'105 പുസ്തകങ്ങള്‍ക്കിടയില്‍ ഷാജി'- ജോയ് ജോസഫ് എഴുതിയ കവിത

കണ്ണടച്ചില്ലുകള്‍ക്കുള്ളിലൂടെഊര്‍ന്നുവീണ നോട്ടങ്ങള്‍കൊണ്ട്ഷാജി ഒരു ലോകം മുഴുവന്‍ വായിച്ചെടുക്കുക-യായിരുന്നു
'105 പുസ്തകങ്ങള്‍ക്കിടയില്‍ ഷാജി'- ജോയ് ജോസഫ് എഴുതിയ കവിത

ണ്ണടച്ചില്ലുകള്‍ക്കുള്ളിലൂടെ
ഊര്‍ന്നുവീണ നോട്ടങ്ങള്‍കൊണ്ട്
ഷാജി ഒരു ലോകം മുഴുവന്‍ വായിച്ചെടുക്കുക-
യായിരുന്നു.

അവന്റെ ലോകം
പുസ്തകങ്ങളും പുസ്തകക്കടകളുമായിരുന്നു.

ഊണും ഉറക്കവും മറന്ന്
അവന്‍ പുസ്തകങ്ങളില്‍ പരതി.
എവിടെയൊക്കെപ്പോയാലും
പുസ്തകങ്ങള്‍ കൊണ്ടുനടന്നു.
എപ്പോഴും
പുസ്തകത്താളുകളിലേക്ക് കൂപ്പുകുത്തി.

പുതിയ പുസ്തകമണം
ഷാജിയെ എന്നും മത്തുപിടിപ്പിച്ചു.
പുസ്തകച്ചന്തകള്‍
ഷാജിയുടെ പെരുന്നാളുകളായിരുന്നു.
കുടയും കുരിശും കരിമരുന്നുമില്ലാത്ത
പെരുന്നാളുകള്‍

ശാസ്ത്രം, സാഹിത്യം, ചരിത്രം, സിനിമ,
പ്രണയം, ഗണിതം, നാടകം, നൃത്തം,
സൗഹൃദം, തട്ടുകട, ഓര്‍മ്മ, വേദന
പ്രിയപ്പെട്ടവര്‍
ഒക്കെയും ഷാജിക്ക് പുസ്തകങ്ങളായിരുന്നു.

വീട്ടുകാരും നാട്ടുകാരും
ഷാജിയെ കിറുക്കനെന്ന് വിളിച്ചു.

സഹതപിച്ചവരോട്,
തെറി വിളിച്ചവരോട്,
കളിയാക്കിച്ചിരിച്ചവരോട്
ഷാജി പുസ്തകങ്ങളിലെ ഉദ്ധരണികളിലൂടെ
മാത്രം
മറുപടി പറഞ്ഞു.

വീട്ടിലേക്കുള്ള വഴിയിലും നാട്ടുകവലകളിലും
ബസ്സ്റ്റോപ്പിലും ഉത്സവപ്പറമ്പിലും
ഊണിലും ഉറക്കത്തിലും
ഷാജി പുസ്തകങ്ങളെ നെഞ്ചോടു ചേര്‍ത്തു
പുസ്തകങ്ങളില്‍ എഴുതിയ
ഫലിതങ്ങള്‍ മാത്രം വായിച്ചു ചിരിച്ചു.

ആദ്യരാത്രിയിലും പിന്നീടുള്ള രാത്രികളിലും
പുസ്തകങ്ങളെ മാറോടു ചേര്‍ത്തപ്പോള്‍
ഭാര്യ, ഷാജിയോടൊത്തുള്ള ജീവിതം
മതിയാക്കി വണ്ടി കയറി.

പഴയ കാമുകി
ഷാജിയെ ഉപേക്ഷിച്ചതും
പുസ്തകങ്ങളിലെ ഉദ്ധരണികളിലൂടെ
പ്രണയിച്ചപ്പോഴാണ്.

സത്യമായ വെര്‍ച്ച്വല്‍ ലോകത്തിലും
പുസ്തകങ്ങള്‍ മാത്രമാണ് സത്യമെന്ന്
അവന്‍ ആണയിട്ടു.
ഗൂഗിളിനേയും ഫേസ്ബുക്കിനേയും യൂട്യൂബിനേയും
അയാള്‍ മൂന്നാം പ്രാവശ്യം തള്ളിപ്പറഞ്ഞു.

ബൈബിളും ഖുറാനും ഭഗവദ്ഗീതയും
മാര്‍ക്‌സിന്റെ മൂലധനവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും
ഷേക്സ്പിയറുടെ മാക്‌ബെത്തും ഒഥല്ലോയും
പൂന്താനത്തിന്റെ ജ്ഞാനപ്പാനയും
തോമസ് മന്നിന്റെ മാജിക് ലാന്റേണും
ടി.എസ്. എലിയറ്റിന്റെ വേസ്റ്റ് ലാന്‍ഡും
കസാന്‍ദ് സാക്കീസിന്റെ 'സോര്‍ബാ ദ ഗ്രീക്കും
സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ 'എ ബ്രീഫ്-
ഹിസ്റ്ററി ഓഫ് ടൈമും
ഗബ്രിയേല്‍ ഗാര്‍ഷേ മാര്‍ക്കേസിന്റെ-
ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും
ഓര്‍ഹാന്‍ പാമുക്കിന്റെ മൈ നെയിം-
ഈസ് റെഡും
ചങ്ങമ്പുഴയുടെ പാടുന്ന പിശാചും
ബഷീറിന്റെ ബാല്യകാല സഖിയും
എന്‍.എസ്. മാധവന്റെ ലന്തന്‍ ബത്തേ-
രിയിലെ ലുത്തിനിയകളും
അവന് കരതലാമലകം പോലെ വഴങ്ങി.
ഇതിലൂടെയൊക്കെ എത്ര തവണ അവന്‍-
ഓടിക്കളിച്ച് വിയര്‍ത്തിരിക്കുന്നു?

കല്‍ക്കട്ടയിലെ നാഷണല്‍ ലൈബ്രറിയും
മോസ്‌കോയിലെ വിശ്വവിഖ്യാതമായ-
വായനശാലയും
കാണണമെന്ന ആഗ്രഹം ബാക്കിവെച്ചാണ്
ഷാജി യാത്രയായത്.

മരണത്തിനു തൊട്ടുമുന്‍പ്,
ഷാജി മരണപത്രത്തില്‍ കുറിച്ചതും
ഒന്നുമാത്രമായിരുന്നു.
ലോകമേ, നിങ്ങള്‍ക്കെന്നോട് തരിമ്പും
സ്‌നേഹമുണ്ടെങ്കില്‍
ഒരു പുസ്തകക്കൂമ്പാരത്തിന്നടിയില്‍ കിടത്തി
എന്നെ ദഹിപ്പിക്കുക.
ആ ചാരം ഏതെങ്കിലും ഒരു വായനശാലയുടെ
മുകളില്‍ വിതറുക.
പുസ്തകങ്ങളോടൊപ്പം എനിക്കും
ചാരമാകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com