'വൈകിയ നേരങ്ങളിലെ വെളുത്ത കോഴിക്കൊത്ത്'- ലക്ഷ്മി പി എഴുതിയ കവിത

മകളുടെ കല്യാണപ്പിറ്റേന്ന്അവളുടെസമ്മാനപ്പൊതികള്‍ അഴിക്കുകയായിരുന്നു ഞങ്ങള്‍.ഓരോ സമ്മാനവും ആരാരു തന്നവയെന്ന്വായിച്ചുകൊണ്ടവയുടെവര്‍ണ്ണപ്പൊതികളഴിച്ചപ്പോള്‍ഇരുപതുവര്‍ഷം പിറകെപ്പോ,യവള്‍ ചിരിച്ചു.
'വൈകിയ നേരങ്ങളിലെ വെളുത്ത കോഴിക്കൊത്ത്'- ലക്ഷ്മി പി എഴുതിയ കവിത

കളുടെ കല്യാണപ്പിറ്റേന്ന്
അവളുടെ
സമ്മാനപ്പൊതികള്‍ അഴിക്കുകയായിരുന്നു ഞങ്ങള്‍.
ഓരോ സമ്മാനവും ആരാരു തന്നവയെന്ന്
വായിച്ചുകൊണ്ടവയുടെ
വര്‍ണ്ണപ്പൊതികളഴിച്ചപ്പോള്‍
ഇരുപതുവര്‍ഷം പിറകെപ്പോ,യവള്‍ ചിരിച്ചു.
ഞാനിരുപതുവര്‍ഷം പിറകെപ്പോയവളുടെ
ചിരി കണ്ടു, പിന്നെ
ഇരുപതുവര്‍ഷത്തിനപ്പുറമിരുന്നോരോ
സമ്മാനങ്ങളെക്കുറിച്ചുമവള്‍
പറയാന്‍ തുടങ്ങിയപ്പോള്‍
എനിക്കവിടെ നില്‍ക്കരുതാതായി
ഇരിപ്പുറക്കാതായി,
വീണ്ടും മുപ്പതുവര്‍ഷങ്ങള്‍ പിറകെപ്പോയി
ഞാനെന്റെ അമ്മമ്മയുടെ മുണ്ടിലൊളിച്ചു.

അവളുടെ ശബ്ദങ്ങള്‍ കേള്‍ക്കാനാകാത്തത്ര
ദൂരത്തെത്തിയിരുന്നു ഞങ്ങള്‍,
ഞാനും എന്റെയമ്മമ്മയുമപ്പോള്‍
ഉമ്മറത്ത് നില്‍ക്കാന്‍ തുടങ്ങി,
അമ്മമ്മയുടെ വേഷ്ടിമുണ്ട്
തിരിച്ചും പിരിച്ചും ഞാന്‍
ഉമ്മറത്തിന്റെ ഒത്തനടുക്ക്
ഒഴിഞ്ഞുനിന്നു.

എനിക്കിപ്പോള്‍ ഇളംനീലനിറമുള്ള
ഫ്രോക്കാണ്,
രണ്ടുകയ്യിലും വെളുത്തമുത്തുകള്‍
തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്
ഇന്നെന്തിനാണമ്മ നീലഫ്രോക്കിടീപ്പിച്ച്
മുടിയും മടഞ്ഞിട്ട് പൊട്ടും തൊടീച്ചെന്നെ
ഉമ്മറത്തിങ്ങനെ നിര്‍ത്തിയിരിക്കുന്നതെന്ന്
എനിക്കിപ്പോള്‍ മനസ്സിലാകാന്‍ പോകയാണ്.

ഉമ്മറക്കസേരയില്‍ ഒരാള്‍ വന്നിരിക്കുന്നുണ്ട്,
വടുക്കോറത്തിരുന്ന്
ഞാന്‍ മാങ്ങതിന്നുമ്പോഴാണ്
അയാള്‍ കേറിവന്നത്.
അയാളുടെ ചെരിപ്പിന് എന്ത് വലിപ്പമാ,ണത്
ഇട്ടിട്ടുനടക്കുമ്പോള്‍ കീയോന്ന് കേള്‍ക്കുമോ,
കീയോന്ന് കേള്‍ക്കുന്ന ചെരിപ്പ്
വാങ്ങിത്തരാമെന്നമ്മ
പറഞ്ഞത് ഇന്നലെയാണല്ലോ.

അയാളുടെ മടീലിരുന്ന്
ചേച്ചി പറയുന്നതെല്ലാമെനിക്കിപ്പോള്‍ കേള്‍ക്കാം
അയാളുടെ ബാഗ് തുറന്ന് ഏട്ടനൊരു
കാറെടുക്കുന്നതുമെനിക്കിപ്പോള്‍
കാണാം.

ഇപ്പോള്‍,

വായോന്ന് കൈനീട്ടി അയാളെന്നെ വിളിക്കുന്നു
പൊക്കോ പോയ് മടീലിരിക്കെന്നമ്മമ്മ പറയുന്നു.
മടിച്ചുമടിച്ചൊന്നടുത്തുചെന്നപ്പോള്‍
അയാള്‍ തവിട്ടുനിറമുള്ള പൊതിയഴിക്കുന്നു.
ചുവന്നകണ്ണും വെളുത്ത ഉടലും
വലിയകൊക്കുമുള്ളൊരു
പ്ലാസ്റ്റിക് കോഴിയെയെന്റെ കയ്യില്‍ത്തരുന്നു.

'അമ്മമ്മേ അയാളെനിക്കീ കോഴിയെത്തന്നൂ'വെന്ന്
തിരിച്ചുനടക്കുമ്പോള്‍,
അമ്മമ്മ ചിരിക്കുന്നു,
അയാളുറക്കെ ചിരിക്കുന്നു,
ഉമ്മറക്കോലായിലേക്കിറങ്ങിവരുന്നേരം
അമ്മയും ചിരിക്കുന്നു.
ചേച്ചി മടിയില്‍നിന്നിറങ്ങിയോടുന്നു,
ഓര്‍മ്മയിലെനിക്കിപ്പോള്‍
വെളിച്ചമിരുളുന്നു.

അമ്മമ്മേ! ഞാനൊരിക്കലുമയാളുടെ മടിയിലിരുന്നില്ല
ആ ബാഗിലെന്തെല്ലാമെന്ന്
തുറന്നുനോക്കിയില്ല
വലിയചെരിപ്പിട്ട് നടന്നുനോക്കിയില്ല
വീണുമുറിഞ്ഞപ്പോള്‍
തല്ലുമുമ്മയും വാങ്ങിച്ചില്ല.
എന്നിട്ടുമിന്നും ഞാനുറങ്ങാന്‍ നേരങ്ങളില്‍
വെളുത്ത കോഴിയെന്റെ കണ്ണില്‍കൊത്തുന്നല്ലോ
എന്നിട്ടുമിന്നും വൈകിയ നേരങ്ങളില്‍
വെളുത്ത കോഴിയെന്റെ
തലയില്‍ കൊത്തുന്നല്ലോ
എന്നിട്ടുമിന്നും ഞാന്‍ ചിരിക്കാന്‍ തുടങ്ങുമ്പോള്‍
ആ വെളുത്ത കോഴിയെന്റെ
ചങ്കില്‍ കൊത്തുന്നല്ലോ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com