'ഉള്ളുരുകും യാമങ്ങള്‍'- മോഹന്‍ദാസ് മൊകേരി എഴുതിയ കവിത

മുറ്റമാകെയുണങ്ങിയ പൂക്കള്‍കാറ്റു കൈവിട്ട മോഹഭംഗങ്ങള്‍തൂത്തുവാരി നിവര്‍ന്നു നില്‍ക്കുമ്പോള്‍പൂക്കള്‍ കാറ്റില്‍ കൊഴിഞ്ഞു വീഴുന്നു!
'ഉള്ളുരുകും യാമങ്ങള്‍'- മോഹന്‍ദാസ് മൊകേരി എഴുതിയ കവിത


മെല്ലെ, യന്തി പുലരിക്കു ബാറ്റണ്‍
കൊണ്ടുചെന്നു കൊടുത്തു പിന്‍വാങ്ങി
ഒറ്റ മാത്ര, പിടഞ്ഞെഴുന്നേറ്റു
ഇട്ട വസ്ത്രം ചുളിവു നിവര്‍ത്തി
കെട്ടഴിഞ്ഞ മുടി കെട്ടിവച്ചു
ബ്രഷെടുത്തു മുറിയില്‍ കയറി
ഒക്കെ വേഗം കഴിച്ചവള്‍, നേരം
ഒട്ടുമില്ല വെറുതേ കളയാന്‍.

നെയ്‌വിളക്കിലെ നാളം ജ്വലിക്കെ
കൈവണങ്ങിത്തിരിഞ്ഞൂ ക്ഷണത്തില്‍

മുറ്റമാകെയുണങ്ങിയ പൂക്കള്‍
കാറ്റു കൈവിട്ട മോഹഭംഗങ്ങള്‍
തൂത്തുവാരി നിവര്‍ന്നു നില്‍ക്കുമ്പോള്‍
പൂക്കള്‍ കാറ്റില്‍ കൊഴിഞ്ഞു വീഴുന്നു!
തോറ്റു നീയെന്നു കാലം പറഞ്ഞു
തോല്‍ക്കുകയല്ലെന്നു ചൂലിന്‍ നടനം
ശ്വാസവേഗം നിലയ്ക്കുന്ന പോലെ
വാശിയാല്‍ ജയം കൈവിരല്‍ത്തുമ്പില്‍!

കാല്‍ കഴുകവേ കാഴ്ചയാകുന്നു
വിങ്ങിവീര്‍ത്ത ഞരമ്പിന്‍ സമൂഹം
ആലയില്‍നിന്നു പുള്ളിപ്പശുവിന്‍
ദാഹനീരിനുള്ളര്‍ത്ഥന കേള്‍ക്കാം
കഞ്ഞിവെള്ളം കുടിച്ച വീര്യത്തില്‍
കുഞ്ഞുവാവ വയറ്റില്‍ ചലിച്ചു
വാലിളക്കിയൊരോമനപ്പൈതല്‍
ദൂരെനിന്നും കുതിച്ചു പാഞ്ഞെത്തി
മുട്ടിമുട്ടിയുരുമ്മി നില്‍ക്കുമ്പോള്‍
ഹൃത്തടത്തിലൂടിക്കിളി പാഞ്ഞു.
ചേര്‍ത്തു നിര്‍ത്തി മുറുകെ പുണര്‍ന്നു
അമ്മയാണവള്‍, സര്‍വ്വര്‍ക്കും അമ്മ!

കുന്നുകൂടിയ പാത്രങ്ങളൊക്കെ
ഒന്നൊഴിയാതെ വെട്ടിത്തിളങ്ങി
മൂന്നു കപ്പിലാവി പറക്കും
കാപ്പിപോലുമിടയ്ക്കിടെ തേങ്ങി.
അച്ഛനും രണ്ടു മക്കളും സുഖ
സ്വച്ഛനിദ്രയില്‍ നീന്തിത്തുടിക്കെ
എത്ര തട്ടി വിളിപ്പതും വ്യര്‍ത്ഥം
ഭാഗ്യമെത്ര വിചിത്രമാം സ്വാര്‍ത്ഥം!

നാലു ചുറ്റു, മഴുക്കു വസ്ത്രങ്ങള്‍
ഒറ്റയായ് കൂട്ടമായിക്കിടന്നു
വയ്യിനിയിന്നലക്കുവാന്‍, ക്ഷീണം
ചെന്നിയിലൂടരിച്ചു കേറുന്നു.
കാലില്‍ മുട്ടിയുരുമ്മി സാന്നിധ്യം
കാട്ടിയോമനപ്പൂച്ചക്കറുമ്പി!

വേറെ വേറെ സ്ഥലങ്ങളിലേക്കു
പോകണം നാലുപേര്‍ക്കും ക്ഷണത്തില്‍
ബാക്കിയെത്ര കിടക്കുന്നു, കണ്ണീ-
രോര്‍ത്തിരിക്കാതെ ചാടിവീഴുന്നു.
കാലുകള്‍ക്കു ചിറകുമുളച്ചു
താഴ്ന്നു വീണ്ടുമടുക്കളയ്ക്കുള്ളില്‍
യന്ത്രമായ്ത്തീര്‍,ന്നിതര യന്ത്രങ്ങള്‍
സജ്ജമാക്കുന്നു തീവ്രവേഗത്തില്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com