'പെണ്ണും പ്ലാവും'- വി.എം ഗിരിജ എഴുതിയ കവിത

രാവിലെ ഉണര്‍ന്നേയുള്ളൂ, പുലര്‍വെട്ടംഇരുളെല്ലാം തുടച്ചുനീക്കുന്നേയുള്ളൂ,ജനല്‍വഴി പ്ലാവിന്‍കൊമ്പ് തലയാട്ടിച്ചിരിക്കുന്നൂ;ഇലകള്‍ക്കൊക്കെയും സുഖം
'പെണ്ണും പ്ലാവും'- വി.എം ഗിരിജ എഴുതിയ കവിത

രാവിലെ ഉണര്‍ന്നേയുള്ളൂ, പുലര്‍വെട്ടം
ഇരുളെല്ലാം തുടച്ചുനീക്കുന്നേയുള്ളൂ,
ജനല്‍വഴി പ്ലാവിന്‍കൊമ്പ് തലയാട്ടിച്ചിരിക്കുന്നൂ;
ഇലകള്‍ക്കൊക്കെയും സുഖം;

പ്ലാവിലകള്‍ നിലത്താകെ പൂ വിരിച്ചപോലെയുണ്ട്;
പടര്‍ന്ന കോവലിന്‍  വള്ളി ചുറ്റിച്ചുറ്റിക്കൊഞ്ചുന്നുണ്ട്;
ഒടുക്കത്തെച്ചക്ക  നെഞ്ചിലമര്‍ത്തിപ്പിടിച്ചിട്ടുണ്ട്...
മഴ രാത്രി നനഞ്ഞതില്‍ ഇളംവെയില്‍ വീഴുമ്പോള്‍ ഹാ...
പച്ച വേറെപ്പച്ചയായി മിന്നിമിന്നിയിരിപ്പുണ്ട്.
മുടി വാരിക്കെട്ടി 'ത്തൈറോനോം' കഴിച്ചൂ, പല്ലു തേച്ചു
അടുക്കളസിങ്കിലെല്ലാം  എച്ചില്‍പ്പാത്രം കുന്നുപോലെ!
തുടയ്ക്കാത്ത ഗ്യാസടുപ്പും ഊണ്‍മേശയും തറകളും...
അവള്‍ക്ക് പ്ലാവിനോടപ്പോള്‍ അസൂയയും സങ്കടവും.

വെയിലത്തു പ്ലാവിലകള്‍ പാചകം ചെയ്യുകയാവാം,
ഏതോ പാട്ടു കേള്‍ക്കുന്നുണ്ടാം; എന്ത് നല്ല തലയാട്ടല്‍.
പ്ലാവിലകള്‍, പ്ലാവിന്‍ കൊമ്പ്, വേര് പോലും വിചാരിപ്പൂ,
എന്ത് രസം വീടുണ്ടായാല്‍, അടുക്കളപ്പാത്രങ്ങളില്‍
അടച്ചുവേവിക്കാന്‍ തീയ് വിളിക്കുമ്പോള്‍ മാത്രം വന്നാല്‍,
ഇരുപത്തിനാലും ഏഴും ആയിരവും അനന്തവും
പകലിരവില്ലാതെ നാം പാചകക്കാര്‍ വിളമ്പുകാര്‍.

വാലുള്ളവര്‍, അടപ്പുള്ളോര്‍, പലതരം കാതുള്ളവര്‍,
അടി പരന്നവര്‍, ചക്കപ്പഴം പോലെയുരുണ്ടവര്‍,
ചഷകങ്ങള്‍, തളികകള്‍, കരണ്ടികള്‍, കയ്യിലുകള്‍,
സ്ഫടിക  ഗ്ലാസ്സുകള്‍, കൂക്കും കുക്കറുകള്‍, ചട്ടുകങ്ങള്‍,
ഒരു നേരം, രണ്ടു നേരം, കലമ്പലും ചിലമ്പലും;
മണം പൊന്തും പൂക്കള്‍ ഇല്ലാതുടനുടന്‍ കായ്ഫലങ്ങള്‍.

പ്ലാവവളെ നോക്കിനില്‍പ്പുണ്ടവള്‍ നോക്കീ പ്ലാവിനെയും,
പരിണാമം പരസ്പരം പകരുവാന്‍ കൊതിക്കുന്നോര്‍.

------
1. തൈറോയിഡ് ഗുളിക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com