'മന്ത്രവിദ്യ'- ദീപ കരുവാട്ട് എഴുതിയ കവിത

ഒരു പെണ്ണ് അവളുടെ വീടുംഊരും ഉപേക്ഷിച്ച് പോന്നിട്ട്ഇന്നേയ്ക്ക് മുപ്പതാണ്ട്
'മന്ത്രവിദ്യ'- ദീപ കരുവാട്ട് എഴുതിയ കവിത

രു പെണ്ണ് അവളുടെ വീടും
ഊരും ഉപേക്ഷിച്ച് പോന്നിട്ട്
ഇന്നേയ്ക്ക് മുപ്പതാണ്ട്

ഒറ്റയാവുന്ന നേരമവള്‍
ആദ്യം തൊട്ടറിഞ്ഞ ഭൂമിയെ ഇടയ്ക്കൊന്നു പരതിനോക്കുന്നു.
അപ്പോഴെല്ലാം
ആദ്യമറിഞ്ഞ
കാറ്റിനെ കൈവെള്ളയിലേക്ക് ഊതിനോക്കുന്നു.
മണ്ണിനെ നാഭിയില്‍തൊട്ടു മണക്കുന്നു.
ഇലകള്‍, ചെടികള്‍, കിളികള്‍, പൂക്കള്‍, ഇഴജന്തുക്കള്‍
കാടുപോലവളുടെ അരയ്ക്കു കീഴ്പ്പുറം 
ചുറ്റിയമര്‍ന്നു കിടക്കുന്നു.

ആദ്യമറിഞ്ഞ
രുചികള്‍ എന്നുമവളുടെ പാത്യാമ്പുറം നുണഞ്ഞുകിടക്കുന്നു. 
ആ രസങ്ങളെ വടിച്ചെടുത്ത്
കൈകള്‍ അകം പുറം നക്കിത്തുവര്‍ത്തുന്നു.

തീണ്ടിപ്പോയ
പ്രണയങ്ങള്‍,
ദാഹങ്ങള്‍, മോഹങ്ങള്‍
ഒന്നോടൊക്കെ തുടുത്തുനില്‍ക്കുന്നുണ്ട് അവളിലിപ്പോഴും,
അപ്പോഴെല്ലാം 
ഉന്മാദരസം ഒരുതുള്ളി കൈക്കുമ്പിളിലെടുത്ത്  
നെറുകിലൊന്നുരച്ച് തിരുമ്മി
സ്വപ്നവള്ളിയാല്‍
ഉടലിനെയൊന്നുയര്‍ത്തി
പറത്തി  ആകാശം മുട്ടിച്ച്
സസൂക്ഷ്മം ആരുമറിയാതെ
ഓര്‍മ്മത്തൊഴുത്തില്‍ കൊണ്ടുപോയി അതിനെ 
വലിച്ചുകെട്ടിയിട്ട് കുന്തിച്ചിരുന്ന് നെടുവീര്‍പ്പിടുന്നു.

ആദ്യമറിഞ്ഞ വഴികള്‍, മനുഷ്യര്‍ കിതപ്പാറ്റി ചേര്‍ത്തുപിടിക്കുന്നു, 
അവളെ തൊട്ട
ഭയങ്ങള്‍ 
ദു:ഖങ്ങള്‍ കൂനിക്കൂടിയിരുന്നു പയ്യാരം പറയണു.

നാടും വീടും വിട്ടുപോരുമ്പോള്‍
പറയാന്‍ ബാക്കിവെച്ച വാക്കുകളില്‍ 
ഒരു ഊമയിരിക്കുന്നു. (അതിനെ ഓടിച്ചുവിടുന്നു)
തിരിച്ചറിയാതെ ഒറ്റപ്പെട്ടുപോയ ചില നേരുകള്‍ 
നോട്ടം തെറ്റാതെ നോക്കിയിരിക്കുന്നു.
(നിശ്ശബദമായതിനെ അരിച്ചെടുക്കുന്നു)
തിടുക്കപ്പെട്ടുപോയ  ജീവിതങ്ങള്‍ ആയാസപ്പെട്ട്
മറഞ്ഞുനില്‍ക്കുന്നുണ്ട്.
(അവയെ അറുത്തുമുറിച്ച് കളയുന്നു.)
തിരസ്‌കരിച്ച പ്രണയങ്ങള്‍ ഉറക്കച്ചടവോടെ നോക്കിയിരിക്കുന്നു.
(കണ്ണുകളടച്ചവയെ സ്വപ്നങ്ങളില്‍ ചേര്‍ത്തുവയ്ക്കുന്നു.)
കൊടുക്കാനാവാതിരുന്ന
ചുംബനങ്ങള്‍ വിയര്‍ത്തുവിയര്‍ത്തു കിടക്കുന്നു മേല്‍ച്ചുണ്ടിലിപ്പോഴും.
(ഓരോ സൂര്യോദയത്തിലും കൊടുത്തുകൊണ്ടേയിരിക്കുന്നു.)
പരസ്പരം
കൊതിച്ചുവച്ച രതിസംഗമങ്ങള്‍ കിതച്ചുനില്‍ക്കുന്നു.
(സ്വയം ജ്വലിച്ച് ഓരോ രാവിലും ഉടലിലേക്ക് ആവാഹിക്കുന്നു.)

അതങ്ങനെതന്നെയാണ്,
ആരുമറിയാതെ
പിറന്ന നാടും വീടും സ്വന്തം ഉടലില്‍ 
കൊണ്ടുനടക്കാനറിയാവുന്ന മന്ത്രവിദ്യ പെണ്ണില്‍നിന്നും പഠിക്കണമെന്ന്!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com