'ചിലര്‍ ശ്വസിക്കുന്ന പാട്ടില്‍ നമ്മള്‍ മരിച്ചുപോവുന്നു'- ആര്‍ഷ കബനി എഴുതിയ കവിത

പാട്ടിന്റെ ജനാലയിലേക്ക് ചേര്‍ന്നിരുന്നുമുത്തശ്ശിയുടെ ചെവിയിലൂടെ അത് തുളഞ്ഞ് തുളഞ്ഞ് കയറിപ്പോകുന്നു
'ചിലര്‍ ശ്വസിക്കുന്ന പാട്ടില്‍ നമ്മള്‍ മരിച്ചുപോവുന്നു'- ആര്‍ഷ കബനി എഴുതിയ കവിത

1. ഉറക്കുപാട്ട്

പാട്ടിന്റെ ജനാലയിലേക്ക് ചേര്‍ന്നിരുന്നു
മുത്തശ്ശിയുടെ ചെവിയിലൂടെ അത് 
തുളഞ്ഞ് തുളഞ്ഞ് കയറിപ്പോകുന്നു.

യാത്ര പോകുന്നതിന്റെ ഓര്‍മ്മയില്‍ 
ചെപ്പിയില്‍ കുഴഞ്ഞൊരു കാറ്റ് വീശി.

ഏന്തി വലിഞ്ഞ്, വലിഞ്ഞ് കയറ്റം കേറി
ഒരു വീടിനരികെ പാട്ട് നിന്നു.
മുറ്റത്ത് നെല്ല് ചിക്കുന്ന ഒച്ച,
അതിലേക്ക് പറന്നുകേറുന്ന തളളക്കോഴി,
അതിനെ ഓടിക്കുമ്പോള്‍ 
കുഞ്ഞിമോളെ പതുക്കെ, പതുക്കെയെന്ന് മുത്തശ്ശി.

മുത്തശ്ശിയുടെ ചെവിയില്‍ ഉറക്കുപാട്ട്
അതിന്റെ ജനാലയില്‍ വീണ്ടും ഞാന്‍.

2. ചൂളമടി

മുത്തശ്ശിയുടെ ചെവിയിലെ 
രോമത്തിലൊന്നില്‍ ഊയലാടി കണ്ണിലേക്കെത്തി.
പാട്ടപ്പോള്‍ കനത്ത് ഒരു ചൂളമടിപോലെ.
കടത്തുവഞ്ചിയില്‍ പുഴകടന്നു,
മീനുകള്‍ക്കൊപ്പം തോര്‍ത്ത് കെട്ടിക്കുളിച്ചു,
ഇഞ്ചത്താളി തേച്ചു,
മലന്ന് നീന്തി,
വിയര്‍പ്പില്‍ കത്തി,  നെഞ്ചില്‍ പിടയുന്ന കത്ത് കണ്ടു.
കൊടുങ്കാറ്റ്‌പോലെ അതിലെ അക്ഷരങ്ങള്‍.
രാത്രിയില്‍ സര്‍പ്പക്കാവില്‍ പോയി 
കളം മായ്ക്കുന്ന പെണ്ണുങ്ങള്‍ക്കൊപ്പം ഉറഞ്ഞു.
ചകിരിപ്പാടങ്ങളിലൂടെ മടങ്ങുമ്പോള്‍ 
കുഞ്ഞിമോളെ ഇനിയും ഉറക്കെ ഉറക്കെ ചിരിക്കെന്ന് മുത്തശ്ശി.

മുത്തശ്ശിയുടെ കണ്ണില്‍ പാട്ടിന്റെ ചിത്രാവിഷ്‌കാരം
അതിന്റെ നിറപ്പടര്‍പ്പില്‍ കൂകിയാര്‍ത്ത് ഞാന്‍.

3. കരച്ചില്‍

മുത്തശ്ശിയുടെ കണ്ണില്‍നിന്നൊഴുകി
ഗര്‍ഭപാത്രത്തിലെത്തി.
പാട്ടപ്പോള്‍ കുതിര്‍ന്ന് ഒരു കരച്ചില്‍പോലെ.
അഞ്ച് ആണ്‍മക്കള്‍ക്ക് ചോറ് വിളമ്പി,
പെണ്ണിന്റെ തീട്ടത്തുണി കഴുകി,
വെണ്ണീറിട്ട് മീന്‍ചട്ടി മോറി,
അയല്‍ക്കാരികള്‍ക്കൊപ്പം പണിക്കിറങ്ങി,
വെപ്പാട്ടിയുടെ മണം വറ്റിയ കെട്ടിയോനെ കാത്തിരുന്നു,
അടിവയറ്റില്‍ ചവിട്ടേറ്റു,
വാര്‍ന്നൊലിക്കുന്ന ചോരയില്‍ തൊട്ടു.
ഉറക്കമില്ലാത്തവളുടെ പുലമ്പലില്‍ പാ വിരിച്ച് കിടന്നു,
കുഞ്ഞിമോളെ വേഗം, വേഗം എഴുന്നേക്കെന്ന്
നേരം പുലരും മുന്‍പേ തട്ടിവിളിച്ച് മുത്തശ്ശി.

മുത്തശ്ശിയുടെ കരച്ചിലില്‍ കുറുകി വലിഞ്ഞ് കഫം,
അതിന്റെ കെട്ടുപിണയലില്‍ കുടുങ്ങി 
കിടപ്പ് രോഗിയില്‍നിന്നൊന്ന് എഴുന്നേല്‍പ്പിക്കൂവെന്ന് ശ്വാസംമുട്ടി പിടഞ്ഞ് ഞാന്‍.

4. പഴന്തുണി കീറുന്ന ശബ്ദം

മുത്തശ്ശിയുടെ ഗര്‍ഭപാത്രത്തില്‍നിന്നടര്‍ന്ന് 
വാട്ടര്‍മെത്തയിലേക്ക് വീണു.
പാട്ടപ്പോള്‍ മൂത്രം മണക്കുന്ന പഴന്തുണിയുടെ കീറല്‍ ശബ്ദം.

മരണം പരതുംപോലെ മുത്തശ്ശി നോക്കി,
ഭാഷ മറന്നതിനാല്‍ ഒന്നും മിണ്ടാതെ 
ചിന്തിക്കാതെ കിടന്നു,

മുത്തശ്ശിയെ കുളിപ്പിക്കുമ്പോള്‍ 
ഈ മരിച്ച ശരീരത്തില്‍നിന്നെന്നെ ഒഴിപ്പിക്കൂ, ഒഴിപ്പിക്കൂവെന്ന് 
അലമുറയിട്ട് ഞാന്‍.

ചിലര്‍ ശ്വസിക്കുന്ന പാട്ടില്‍ നമ്മള്‍ മരിച്ചു പോവുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com