'അംബയ്ക്ക്, സമുദ്രശിലയ്ക്ക്, സുഭാഷ് ചന്ദ്രന്'- വിജയലക്ഷ്മിയുടെ കവിത 

അര്‍ദ്ധനിദ്രതന്‍ പര്‍ണ്ണശാലയില്‍, പ്രകാശത്താല്‍പശ്ചിമാകാശം ചീന്തിപ്പോമൊരു വാല്‍നക്ഷത്രം,നില്‍ക്കയായ് ജപം ഞെട്ടി; ഉടജാങ്കണത്തിങ്കല്‍സ്വപ്നദര്‍ശികള്‍ - അംബ, അവള്‍തന്‍  വിധാതാവും
'അംബയ്ക്ക്, സമുദ്രശിലയ്ക്ക്, സുഭാഷ് ചന്ദ്രന്'- വിജയലക്ഷ്മിയുടെ കവിത 

ര്‍ദ്ധനിദ്രതന്‍ പര്‍ണ്ണശാലയില്‍, പ്രകാശത്താല്‍
പശ്ചിമാകാശം ചീന്തിപ്പോമൊരു വാല്‍നക്ഷത്രം,
നില്‍ക്കയായ് ജപം ഞെട്ടി; ഉടജാങ്കണത്തിങ്കല്‍
സ്വപ്നദര്‍ശികള്‍ - അംബ, അവള്‍തന്‍  വിധാതാവും.

ദു:ഖപങ്കിലം ആത്മശുദ്ധിയാല്‍, ഒന്നായ്ച്ചേര്‍ന്നു
ശില്പമായ് ഉപ്പില്‍, ചോപ്പില്‍ ഉരുകിച്ചേരും മട്ടില്‍.

തൊഴുകൈ! തപം, സ്വന്തം തീയ്  അകം ദഹിപ്പിക്കെ
വെളിവായ്  താരയ്ക്ക്, അര്‍ദ്ധനാരിയാമീശന്‍ മുന്നില്‍.
ഉലയും ജടാജൂടം, ചന്ദ്രഖണ്ഡത്തില്‍ സര്‍പ്പം
ചടുലോന്മാദത്താലേ ചണ്ഡനര്‍ത്തനം സൂക്ഷ്മം.
മിഴിനീരിലാ പ്രാണദണ്ഡങ്ങളൊന്നായ്  ചുറ്റി -
ത്തിരിയേ,  കാണായ് സൂര്യകോടികള്‍ പ്രപഞ്ചങ്ങള്‍
അടരും വിടര്‍ന്നേറെച്ചുഴലും, തമ്മില്‍ത്തട്ടി
ച്ചിതറും, തീരും. സൃഷ്ടിസ്ഥിതിസംഹാരാഗാരം !

തോറ്റുപോയ് നേര്‍ക്കാന്‍ വന്ന സേനകള്‍. തെസ്യൂസ്, അവന്‍.
കാച്ചിയ വാളായ് മിന്നീ ദൈവമാ വിരല്‍ത്തുമ്പില്‍.
രാവണന്‍ കോട്ടയ്ക്കുള്ളില്‍, ജീവനുള്ളവയ്‌ക്കൊക്കെ
പ്പേടിയാം ത്രികാലത്തിന്‍ ശിരസ്സാണവന്‍  കൊയ്തു.
പെണ്മതന്‍ നിലയ്ക്കാത്തോരലിവാല്‍ എന്നെന്നേയ്ക്കും
അംബനല്‍കീലേ  നൂലൊന്നവന്നു തിരിച്ചെത്താന്‍?

തന്‍ ചിദംബരം താരാപൂരിതം, അനുതാപാല്‍
അംബയെ വര്‍ഷാകാലം പോലെ ചേര്‍ത്തണയ്ക്കുമ്പോള്‍
ഭൂമിഗര്‍ഭത്തിന്‍ ലാവാഹൃദയം, ജഗന്മദ്ധ്യ -
മാകുമീ ശിലയ്ക്കുള്ളില്‍ നൊന്തുവെന്തടങ്ങുമ്പോള്‍,
ദൈവവും ചെകുത്താനും ഏകമായ്, ഇക്കാണായ
പെണ്‍പകര്‍പ്പുകള്‍ അംബതന്നെയായ് പൊലിക്കുമ്പോള്‍,

ജന്മഖേദത്തെ, ഉള്ളം കയ്യിലായ്  ഒതുക്കുന്ന
മണ്‍മഹത്വത്തിന്‍ പദാവലിയില്‍ വിധാതാവേ,
നിരുപാധിക സ്‌നേഹം നിര്‍മ്മലം, വിരല്‍ത്തുമ്പില്‍
കരുണാമയം വന്നു  കാവ്യമായ് പിറക്കുമ്പോള്‍
ഋതുഭേദങ്ങള്‍ കണ്ടുതീര്‍ന്നൊരീ വാല്‍നക്ഷത്രം
പിരിയും മുന്‍പേ, ശൂന്യം മാത്രമായ്ത്തീരും മുന്‍പേ,
കനലായ് കൈക്കുമ്പിളില്‍ സ്വന്തജീവനും കൂടി
പകരാം... പ്രകാശവും  ഭസ്മവും  സൃഷ്ടിക്കില്ലേ...?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com