'മീന്‍കാരി'- നീതു സി സുബ്രഹ്മണ്യന്‍ എഴുതിയ കവിത

ഉടല്‍ നിറയെ മീന്‍മുള്ളുകളുംചെതുമ്പലുകളുമുള്ളരാജകുമാരിയെ സ്വപ്നം കണ്ടാണ് ഉണര്‍ന്നത്
'മീന്‍കാരി'- നീതു സി സുബ്രഹ്മണ്യന്‍ എഴുതിയ കവിത

ടല്‍ നിറയെ മീന്‍മുള്ളുകളും
ചെതുമ്പലുകളുമുള്ള
രാജകുമാരിയെ സ്വപ്നം കണ്ടാണ് ഉണര്‍ന്നത്.

പെരും ജീരകവും
ഉണക്കലും മണക്കുന്ന തട്ടില്‍നിന്ന്
കുടഞ്ഞെടുത്ത ലേശം ഉമിക്കരി.

പല്ലുപോയ ചീര്‍പ്പിന്റെ
പാളിപ്പോയ ഒരു സഞ്ചാരം.

മുഷിഞ്ഞ സാരിയുടെ
നേര്‍ത്ത സുതാര്യത.

മീന്‍കൊട്ട തലയിലേറ്റി നടന്നപ്പോള്‍
ഭൂമിയും ആകാശവും ഒപ്പം പോന്നു.

വീട് അപരിചിതനെപ്പോലെ
ഉള്ളിലേക്കൊതുങ്ങി.

തലയില്‍ ചുമക്കുന്ന ലോകം
പരേതരുടേതാണ്.

പല നാട്ടുകാര്‍
പല ഭാഷക്കാര്‍.

കടല്‍ കണ്ണിലൊളിപ്പിച്ച്
ഉറങ്ങിക്കിടക്കുന്ന
ഒരു മത്സ്യക്കുഞ്ഞിനെ
കൊട്ടയിലെടുത്തു വെക്കുമ്പോള്‍ മാത്രം
ഉള്ളൊന്നു പിടച്ചു.

അതിന്റെ ഹൃദയം പിടക്കുന്നില്ലെന്നോര്‍ത്തപ്പോള്‍
മെല്ലെയൊരാശ്വാസം.

കടല്‍ കണ്ടുമടുത്തവരെ
കണ്ടുപിടിക്കാനാവാത്തതുകൊണ്ടാണ്
കടല്‍ കണ്ടു കൊതിതീരാത്തവരെ
കുട്ടയിലടക്കം ചെയ്യുന്നത്
ഏതോ മണ്‍ചട്ടിയില്‍
ഉപ്പും മുളകും ചേര്‍ത്ത് പാകം ചെയ്യുന്നത്.

മരിച്ച മനുഷ്യരെപ്പോലെ
മരിച്ച മത്സ്യങ്ങള്‍ക്കും
പ്രേതങ്ങളുണ്ടാവുമെങ്കില്‍
വഴുവഴുപ്പുള്ള വഴികളിലെല്ലാം
അവര്‍ കാത്തുനില്‍പ്പുണ്ടാവും.

മത്സ്യഗന്ധിയായ ഒരുവളെ
അന്വേഷിച്ചുകൊണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com