കെണിക്കൂട്ട്: മനോജ് കുറൂര്‍ എഴുതിയ കവിത

ജനല്‍പ്പാളികള്‍ക്കിടയില്‍ഒളിക്കാന്‍ നോക്കുന്ന പ്രാണിക്കു പിന്നില്‍പതുങ്ങുന്ന പല്ലിയുടെ രൂപത്തില്‍അതു പല്ലിനു ചുറ്റും പരതിക്കൊണ്ടിരിക്കും.
കെണിക്കൂട്ട്: മനോജ് കുറൂര്‍ എഴുതിയ കവിത

ല്ലിനിടയ്ക്കൊരു നാരിരുന്നാല്‍
നാവിനാണസ്വസ്ഥത.
ജനല്‍പ്പാളികള്‍ക്കിടയില്‍
ഒളിക്കാന്‍ നോക്കുന്ന പ്രാണിക്കു പിന്നില്‍
പതുങ്ങുന്ന പല്ലിയുടെ രൂപത്തില്‍
അതു പല്ലിനു ചുറ്റും പരതിക്കൊണ്ടിരിക്കും.

മോഡേണ്‍ ടൈംസില്‍
സ്പാനര്‍കൊണ്ടു
പണിയെടുത്ത് പണിയെടുത്ത്
സ്പാനര്‍ മുറുക്കുന്ന കൈപോലെ കഴുത്തുതിരിച്ച്
അതിന്റെ വിടവുകള്‍പോലെ കൈകാലുകള്‍ വളച്ച്
ചാപ്ലിന്‍ നടന്നതുപോലെയല്ല,
കാലിന്റെയും കഴുത്തിന്റെയും
വിടവുകളിലെ ഇല്ലായ്മകള്‍
തമ്മില്‍ത്തമ്മില്‍ നോക്കി
തലവെട്ടിച്ചു  ചിരിക്കുമ്പോള്‍
ഇടയ്ക്കുപെട്ട് ഞാന്‍
ഒരു ജനല്‍മൂലയിലിങ്ങനെ
ചാരിനില്‍ക്കുന്നത്.

പല്ലു രണ്ടെണ്ണം എടുത്തുകളഞ്ഞപ്പോള്‍
നാവൊന്നു സ്വസ്ഥമായതാണ്. 
എങ്കിലുമിപ്പൊഴുമാ വിടവില്‍
തൊട്ടു തിരഞ്ഞു മടങ്ങുന്നുണ്ടത്.
അതുകൊണ്ടാണെന്റെ നാവ്
ചിലപ്പോഴൊക്കെ സ്വയം
ഞാന്‍ എന്നു  വിളിക്കുന്നത്.
നാരിന്റെ അഭാവത്തിലും
അതിന്നോര്‍മ്മയിലുണ്ട്,
പല്ലിനിടയില്‍പ്പെട്ടതൊക്കെ
തമ്മില്‍പ്പകുത്ത്
മെല്ലെച്ചവച്ചും നുണഞ്ഞും
കഴിഞ്ഞ നാളുകളെല്ലാം.

വളഞ്ഞുപിടിക്കേണ്ട ഒന്നിന്റെ 
വലിപ്പത്തിനൊപ്പം
അയയ്ക്കാനോ മുറുക്കാനോ കഴിയാതെ,
ഇണങ്ങിയ ഒരിരയിലേക്ക്
മറ്റാരെങ്കിലും നയിക്കുന്നതും നോക്കി
പിളര്‍ന്ന വായയുമായി 
മൂലയ്ക്കു ചാരിനില്‍ക്കുകയാണു സ്പാനര്‍.  
നാവില്ലെങ്കിലും എന്നെപ്പോലെ
രണ്ടു വായകള്‍ മാത്രമുള്ള
ഒരു ജീവിയുടെ ഉടലുമാണല്ലൊ അത്.

ഒരിക്കലും ചേരാത്ത രണ്ടു വിടവുകളുമായി
ഞാനിപ്പോഴും ജനല്‍മൂലയില്‍ത്തന്നെയുണ്ട്.
ഇളക്കം തീരാത്ത എന്റെ നാവ് 
പല്ലിനിടയില്‍ത്തന്നെ പരതുന്നുമുണ്ട്.

ചിത്രീകരണം - സുരഷ്‌കുമാര്‍ കുഴിമറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com