'റീസൈക്കിള്‍'- സഹ്യന്‍ കെ.എസ്. എഴുതിയ കവിത

കാട്പുഴുക്കളുടെസുന്ദരമായ ഒരോര്‍മ്മതീപ്പെട്ടതാണ്
'റീസൈക്കിള്‍'- സഹ്യന്‍ കെ.എസ്. എഴുതിയ കവിത

കാട്
പുഴുക്കളുടെ
സുന്ദരമായ ഒരോര്‍മ്മ
തീപ്പെട്ടതാണ്.

കവിഞ്ഞൊഴുകി
തേഞ്ഞതാണ്
കല്ലുകള്‍ക്കുള്ളിലെ
നനവാര്‍ന്ന ഓര്‍മ്മ.

മഴവില്ല്
അഴക് വിശറി വീശിയ
വെയില്‍പ്പുറമേറി പുറപ്പെട്ടതാണ്
സന്ധ്യ.

മീനുകളുടെ കണ്ണുവഴി
രാത്രി അടയുന്നു.
ആല്‍ബട്രോസുകളുടെ ചിറകുവഴി
പകല്‍ തുറക്കുന്നു.

ദൈവത്തിന്റെ ശിരസ്സിലൂടെ
സംഗീതം
കാറ്റില്‍ പൊതിഞ്ഞ്
കേള്‍വിയെ തിരയുന്നു.

തീയില്‍പ്പെട്ട കാടുകള്‍
പിന്തിരിഞ്ഞോടിവന്ന
മരങ്ങളാല്‍
പുഴുക്കള്‍ക്ക് അന്നമായി.

ഉള്ളുറവ പൊട്ടിയ കല്ലുകള്‍
അടിത്തട്ടുകളിലൂടെ
കാല് മുളച്ച്
കൂര്‍മ്മങ്ങളായി.

മേഘങ്ങളെ
നുണയാന്‍ പോയ നിറങ്ങള്‍
മടങ്ങിവന്ന്
വെണ്‍മലര്‍പ്പരപ്പുകളുടെ
മലര്‍ന്ന ക്യാന്‍വാസുകളായി.

അടുത്ത ക്ലാസ്:
മഴ ഉണ്ടാക്കുന്നതെങ്ങനെ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com