'സവാരി'- ആശാലത എഴുതിയ കവിത

രണ്ടു സൈക്കിളുകള്‍ ഹാന്‍ഡില്‍ ബാര്‍ കൊണ്ട് കൈകോര്‍ത്തു പിടിച്ച് ആകാശച്ചെരിവിലൂടെ വേഗത്തില്‍ പാഞ്ഞുപോകുന്നു
'സവാരി'- ആശാലത എഴുതിയ കവിത

ണ്ടു സൈക്കിളുകള്‍ 
ഹാന്‍ഡില്‍ ബാര്‍ കൊണ്ട് കൈകോര്‍ത്തു പിടിച്ച് 
ആകാശച്ചെരിവിലൂടെ വേഗത്തില്‍ പാഞ്ഞുപോകുന്നു

വലതുവശത്തെ സൈക്കിളിലെ പെണ്‍കുട്ടിയുടെ 
ഇരുവശത്തും പോണിട്ടെയില്‍ കെട്ടിയ മുടി
കാറ്റില്‍ പറക്കുന്നു
അതു കൂട്ടാക്കാതെ സൈക്കിള്‍  പറപറക്കുന്നു

ഇടതുവശത്തെ ആണ്‍കുട്ടിയുടെ ചുരുളന്‍മുടി
പറന്ന് കണ്ണിലേക്കു വീഴുന്നു
അത് കൂട്ടാക്കാതെ സൈക്കിള്‍ 
പറപറക്കുന്നു

പരസ്പരം പിടിവിടാതെ പിടിവിടാതെ

ശംഖുംമുഖത്തുനിന്ന് ആകാശച്ചരിവു നോക്കിയാകണം
യാനം തുടങ്ങിയത്
ദിക്കുനോക്കിയിട്ട് അങ്ങനെയാണ് തോന്നുന്നത്

ഇവിടെ എന്റെ കട്ടിലില്‍ അലസമായിക്കിടന്നു 
നോക്കുമ്പോള്‍ കാണാം
കുതികുതിച്ച് മിന്നല്‍ തെറിപ്പിച്ച് പായുന്നത്

ഉരുളന്‍ കല്ലുകൊണ്ട് അതിരുപാകിയ 
ആകാശവഴിയില്‍ക്കൂടെ സൈക്കിളോട്ടുമ്പോള്‍
ഇടക്കിടെ ഉരസുന്നുണ്ട്
നക്ഷത്രങ്ങളില്‍
അന്നേരം തീപ്പൊരി തെറിക്കുന്നുണ്ട്
അതൊന്നും അവര്‍ കൂട്ടാക്കുന്നില്ല

കൈവിടുന്നേയില്ല
കുട്ടികളായി മാറിയ 
സൈക്കിളുകള്‍ 
ശ്രദ്ധ തെറ്റിക്കുന്നേയില്ല 
കുട്ടികളായി മാറിയ സൈക്കിളുകള്‍

ഇപ്പോ ദേ മൂക്കുന്നിമലേടെ മോളിലൂടെയാണ് കുതിക്കുന്നത്.
ഇപ്പഴിപ്പം ക്വാറിയാണെങ്കിലും
പഴയകാലത്തെ ഒരഗ്‌നിപര്‍വ്വതമാണ് 
അതെങ്ങാന്‍ പൊട്ടുമോ? ലാവ പുറത്തുവന്ന് 
പിള്ളേരേയും അവരുടെ സൈക്കിളിനേയും മൂടുമോ?
ഞാന്‍ തെല്ലുനേരം ഭയന്നു.
ഇല്ല, അവര്‍ മറികടന്നു 

ഒന്ന് ദീര്‍ഘശ്വാസം വിട്ടതേയുള്ളൂ
അപ്പഴത്തേക്കും ഒരു മേഘത്തിന്റെ അടിയിലേക്ക് കേറിപ്പോയി
സൈക്കിളും കുട്ടികളും
പിന്നെ കുറേ നേരത്തേക്ക് പുറത്തുവന്നില്ല 

പഴേ നിയമത്തിലെപ്പോലുള്ള ഒരു സന്ധ്യ വന്നു
ഇങ്ങനത്തെ സന്ധ്യക്കാകും നോഹ പെട്ടകം പണിതതെന്ന് ഞാന്‍ വിചാരിച്ചു
എന്നിട്ട് ബാല്‍ക്കണിയിലിറങ്ങിനിന്ന് 
മേഘത്തിന്റെ അകത്തുനിന്ന് അവര് 
പുറത്തുവരുന്നുണ്ടോന്ന് സൂക്ഷ്മമായി 
നോക്കിക്കൊണ്ടു നിന്നു

വന്നില്ല
ഒരുപാടു നേരം കഴിഞ്ഞിട്ടും

എന്തുപറ്റിക്കാണും എന്നു ഞാന്‍ ആലോചിച്ചു തുടങ്ങിയപ്പഴേക്കും 
സൈക്കിളിന്റെ തല കണ്ടു

മേഘത്തിന്റെ പിടിയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതാവണം

പക്ഷേ, തൊട്ടു പിന്നാലെ ഇരുണ്ട മേഘങ്ങള്‍ നിരനിരയായി വന്നു
വല്ല്യ ഒരു കാറ്റുവീശാന്‍ തുടങ്ങി
പ്രളയം ഇരമ്പിവരുന്നപോലെ ഒരു മഴ 
കണ്ണുപൊട്ടിക്കുന്ന ഒരു മിന്നല്‍
കാതടക്കുന്ന ഇടിയൊച്ച

പിന്നെ എല്ലാ വെളിച്ചവും കെട്ടു
ആകാശത്തേയും ഭൂമിയിലേയും

മഴ കഴിഞ്ഞ് 
ആകാശം തോര്‍ന്നപ്പോള്‍ 
അവര്‍ സവാരി തുടര്‍ന്നോ ആവോ?
ആരെങ്കിലും അവര്‍ക്ക് തല തുവര്‍ത്തിക്കൊടുത്തുകാണും.
ആരെങ്കിലും ഒരു മഴവില്‍പ്പാലം നിവര്‍ത്തിയിട്ട് 
അവരെ താഴെയിറക്കിക്കാണും
മഴയൊഴിഞ്ഞ നിരത്തിലൂടെ കൈകോര്‍ത്തു സൈക്കിള്‍ ചവിട്ടി
അവര്‍ വീടണഞ്ഞുകാണും

അങ്ങനെ ഓര്‍ക്കാനാ എനിക്കിഷ്ടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com