'പാര്‍പ്പും പലായനവും'- കന്നി എം എഴുതിയ കവിത

ഒരാള്‍ വീട് വാരിയെടുത്തുകൊണ്ടു പോകുന്നുഇപ്പോള്‍ വീടിരുന്നിടംപുല്ലിനും തുമ്പിക്കും കളിസ്ഥലംആകാശം തണലുകോര്‍ത്ത ഒരു ചതുപ്പിന്റെ നിര്‍മമത
'പാര്‍പ്പും പലായനവും'- കന്നി എം എഴുതിയ കവിത

രാള്‍ വീട് വാരിയെടുത്തുകൊണ്ടു പോകുന്നു
ഇപ്പോള്‍ വീടിരുന്നിടം
പുല്ലിനും തുമ്പിക്കും കളിസ്ഥലം
ആകാശം തണലുകോര്‍ത്ത ഒരു ചതുപ്പിന്റെ നിര്‍മമത

കോഴിക്കൂട് ഉറക്കെ കരയുന്നു
തൊഴുത്ത് വൈക്കോലില്‍ തകര്‍ന്നമരുന്നു
വിവരം തിരക്കാന്‍ മുരിങ്ങപ്പൂവുകള്‍ കുനിഞ്ഞുതിരുന്നു
പൂച്ചയാണെന്നറിയാത്ത ദേവയാനി എന്ന പേരുകാരി
കിടക്കാനുള്ള ചവിട്ടുപടിയന്വേഷിച്ച് മുറ്റത്താകെ മണപ്പിച്ചുനടക്കുന്നു

വീട് താങ്ങിയെടുത്ത് ധൃതിയിലാരോ നടക്കുന്നു

ജനലിലൂടെ കാണാം, വാഴകള്‍ പിറകോട്ട് പിറകോട്ട്
വെളിച്ചക്കതിര്‍ച്ചെടി ജനല്‍ക്കമ്പിയില്‍ തലയിട്ടുരസി പായുന്നു
അനവധി ചിത്രങ്ങളെടുത്തു മടക്കിത്തിരുകുന്നു ജനലുകള്‍
കരച്ചിലിന്റെ മുഴക്കത്തില്‍ പുള്ളിനൊപ്പം ജനല്‍ പറന്നുപൊങ്ങിക്കാണും ചില നിമിഷങ്ങളില്‍
അടുപ്പിലെ തീ ചെരിഞ്ഞും വളഞ്ഞും അലമാരയോട് സ്വകാര്യം പറയുന്നു
കട്ടിലുകള്‍ പഴയ താരാട്ടില്‍ അലസമായി കുലുങ്ങിച്ചിണങ്ങുന്നു
വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ക്ക് തീവണ്ടിയിലെന്നപോലെ അനുസരണ

പോകും വഴി മാവിന്‍ചില്ലയോട് കരയുന്നൂ വീട്
''പുതിയ മേടുകളിലെങ്ങാനും മാവുണ്ടോ പൂവുണ്ടോ നനവുണ്ടോ കനവുണ്ടോ?''

ഭിത്തിയില്‍ റോസാക്കമ്പ് കോറുന്നു, മാങ്ങാച്ചുണ മണക്കുന്നു, ചിതല്‍ പുതിയ ഭൂപടമൊരുക്കുന്നു
പുല്ലിന്റെ വംശമുറങ്ങുന്ന വിത്തുകളുണര്‍ന്ന് പച്ചയായ് പെരുകുമ്പോള്‍ ഉമ്മറപ്പടിക്ക് വേദനിക്കുന്നു

അകത്ത്
ഞങ്ങള്‍ വീട്ടുകാര്‍
പാപ്പം വാരിക്കൊടുക്കുന്നു, അടുക്കളപ്പണിയെടുക്കുന്നു, പ്രേമിക്കുന്നു, മരിക്കുന്നു, കിടപ്പുരോഗികളാവുന്നു,
വീടുവിട്ടോടാന്‍ പണിപ്പെടുന്നു, അനാഥരാവുന്നു
താന്‍ നട്ട മരങ്ങള്‍തന്‍ തണലില്‍ വിരിക്കാന്‍
സ്വന്തം മരണംപോലുമില്ലെന്നറിയാതെ

ഞങ്ങള്‍ വെറുതെ കലമ്പുന്നു പിണങ്ങുന്നു
വീടും പൊക്കിയെടുത്തുകൊണ്ടാരോ നടക്കുന്നു
മരണം ചൂടിയവര്‍ക്കുവേണ്ടി ശവക്കച്ചയൊരുക്കുന്നു അകത്തുളള ചിലര്‍

പുറത്ത്
മരിച്ചവരുടെ ഉടലില്‍ തണുത്തൊട്ടി
അവര്‍ക്കൊപ്പം പല മരണങ്ങളില്‍ പുലരാന്‍ ഊഴം കാത്തിരിക്കുന്നു വീട്
വീടും വാരിയെടുത്തുകൊണ്ടോടുന്നുണ്ടാരോ
ഓരോ മരണവും ജയിച്ചുവരുമ്പോള്‍ അവയ്ക്ക് ചിറകുകിളിര്‍ക്കും
അപ്പോള്‍ പതിയെ കൈകളയച്ച് അതിനെ കരയാന്‍ വിടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com