'സാമൂഹ്യപാഠങ്ങള്‍'- പദ്മദാസ് എഴുതിയ കവിത

റെഡ് ഇന്ത്യക്കാര്‍ എപ്പോഴുംനൃത്തവേഷത്തില്‍ ആയതെന്തുകൊണ്ട്?
'സാമൂഹ്യപാഠങ്ങള്‍'- പദ്മദാസ് എഴുതിയ കവിത

റെഡ് ഇന്ത്യക്കാര്‍ എപ്പോഴും
നൃത്തവേഷത്തില്‍ ആയതെന്തുകൊണ്ട്?

താന്തിയാ തൊപ്പിക്ക്
തൊപ്പി ഇല്ലാതെ പോയതെന്തുകൊണ്ട്?

തുര്‍ക്കികള്‍, ഒരു കാരണവുമില്ലാതെ
എന്തിനാണ്
കോണ്‍സ്റ്റാന്റിനേപ്പിള്‍ കീഴടക്കിയത്?

ഭൂപ്രകൃതിയനുസരിച്ച്
എന്തുകൊണ്ടാണ്, കേരളം
മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ
എന്നായി മാത്രം വിഭജിക്കപ്പെട്ടത്?

എന്തുകൊണ്ടാണ്
ഝാന്‍സിയിലെ റാണിക്ക്
പേരില്ലാതെ പോയത്?

മേശമേല്‍ ഗമകാട്ടി അമര്‍ന്നിരുന്ന
വള്ളിച്ചൂരലിന്റെ കണ്ണുരുട്ടലില്‍
അച്ചടക്കം, അച്ചടക്കം എന്നുമാത്രം
പേര്‍ത്തും പേര്‍ത്തും
ഉരുവിടാന്‍ പഠിച്ച മനസ്സ്
അന്നു ചോദിക്കാന്‍ മടിച്ച ചോദ്യങ്ങള്‍
ഇപ്പോഴുമുണ്ട്, നാത്തുമ്പില്‍.

ഒന്നു ചോദിക്കാമെന്നു വെച്ചാല്‍
വന്നയുടനെ, ബോര്‍ഡില്‍
'ജീവശാസ്ത്രം' എന്നെഴുതിയതു വെട്ടിമാറ്റി
'സാമൂഹ്യപാഠങ്ങള്‍' എന്ന്
മാറ്റിയെഴുതുമായിരുന്ന
കാര്‍ക്കശ്യക്കാരനായ ബാലകൃഷ്ണന്‍ മാഷിനിപ്പോള്‍
സ്മൃതിനാശരോഗവും
ബാധിച്ചിരിക്കുന്നു!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com