'ചരിത്രം'- സച്ചിദാനന്ദന്‍ എഴുതിയ കവിത

ചരിത്രംനമുക്കു മുന്‍പും ഉണ്ടായിരുന്നു.ഇല്ലാതിരുന്നത് നാമാണ്
'ചരിത്രം'- സച്ചിദാനന്ദന്‍ എഴുതിയ കവിത

രിത്രം
നമുക്കു മുന്‍പും ഉണ്ടായിരുന്നു.
ഇല്ലാതിരുന്നത് നാമാണ്.
 
വസ്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും പ്രാണികള്‍ക്കും
സാക്ഷികളാണെന്നു കരുതുന്ന നാം.
എന്തിന്, അവ സൃഷ്ടിക്കപ്പെട്ടത്
നമുക്കു വേണ്ടിയാണെന്നു പോലും.

പക്ഷേ, അവ അങ്ങനെ കരുതുന്നില്ല.
അവയായിരുന്നു നമ്മുടെ പിറവിയുടെ സാക്ഷികള്‍.
അവ നമ്മെ ആശീര്‍വദിച്ചു,
നമുക്കു ജലവും തണലും
പൂവും പഴവും പാലും തന്നു.
ആദ്യമാദ്യം നാം അവയെ ഭയന്നു, ആരാധിച്ചു.
പിന്നെ നാം അവയെ
ചരിത്രത്തില്‍നിന്ന് പുറത്താക്കി,
നമ്മുടെ സേവകരും അടിമകളുമാക്കി.

സ്വന്തം സഹോദരര്‍
വിറകുകടയില്‍ ഉടല്‍ പിളര്‍ന്നു
വില്‍ക്കപ്പെടുന്നത്
നിങ്ങള്‍ക്ക് എപ്പോഴെങ്കിലും
നോക്കി നില്‍ക്കേണ്ടിവന്നിട്ടുണ്ടോ,
അഥവാ അവര്‍ മാംസക്കടയില്‍
ചോരയൊലിച്ചു തൂങ്ങിയാടുന്നത്?

ഇനി നമ്മുടെ വംശത്തിന് ഏറെ സമയമില്ല
നമ്മുടെ തന്നെ കണ്ടുപിടുത്തങ്ങള്‍
നമ്മെ അപ്രസക്തരാക്കും.

നമ്മുടെ ഉദയം ആഹ്ലാദത്തോടെ കണ്ടവര്‍
നമ്മുടെ അസ്തമയവും കാണും,
ഇക്കുറി നിസ്സംഗരായി.

അവ അതിജീവിക്കും,
നാം വന്നുപോയ കഥ
ഒരു ഖണ്ഡികയിലൊതുങ്ങുന്ന
പുതിയ ചരിത്രമെഴുതാന്‍,
തവിട്ടുപാറകളില്‍,
പച്ചയിലകളില്‍,
നീലമേഘങ്ങളില്‍നിന്നു പൊഴിയുന്ന
മഴയുടെ ദ്രവവിരലുകള്‍കൊണ്ട്,
ഇലഞരമ്പുകളുടേയും ആമത്തോടുകളുടേയും
രഹസ്യഭാഷയില്‍,
സ്വന്തം സ്പര്‍ശിനികളാല്‍ അവ പിടിച്ചെടുത്ത,
ദൈവവും അവയും മാത്രമുള്ള,
പ്രപഞ്ചത്തിന്റെ സൂക്ഷ്മചരിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com