'ഒരു ഞാന്‍ വേറൊരെന്നെ വിവരിക്കാന്‍ ശ്രമിക്കുന്നു'- വിടി ജയദേവന്‍ എഴുതിയ കവിത

ജനലിന്റെ വിടവിലൂടെനോക്കുമ്പോള്‍ഇലയനക്കങ്ങള്‍ക്കു ചോട്ടില്‍അയാളെ കാണും
'ഒരു ഞാന്‍ വേറൊരെന്നെ വിവരിക്കാന്‍ ശ്രമിക്കുന്നു'- വിടി ജയദേവന്‍ എഴുതിയ കവിത

നലിന്റെ വിടവിലൂടെ
നോക്കുമ്പോള്‍
ഇലയനക്കങ്ങള്‍ക്കു ചോട്ടില്‍
അയാളെ കാണും.
ചില്ലകള്‍
അയാള്‍ക്കൊത്തു ചലിക്കുന്നു.
വെയില്‍
അയാളെ വകവെയ്ക്കും വിധം
ഇത്തിരി മാറിയറയ്ക്കുന്നു.
ഒരിക്കല്‍ വെറും ചെളിയില്‍
വരാലുപോലെ പൂണ്ടുകിടന്ന്
അയാള്‍ ചിരിക്കുന്നു.
മരിച്ചഭാവം കാണിക്കുന്നു.
(അതൊരു സ്വപ്നമായിരുന്നോ
എന്ന് നിശ്ചയമില്ല.)

ചിലപ്പോള്‍ ഒരൊച്ച്
അയാളാണെന്നു തോന്നും.
ചിലപ്പോള്‍
ഒരു കാക്കയുടെ ശബ്ദം
അയാളുടെ പറച്ചില്‍.
ചിലപ്പോള്‍
ഒരു പച്ചത്തവളയുടെ
ഒറ്റവെട്ടിന്
പടവില്‍നിന്നാഴം മറയല്‍
അയാളുടെ അപ്രത്യക്ഷം.
ഒരോന്ത്,
അരണ
അയാളുടെ ഒളിജീവിതം.

എന്നെത്തന്നെ അമ്പരപ്പിച്ചുകൊണ്ട്
ഇപ്പോള്‍ ഞാനയാള്‍ക്ക്
ദേഹോപചാരം ചെയ്യുകയാണ്.
വസനമഴിക്കുന്നു.
മുറിവുകള്‍ തുന്നിക്കൂട്ടുന്നു.
കടുപ്പങ്ങള്‍
ലേപനങ്ങള്‍ തേച്ചു
മിനുസപ്പെടുത്തുന്നു.
സുഗന്ധതൈലങ്ങള്‍ തേച്ച്
അതീതമാനവനാക്കുന്നു.
ഇനി പുതുവസ്ത്രങ്ങളുടുപ്പിക്കണം.
ഒരു രാജകുമാരന്റെ,
ഒരു പുണ്യാളന്റെ,
ഒരു നിര്‍മ്മലബുദ്ധന്റെ.
എനിക്കു സന്ദേഹം വന്നു.
നിജം കിട്ടാന്‍
ഞാനയാളിലേയ്ക്കു മടങ്ങി.
അയാള്‍ ലജ്ജാവിവശനായി
കണ്ണടച്ചു പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com