'KL 13 F 6988'- രാമകൃഷ്ണന്‍ ചുഴലി എഴുതിയ കവിത

ആകാശവും ഭൂമിയുംനനഞ്ഞു വിറയ്ക്കുന്നമഴയില്‍, ഇരുട്ടില്‍...
'KL 13 F 6988'- രാമകൃഷ്ണന്‍ ചുഴലി എഴുതിയ കവിത

കാശവും ഭൂമിയും
നനഞ്ഞു വിറയ്ക്കുന്ന
മഴയില്‍, ഇരുട്ടില്‍...
മറ്റവന്റെ കണ്ണഞ്ചിക്കുന്ന
ഹെഡ്ലൈറ്റില്‍.
എന്റെ KL 13 F 6988 ഒരു
മങ്ങിയ നിലാവുപോലെ
പോന്നണയുന്നു.
എന്‍.എച്ചിലെ ആഴമുള്ള
കുഴികളില്‍ ഇരുട്ടിന്റെ
വല വിരിച്ചിരിക്കുന്നു.
ഇന്‍ഡിക്കേറ്റര്‍ മാറ്റിമാറ്റിയിട്ട്
ഇടത്തോട്ടും വലത്തോട്ടും നീങ്ങുന്നു.
''ഏതിരുള്‍ക്കുഴിമേലുമുരുളട്ടെ
വിടില്ല ഞാനീ മാരുതിയെ''
എന്നു മാറ്റിപ്പാടുന്നു.
എന്റെയീപോക്കില്‍
മുന്നിലെ കുഴിയില്‍ വീണാല്‍
മിനിമം ഒരു കാറെങ്കിലും
പിന്നില്‍നിന്ന് ഇടിക്കണം
എന്നാണല്ലോ അതിന്റെ ഒരിത്...

പക്ഷേ, കുന്നും വളവും
കൈകോര്‍ക്കുന്നിടത്ത്
മുന്നിലെ ഒരു പാണ്ടിലോറിക്കും
പിന്നിലെ ഒരു പാണ്ടിലോറിക്കും
ഇടയില്‍, ഇടത്തേ സൈഡില്‍
ഫസ്റ്റ് ഗിയറില്‍ ഞാന്‍
മുരണ്ടു നീങ്ങുന്നു.
ദൈവമേ...
നിന്റെ പാണ്ടിവെളിച്ചം
എന്നെ സുരക്ഷിതനാക്കുന്നു.
ഓവര്‍ടേയ്ക്കു ചെയ്യാനാവാതെ
റിവേഴ്സെടുക്കാനാവാതെ
എന്നെ 'വേഗനിശ്ചല'നാക്കുന്നു.
മെല്ലെപ്പോക്കിന്റെ രാജകുമാരനാക്കുന്നു.
എത്ര മുന്നിലേക്കാണ്
മറ്റുള്ളവരുടെ കുതിപ്പുകള്‍ എന്ന്
എത്രയോ കാലമായി ഞാന്‍ ഉല്‍ക്കണ്ഠപ്പെടുന്നു.
സാരമില്ല, ദൈവമേ... പാണ്ടിവെളിച്ചമേ...
മുന്നിലും പിന്നിലും നിന്ന് കവലപ്പെടാതെ 
കാക്കുന്നുണ്ടല്ലേ, അതുമതി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com