടെ ചെരിപ്പിട്ട് 
അയാളാടിവരും മുന്‍പ് 
വേലിചാടി വന്നതാണ് 
നീ കിടന്നുറങ്ങുന്ന 
മുറിയുടെ ചാരത്ത്. 

നിങ്ങള്‍ വളര്‍ത്തുന്ന പട്ടി, 
എന്താണതിന്റെ പേര്? 
ടിപ്പുവോ, കൈസറോ-
യെന്റെ കണങ്കാലു നോക്കി 
മുരളുന്നുണ്ട,വനു തിന്നാന്‍ 
കൊണ്ടുവന്നിട്ടുണ്ട് 
ഉപ്പിലിട്ടുണക്കിയ രണ്ട് 
വരാലിന്റെ തുണ്ട്. 

പാതി ചന്ദ്രികാ റാന്തലുണ്ട് 
പാതിരാത്രിയില്‍ മാനത്ത്; 
മുറിയുടെ ചാരത്ത്, 
നീ തുറക്കുന്ന 
ജനലിന്റെ ഓരത്ത്, 
നിലത്തു മുട്ടിലിരുന്ന് 
കുഴിക്കുകയാണ് 
ചിരട്ടവട്ടത്തിലൊരു കുഴി. 

വീടിന്റെ പള്ളയില്‍ 
ചാരിയിരിപ്പുണ്ട് 
നിന്റെയച്ഛന്റെ 
മൂത്ത മക്കളെപ്പോലെ 
നുകവും കലപ്പയും. 
വീടിന്റെയീട്ടത്ത് 
തഴച്ചുനില്‍പ്പുണ്ട് 
വാഴയും തെങ്ങും കവുങ്ങും, 
നിന്റെയച്ഛന്റെ 
രഹസ്യക്കാരികള്‍... 

എന്റെ പടുതി കണ്ടവര്‍ 
പായതെറുത്തെണീക്കുന്നു. 

നാളെയതിരാവിലെ 
മുള്ളാനിറങ്ങുമ്പോള്‍
അച്ഛനിതു കണ്ടു കലിച്ചേക്കും 
ജാലകം തുറക്കുമ്പോള്‍ 
നീയുമിതു കണ്ടു ചിരിച്ചേക്കും 
മണ്ണറിഞ്ഞു തൈ നടാന്‍ 
പോലുമറിയാത്ത കോന്തന്‍... 

പിറന്നതില്‍പിന്നെയാദ്യമായ് 
ഭൂമിയില്‍ ഞാനൊരു
ചെടി നട്ടതാണെടീ, 
നിന്നോടുള്ള സ്‌നേഹം 
കവിതയില്‍ പറയാമെന്ന് 
കരുതിയീ നീല മന്ദാരം. 
 

ചിത്രീകരണം - കന്നി എം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com