'കാലം ആസുരം'- കെ.വി സുമിത്ര എഴുതിയ കവിത 

നീ നട്ട ആ കടമ്പ്  പൂത്ത്, വേരറ്റം  ആഴ്‌ന്നൊഴുകി ഒരു ചിറപോലെ തൂവി പാടത്തിലൂടെ പച്ചപ്പിന്റെ ഹൃദയത്തിലൂടെ
'കാലം ആസുരം'- കെ.വി സുമിത്ര എഴുതിയ കവിത 

നീ നട്ട 
ആ കടമ്പ്  പൂത്ത്, 
വേരറ്റം  ആഴ്‌ന്നൊഴുകി 
ഒരു ചിറപോലെ തൂവി 
പാടത്തിലൂടെ 
പച്ചപ്പിന്റെ ഹൃദയത്തിലൂടെ.

ഒരുകാലം, 
എന്റെ  ശ്വാസം പോലും പിടിച്ചെടുക്കാനുള്ളൊരു 
ശ്വാസമാപിനിയുണ്ടായിരുന്നു നിനക്ക്.
കാഴ്ചയുടെ ഉള്ളറകളില്‍ 
എന്റെ  കൃഷ്ണമണിയുടെ 
നെരമ്പ് പാലമുണ്ടായിരുന്നു. ഗന്ധത്തിലും സ്പര്‍ശനത്തിലും 
ഒറ്റ അറകളായി 
ഉണര്‍ന്നിരുന്ന
നമ്മുടെ മാത്രം 
നിലവറകള്‍.
മരിക്കുംവരെയൊരിക്കലും തുറക്കില്ലയെന്നു 
കൊത്തിവെച്ച
ശിലാലിഖിതങ്ങള്‍. 
തുറന്നില്ല,   
ഇപ്പോഴുമതിന്റെ 
താക്കോല്‍ 
നീലിമയില്‍  ലയിച്ചു
തീര്‍ന്നയാത്മാവിന്റെയറ്റത്തുണ്ട്...

*
കടമ്പിന്റെ മുകള്‍ച്ചില്ലയില്‍ 
ഹൃദയാകൃതിയില്‍  
എനിക്കിരിക്കാന്‍ പാകത്തില്‍ 
ഒരിടം. 

കാണാം, 
ആസുരതയുടെ 
ലവണ രസങ്ങള്‍ 
പതഞ്ഞൊഴുകുന്ന 
ഭൂവഴക്...
 പടര്‍ന്നാടുന്ന നാഗഫണങ്ങള്‍.  
കൊത്തും തോറും 
വീര്യം കൂടുന്ന 
മഹാവ്യാധിയുടെ തിണര്‍പ്പുകള്‍. 

സ്‌നേഹവീര്യത്തിന്റെ  
ഉത്തുംഗതയില്‍നിന്ന് 
താഴോട്ടൊഴുകാന്‍ 
കെല്‍പ്പു നല്‍കിയത് 
ഈ കാലം 
ആസുരവ്രണം. 

പടര്‍ന്നൊഴുകിയാലും
പടര്‍ത്തിയാടിയാലും  
ഏതന്ധകാരത്തേയും
കെടുത്തിക്കളയാന്‍ 
ശരീരം പഠിപ്പിച്ചത് 
പെണ്ണുയിരനുഭവങ്ങള്‍.

നീ നട്ട കടമ്പിപ്പോള്‍ 
പൂത്തൊഴുകി.
ജഠരാഗ്‌നിയിലെരിഞ്ഞുതീരും മുന്നേ 
സ്‌നേഹശിഖത്തിന്റെ 
ആകാശപ്പറവയാകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com