'പൂവാലിപ്പരല്'- അനു പാപ്പച്ചന്‍ എഴുതിയ കവിത

ഉടലു നനഞ്ഞൊട്ടി കനംതൂങ്ങിചോരയോട്ടം നിലച്ച -ടിവയറു തണുത്തുറഞ്ഞുകൂപ്പുകുത്തി നമ്മള്‍ കൂരമ്പായ്
'പൂവാലിപ്പരല്'- അനു പാപ്പച്ചന്‍ എഴുതിയ കവിത

ഴവില്ലു തൂര്‍ന്ന 
വാലുനീട്ടി
വസന്തം വരഞ്ഞ
ചിറകുകള്‍ വിരിച്ച്
ആകാശത്തന്നു നമ്മള്‍
വെള്ളിനീലക്കെട്ടുകളില്‍ കൊത്തി 
കൊക്കിലന്തി ചോപ്പിച്ചു.

പൊടുന്നനെ
നെഞ്ചിന്‍കൂടാരങ്ങള്‍ 
പൊട്ടിവിറച്ച്
നമ്മുടെ
വാനോത്തീടിരു
കവിളാകാശവും 
വീര്‍ത്തൊലിച്ചു 
സങ്കടം പെയ്തു.

ഉടലു നനഞ്ഞൊട്ടി 
കനംതൂങ്ങി
ചോരയോട്ടം നിലച്ച -
ടിവയറു തണുത്തുറഞ്ഞു
കൂപ്പുകുത്തി നമ്മള്‍ 
കൂരമ്പായ്.

തരിശുനിലത്തിലൊടുക്കത്തെ ശ്വാസത്തിനായ്
ഹൃദയം പിടഞ്ഞ്
കൃഷ്ണമണികള്‍ തുറിക്കുമ്പോള്‍
വാനോത്തി 
കണ്ണീരായ് ചോരും
നനവുള്ളൊരാകാശം!

ജീവന്റെ ഈര്‍പ്പം ശ്വസിച്ച്;
പൂവാലും ചിറകും നീര്‍ത്തി,
തണുപ്പിന്‍ സാന്ദ്രതയിലൊഴുകി 
കണ്ണുമിഴിച്ചു.

അന്തിവണക്കമായി,
കൂട്ടംകൂടി
വാനോത്തിക്കു 
ചുണ്ടുകള്‍ കൂപ്പി,
നക്ഷത്രത്തിന്നോര്‍മ്മ
നട്ടെല്ലിലൊരു
ഇരുട്ടിന്‍ പൊട്ടു വരഞ്ഞു.

പരന്നൊഴുകും ആകാശത്തില്‍
ഓര്‍മ്മയുടെ ഓരോ അറയിലും
ചെകിളകള്‍ വിടര്‍ത്തുമ്പോള്‍
വാനോത്തീടെ ചുടുനിശ്വാസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com