ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍: ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍ചെറുമുനമ്പുകള്‍ താണ്ടിമഹാശൃംഗത്തെ മറികടക്കാനുള്ളതയ്യാറെടുപ്പാണ്
ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍: ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

രമ്പിപ്പാച്ചിലുകള്‍ക്കപ്പുറമിപ്പുറം
നടുവില്‍
മറ്റൊരു രാജ്യത്തേയ്ക്കുള്ള തയ്യാറെടുപ്പാണ്
ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
ചെറുമുനമ്പുകള്‍ താണ്ടി
മഹാശൃംഗത്തെ മറികടക്കാനുള്ള
തയ്യാറെടുപ്പാണ്

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
പുളയ്ക്കുന്ന തിമിംഗലങ്ങള്‍ വന്നിടിച്ചു
വീഴാതിരിക്കാനുള്ള തയ്യാറെടുപ്പാണ്

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
യമ ശമ ദമ ബുദ്ധനാകാനുള്ള
തയ്യാറെടുപ്പാണ്
പാടവരമ്പില്‍ നില്‍ക്കയാണെന്ന
സാന്ത്വനത്തിനുള്ള തയ്യാറെടുപ്പാണ്
മൗനിബാബമാരായ് ചിരിക്കുന്ന
കൂറ്റന്‍ ഞണ്ടുകള്‍
ഇറുക്കിപ്പിടിക്കാതിരിക്കാനുള്ള
തയ്യാറെടുപ്പാണ്
അറ്റക്കഴായകള്‍ ചാടിച്ചാടി
തോട്ടുവരമ്പില്‍ ചെന്നുനിന്ന്
ശ്വാസം വിടാനുള്ള തയ്യാറെടുപ്പാണ്
അക്കരെ സ്‌കൂളിലേയ്ക്ക് പോകുംപോലെ
എല്ലാം നിത്യപരിചിതമെന്ന്
സമാധാനിപ്പിക്കാനുള്ള തയ്യാറെടുപ്പാണ്
കിളികളും കാക്കകളും
നെല്‍ക്കതിരുമാണ് ചുറ്റുമെന്ന്
വിശ്വസിപ്പിക്കാനുള്ള തയ്യാറെടുപ്പാണ്
ഇളംകതിരിന്റെ മണി
കൊറിച്ചുനില്‍ക്കയാണെന്ന്
സ്വപ്നം കാണാനുള്ള തയ്യാറെടുപ്പാണ്
തള്ളക്കിളി കൊച്ചുകിളിയുടെ വായില്‍
കുഞ്ഞുമീനൂട്ടുകയാണെന്ന്
വിചാരിക്കാനുള്ള തയ്യാറെടുപ്പാണ്.

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
ഒന്നിനും ഒഴികഴിവ് പറഞ്ഞിട്ടു കാര്യമില്ല
നരകപ്പുറ്റു പിടിച്ച ഡിവൈഡറില്‍നിന്ന്
ഒരു വാല്മീകി ഉണര്‍ന്നുവരുന്നെന്ന്
സമാധാനിപ്പിക്കാനുള്ള തയ്യാറെടുപ്പാണ്.

ഒരു ഗര്‍ത്തത്തിനും
മറുഗര്‍ത്തത്തിനും മദ്ധ്യേ
നൂല്‍പ്പാലത്തില്‍നിന്നും
താഴേയ്ക്കു നോക്കുമ്പോള്‍
ഹാ, എന്തൊരു രസമെന്ന്
നിനയ്ക്കാനുള്ള തയ്യാറെടുപ്പാണ്,
കാടുകള്‍ പുഴക്കിക്കൊണ്ടു പോകുന്ന
ലോറികളല്ല അപ്പുറത്തെന്ന്
എണ്ണക്കിണറേറ്റിപ്പോകുന്ന
കണ്ടെയിനറുകളല്ല ഇപ്പുറത്തെന്ന്
സമാധാനിപ്പിക്കാനുള്ള
തയ്യാറെടുപ്പാണ്.

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
ഒരു വശം
വെളുത്ത രക്താണുക്കളുടെ ഘോഷയാത്ര
മറുവശം
ചുകന്ന രക്താണുക്കളുടെ മരണവെപ്രാളങ്ങള്‍.

ഡിവൈഡറില്‍ നില്‍ക്കുമ്പോള്‍
ഒരു വശം
വെളുത്ത പൂന്തോട്ടങ്ങള്‍
മറുവശം
ഇരുണ്ട കൊക്കുകള്‍.

ഇരുവശത്തായി
മുഖാമുഖം
ചാവേര്‍മേഘങ്ങള്‍ നിരന്ന
യുദ്ധഭൂമിക്കു മദ്ധ്യേ
പകയുടെ ഖഡ്ഗങ്ങള്‍
ആഞ്ഞുവീശുന്നില്ലെന്ന്
വിശ്വസിപ്പിക്കാനുള്ള
തയ്യാറെടുപ്പാണ്.

എങ്ങനെയുമെങ്ങനെയും
യാത്രികന്‍ പിടിച്ചുനില്‍ക്കുന്നു
എവിടെ എന്തിന്
ഒടുവില്‍,
ഒരു തുടം ചോരകൊണ്ടാണവന്‍
താന്‍ ആരെന്ന മായാവചനം
നിശ്ശബ്ദം കുറിച്ചിട്ടത്
അതിന്‍ പൊരുളിലാണവന്റെ
പരാപരത്തിരയടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com