'ഏറ്റം'- രമ്യ തുറവൂര്‍ എഴുതിയ കവിത

വീടിന്നരികിലെ തോട്ടുവക്കിന്റെഇരുകരകളിലും ഇരുന്നായിരുന്നുഞങ്ങളുടെ  വര്‍ത്തമാനം 
'ഏറ്റം'- രമ്യ തുറവൂര്‍ എഴുതിയ കവിത

 

വീടിന്നരികിലെ 
തോട്ടുവക്കിന്റെ
ഇരുകരകളിലും ഇരുന്നായിരുന്നു
ഞങ്ങളുടെ  
വര്‍ത്തമാനം 

കാല്‍പ്പാദങ്ങള്‍ വെള്ളത്തിലേക്കിറക്കി
ആട്ടിയാട്ടി വെള്ളം തെറിപ്പിച്ചിരിക്കുമ്പോള്‍
ഒരു പറ്റം പരല്‍മീനുകള്‍
ഞങ്ങളുടെ 
കാല്‍പ്പാദങ്ങളില്‍ വന്ന്
മാറിമാറി ഉമ്മവെക്കും

പണ്ട് മീന്‍പിടിക്കാന്‍ കണ്ടത്തിലേയ്ക്ക്
ഒന്നൊന്നായിറങ്ങിപ്പോയ
അമ്മമാരൊക്കെ
പരല്‍മീനുകളായി പുനര്‍ജ്ജനിച്ചിരിക്കാം
അതാവും 
ഈ പരക്കംപാച്ചില്‍,
ഓരോ ഏറ്റത്തിലും 
സ്വന്തം വീടുകളിലേക്കവര്‍
എത്തിനോക്കുന്നുണ്ടാവാം

അവള്‍ക്കേറ്റവും 
ഇഷ്ടപ്പെട്ട 
ചുവന്നപുള്ളിപ്പാവാട
വേലിക്കല്‍ത്തട്ടി കീറിപ്പോയതോര്‍ത്ത്
അവളോടൊപ്പം കരഞ്ഞത്
ഞാന്‍ മാത്രമല്ലായിരിക്കാം

തലേ രാത്രിയില്‍ 
അച്ഛന്റെ കൈക്കുള്ളില്‍ കിടന്നു പിടഞ്ഞ വേദനയോര്‍ത്ത് 
എന്നോടൊപ്പം കരഞ്ഞത് അവള്‍ മാത്രമല്ലായിരിക്കാം

ഏതു മഴയത്താണ് 
അവള്‍ക്കു പിന്നാലെ
ഞാനും കണ്ടത്തിലേയ്ക്ക് ഇറങ്ങിപ്പോയത്

തോട്ടുവക്കിലെ 
കൈതക്കാട്ടില്‍നിന്നും
കിഴക്കേതിലെ 
വിധവയായ 
തങ്കേടത്തിയുടെ
വിയര്‍പ്പുമണമുള്ള 
ഒരു കാറ്റ് 
ഊര്‍ന്നൂര്‍ന്നുവന്ന് 
ഞങ്ങളെ തട്ടി 
കടന്നുപോകും

അവളും ഞാനും ഇരുകരകളിലിരുന്ന്
ഞങ്ങളുടെ ചുണ്ടുകളിലേയ്ക്ക്
മുങ്ങാംകുഴിയിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com