'രണ്ടാം വരവ്'- ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത

പിറന്നൂ ശുഭതാരംചുരന്നൂ വെളിച്ചവും.ആശംസാ പ്രവാഹങ്ങള്‍പടമായ്, പറച്ചിലായ്.
'രണ്ടാം വരവ്'- ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത

പിറന്നൂ ശുഭതാരം
ചുരന്നൂ വെളിച്ചവും.

ആശംസാ പ്രവാഹങ്ങള്‍
പടമായ്, പറച്ചിലായ്.

എങ്കിലുമിരുട്ടിന്റെ 
പങ്കിലമാകും മറ!

എത്രയോ കൈകള്‍ 
ദീപം തെളിക്കാനുഴറുന്നു
അന്ധകാരത്തില്‍ തമ്മി-
ലവ മുട്ടുന്നൂ പിന്നെ
കൈകള്‍ കോര്‍ത്തിരുട്ടിനെ
നേരിടാനുറയ്ക്കുന്നു.

വാതില്‍ക്കല്‍ തീ തുപ്പുന്ന
വ്യാളികള്‍, വേതാളങ്ങള്‍ 
ഇരുട്ടില്‍ത്താനേപിടഞ്ഞു-
ണരും പിശാചുക്കള്‍. 

നാരായവേരില്‍ത്തന്നെ
തറയ്ക്കും മുള്ളാണികള്‍. 

''ഞാനാര്? ഞാനാരെ''ന്ന-
പണ്ടത്തെ ചോദ്യത്തിന്‍മേല്‍
''നീയാര്? നീയാരെ''ന്ന
കര്‍ശനം തിരുത്തുകള്‍

ചേരാനും പിരിയാനും
നേര്‍ക്കാനും യോജിക്കാനും 
ഭിന്നരാം പ്രവാചകര്‍;
അവര്‍ തന്‍ വചനങ്ങള്‍

കോട്ടക്കൊത്തളങ്ങളെ
സ്മാരകമാക്കാന്‍ വയ്യ,
രാപ്പകലതിന്‍ മേലേ
പ്രേതനര്‍ത്തനം മാത്രം.

എനിക്കു ഞാനാവണം
ഞാന്‍ മാത്രമെന്നാവണം
എന്റെ ദിവ്യമാം ഗ്രന്ഥം
മാത്രമാവണമെങ്ങും. 

എനിക്കു ഞാനാവണം
നമ്മളാവുക വയ്യ.

എനിക്കു തീയും ചൂടും
വെള്ളവും വെളിച്ചവും
പ്രാണവായുവുമൊക്കെ-
യൊറ്റയ്ക്കു തന്നേ വേണം

നാള്‍വഴിപ്പേരേടിന്‍മേല്‍
പേരുള്ള നന്‍പര്‍മാത്രം
അതു താന്‍ ലോകത്തിന്റെ
ചിത്രമെന്‍ ഹൃദയത്തില്‍.

എവിടെയിടിമിന്നല്‍?
എവിടെക്കൊടുങ്കാറ്റ്?
യൗവ്വനം പൂണ്ടേ മണ്ണും 
കടലും തിളയ്ക്കുന്നു.

ജനനം ദിവ്യം, സര്‍വ്വ
പാപവും ഹരിക്കട്ടെ
ഉണ്ടൊരു രണ്ടാംവരവ-
തുതാന്‍ സ്വപ്നം കാണ്‍മൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com