'പടിക്കല്‍ പട'- പി.ടി. നരേന്ദ്ര മേനോന്‍ എഴുതിയ കവിത

പുഴമണലിലെചിതയ്ക്കു മുകളില്‍ ചിതറി-വന്ന കാറ്റാണ് ആദ്യം പറഞ്ഞത്,വേണ്ടാട്ടോ
'പടിക്കല്‍ പട'- പി.ടി. നരേന്ദ്ര മേനോന്‍ എഴുതിയ കവിത

പുഴമണലിലെ
ചിതയ്ക്കു മുകളില്‍ ചിതറി-
വന്ന കാറ്റാണ് ആദ്യം 
പറഞ്ഞത്,
വേണ്ടാട്ടോ.
കുട്ടിക്കോണകങ്ങള്‍ 
മുതലക്കൂപ്പു കുത്തിയ തോട്
മെലിഞ്ഞപ്പോള്‍ 
ചാലുവെള്ളം അതേ വാക്കു
പിന്നീടു പറഞ്ഞു.
കാണെക്കാണെ
ഒഴിഞ്ഞ കാടും നിരന്ന
കുന്നും നിറഞ്ഞ വാര്‍പ്പും അതേ-
പടി പറഞ്ഞുകൊണ്ടിരുന്നു.
മുകള്‍പ്പാളിയില്‍ 
തുള വീണപ്പോള്‍ പഴുത്ത 
മണ്ണും പറഞ്ഞു.
അമ്ലപ്പുളിപ്പേറ്റ ആഴിയും 
പറഞ്ഞുകൊണ്ടേയിരുന്നു. 

ഓ...പറച്ചിലുകള്‍ 
പൊറുക്കാന്‍ വയ്യാതായി 
വട്ടംതട്ടി-
യിരുന്ന് കൂട്ടം കൂടി,
വാക്കും നോക്കും ഊക്കും
ചേര്‍ത്ത് തീട്ടൂരമിറങ്ങി.
എല്ലാരും നെഞ്ച് 
കുഴിച്ചു നന്നങ്ങാടികള്‍ വെയ്ക്കുക. 
ചെത്തത്തൊന്തരവുകളെ 
അടക്കം വെയ്ക്കുക. 
മണ്ണാഴങ്ങളില്‍ മറയ്ക്കുക. 
ഇന്നലെ
ഏതോ കാലക്കയ്യന്‍ 
പറമ്പുകള്‍ കിളച്ചു മൂടികള്‍ 
എടുത്തുമാറ്റിയിരിക്കുന്നു. 
പുറത്തു വന്നത് 
പെരുംപടപ്പുകള്‍.
നോക്കറ്റം കവിഞ്ഞവര്‍, 
പിടിയ്ക്കാപ്പറ്റങ്ങള്‍.
പുല്‍ത്തുമ്പിലെ 
മഞ്ഞുതുള്ളി പറഞ്ഞു, 
''ഞാന്‍ നൊടിയിടക്കാരിയാണ്.
പോകാറായി. എന്നിട്ടു-
മറിയുന്നു,
ആരൊക്കെയോ
എന്തൊക്കെയോ 
വട്ടം കൂട്ടുന്നു.
തകൃതിച്ചര്‍ച്ചകള്‍ നടക്കുന്നു.
പനിമാരി വെച്ച്കാച്ചണോ,
വെള്ളത്തില്‍ മുക്കണോ,
ചുടുചുടാംപഴക്കമാണോ,
കടലിനടിയില്‍നിന്ന്
കൊടുംകുലുക്കം വരുത്തണോ,
തണുപ്പിച്ചു കെടുത്തണോ?
ഒടുക്കം വരുമോ,
ഇത് ഇടക്കാലമോ?''
ഏഴുനിറം 
നിഴലിച്ച ആ അയ്യോ-
പാവവും വറ്റിപ്പോയി.
ഇപ്പോളും
നാട്ടുകൂട്ടം പറയുന്നു,
പോനാല്‍ പോകട്ടും പോടാ.
മുകളില്‍ മറ്റിടങ്ങളുണ്ടല്ലൊ.
അവ തിളങ്ങിക്കൊണ്ടു 
മാടിവിളിക്കുന്നതു കണ്ടില്ലേ?
പണ്ടെന്നോ
മൂട്ടവിളക്ക് വെച്ച്
കോലായയിലെ മുത്തശ്ശി
വായിച്ചിരുന്നത് 
വീണ്ടും ഉയിര്‍ത്തു വരുന്നു.
''താന്‍ താന്‍ നിരന്തരം 
ചെയ്യുന്ന കര്‍മ്മങ്ങള്‍ 
താന്‍ താന്‍ അനുഭവി-
ച്ചീടുകെന്നേ വരൂ.''-1
പത്തവതാരത്തിലെ 
ആട്ടക്കാരി ഒടുവിലത്തെ 
ചുവടുകള്‍ വെയ്ക്കാനറിയാതെ 
അരങ്ങില്‍ 
കുഴഞ്ഞുവീഴുന്നു.
എന്നിട്ടും പിന്‍പാട്ടു 
തുടരുന്നു,
ധൂമകേതുമിവ
കിമപി കരാളം,
കേശവ! ധൃത കല്‍ക്കിശരീര!
ജയ ജഗദീശഹരേ!''-2

1. തുഞ്ചത്താചാര്യന്‍
2. ജയദേവകവി ഗീതഗോവിന്ദത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com