'ആംഗ്യം'- അസീം താന്നിമൂട് എഴുതിയ കവിത

വലിയ മറവിക്കാരനാണ്.എങ്കിലും ഞാനെല്ലാം കിറുകൃത്യം ഓര്‍ത്തതുപോലങ്ങു ചെയ്യും
'ആംഗ്യം'- അസീം താന്നിമൂട് എഴുതിയ കവിത

ലിയ മറവിക്കാരനാണ്.
എങ്കിലും ഞാനെല്ലാം 
കിറുകൃത്യം ഓര്‍ത്തതുപോലങ്ങു ചെയ്യും;

ആംഗ്യങ്ങളാ
ണെന്റെയോര്‍മ്മ...

രാവിലെ ഉണര്‍ന്നാലുടന്‍ 
അഴിഞ്ഞുപോയ ഉടുതുണി 
തപ്പിയെടുത്തങ്ങ് അരയില്‍ തിരുകും.
ഉടുതുണി ഉരിഞ്ഞു പോയിട്ടില്ലെങ്കിലും 
ഉണര്‍ന്നാലുടന്‍ 
അതുപോലൊരാംഗ്യമങ്ങ് 
താനേ വരും.

നേരെ ചുവരലമാരിയുടെ 
കണ്ണാടിക്കു മുന്നില്‍ ചെന്നു നിന്ന്  
ആസകലമൊന്നു നോക്കി 
മൂരി നിവര്‍ക്കും.
അടിപതിഞ്ഞുപോയൊരാംഗ്യമാണത്.
ഈയടുത്ത് കണ്ണാടിയുടഞ്ഞ്
പ്രതിബിംബങ്ങള്‍ പലതായ് 
ചിതറിപ്പോയതാണല്ലോ എന്ന് 
ഓര്‍ക്കുന്നതുപോലും 
അപ്പോഴാണ്...

കുടുംബാല്‍ബത്തില്‍ 
ഒതുങ്ങിപ്പോയൊരോര്‍മ്മ 
മുന്‍പെങ്ങാണ്ടോ വാങ്ങിത്തന്നൊരു ജുബ്ബ
ഇടയ്‌ക്കെപ്പോഴോ അണിഞ്ഞപ്പോഴാണ്
ബട്ടന്‍സിടാനുള്ള 
കൈകളുടേയും വിരലുകളുടേയും 
പ്രാവീണ്യം ശ്രദ്ധയില്‍പ്പെട്ടത്.
കോളര്‍ നേരെയാക്കാനുള്ള 
വിരലിന്റെ ശേഷി അപാരം തന്നെ.

പുറത്തിറങ്ങുമ്പോള്‍ 
ചെരുപ്പിലേറാന്‍ കാലിനു 
പ്രത്യേകമായൊരാംഗ്യം തന്നെ 
സ്വായത്തമാണ്...

കൃത്യസമയത്ത് പുറപ്പെടുക എന്ന
അതൃപ്തമായൊരാംഗ്യത്തെ 
അടച്ചിടലിനും   
അടക്കാനായിട്ടില്ല.

ഹെല്‍മറ്റ് ധരിക്കണമെന്നെനിക്കു 
നിര്‍ബ്ബന്ധമുണ്ട്. 
മറവി ഒരു തടസ്സമേയല്ല.
കൈകള്‍ക്കത് 
ഒഴിവാക്കാനാകാത്തൊരാംഗ്യമാണ്.

കണ്ണടയില്ലാതെ പറ്റത്തില്ല.
ഹെല്‍മറ്റിനുള്ളിലൂടെ 
അതു തിരുകിയേറ്റുക പ്രയാസവുമാണ്.

തകര്‍ന്ന കണ്ണട 
റിപ്പയര്‍ ചെയ്തു ക്രമപ്പെടുത്താന്‍ 
ബൈക്കിലേറി തിടുക്കത്തില്‍
പുറപ്പെടാനൊരുങ്ങുമ്പോഴാണ് 
കൈകളുടെ 
ആ അസാധാരണമായ ആംഗ്യം 
ശ്രദ്ധയില്‍പ്പെട്ടത്. 

ഇടയ്ക്കു വല്ലപ്പോഴും  
ആക്ടീവ ഉപയോഗിക്കുമ്പോഴാണ് 
കിക്കറടിക്കാതെ 
കാലിനൊരു സ്വസ്ഥതയുമില്ലെന്ന്
മനസ്സിലായത്. 

ബൈക്ക് 
മറ്റെവിടെയോ മറന്നു വച്ചതിനാണ് 
പതിവായി പാര്‍ക്കു ചെയ്യുന്നിടത്തിരുന്ന
മറ്റൊരു ബൈക്കില്‍ കയറിയിരുന്നത്.
അനേകം 
ആംഗ്യങ്ങളെന്നെ 
അലോസരപ്പെടുത്തിയത്.

ചായകുടിക്കാന്‍ പോകുന്ന നേരത്ത് 
മുടിവെട്ടാന്‍ കയറിയതിന്റെ ആംഗ്യം 
നേര്‍ത്തൊരു പരിഹാസത്തോടെ   
ഇപ്പോഴുമാ  
ബാര്‍ബറുടെ മുഖത്തുണ്ടോന്നൊരു 
സംശയമില്ലാതില്ല.

പുസ്തകം വായിച്ചു കൊണ്ടിരിക്കെ 
പേജു മറിക്കുന്നതിനു പകരം 
വിരലുകൊണ്ടു തോണ്ടി വിടാന്‍ ശ്രമിച്ച 
ഒരാംഗ്യമാണ് 
മൊബൈല്‍ ഫോണ്‍ 
സ്വിച്ചോഫാക്കി വെച്ചതിന്റേയും 
കുടഞ്ഞു കളയുന്ന ഓര്‍മ്മകളൊന്നും 
ഒഴിഞ്ഞു പോകാറില്ലെന്നതിന്റേയും 
പൊരുളുണര്‍ത്തിച്ചത്.     

ഓത്തു പള്ളിയില്‍ 
ഒത്തിരിക്കാലം പോയതാണ്.
എങ്കിലും 
ആരുടെയെങ്കിലും നിര്‍ബ്ബന്ധത്തിനു വഴങ്ങി 
ഇടയ്ക്കു വല്ലാണ്ടിലുമൊന്നു  
നിസ്‌കരിക്കാന്‍ തുനിഞ്ഞാല്‍ 
മയ്യത്തു നമസ്‌കാരത്തിനുള്ള 
ആംഗ്യങ്ങളേ 
വേഗത്തില്‍ 
വഴങ്ങിവരൂ... 

അതുവഴി 
ഇനിയാരും വരാനില്ലെന്ന 
ഒരേയൊരോര്‍മ്മ മാത്രമാണ്  
ശേഷിപ്പുള്ളതെങ്കിലും 
അവിടെയെത്തിയാലുടന്‍ 
കാഴ്ചകളങ്ങോട്ടേക്ക് 
അറിയാതെയൊന്നാംഗ്യപ്പെടും. 

കണ്ണുകള്‍ക്കിപ്പോഴുമത് 
അനുസരണകെട്ടൊരിംഗിതമാണ്...

മുഖഭാവത്തില്‍നിന്നെങ്ങാനും
പതിവോര്‍മ്മളുടെ 
ചലനങ്ങളൊന്നറിയാതയഞ്ഞാല്‍  
വീടകം 
സ്മരണകെട്ടൊരുടലാംഗ്യമാകും... 
 
വീടുവിട്ട് 
തനിയെ പാര്‍ക്കാ
നൊരുമ്പെട്ടിറങ്ങിയപ്പോഴാണ്  
വീട്ടിലേയ്ക്കുള്ള യാത്ര 
മനസ്സിന്റെ 
അടക്കാനാകാത്തൊരാംഗ്യമാണെന്ന് 
ബോധ്യമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com