'പതിനൊന്നരയുടെ വെയില്‍'- സുധീഷ് കോട്ടേമ്പ്രം എഴുതിയ കവിത

'പതിനൊന്നരയുടെ വെയില്‍'- സുധീഷ് കോട്ടേമ്പ്രം എഴുതിയ കവിത

മോന്തിയായിട്ടും 
വെറുതേ കൊക്കിച്ചോണ്ടിരുന്ന
കോഴികളെ കൂട്ടിലേക്ക് തെളിച്ച്
പയ്യിനെ ആലയില്‍ കെട്ടി
നെലവെളക്ക് തിരി താഴ്ത്തിക്കെടുത്തി
ചോറിനുള്ള വെള്ളംവെച്ച്
കത്താത്ത അടുപ്പിലേക്ക്
ആഞ്ഞാഞ്ഞ് ഊതി
നടുനീര്‍ത്തിയപ്പോള്‍
നട്ടെല്ലിലൂടെ 
ഒരു കരിങ്ങണ്ണി കേറിയപോലെ
തെരുത്തുനിന്നു 
അനിത.

അത് കുറച്ചുനേരമേ കാണൂ
കണ്ണൊന്നടച്ച് തിരുമ്മിയാല്‍ 
ഒന്നു മരിച്ചെണീറ്റപോലെ
പിന്നെയും അടുപ്പൂതാം.
പിന്നെയും വെള്ളം കോരാം.
പിന്നെയും തുണിതിരുമ്പാം.

അരിസാമാനങ്ങള്‍
അലക്കുസോപ്പ്
പിണ്ണാക്ക്, കുന്തിരിക്കം
കറണ്ടുപോയാല്‍ 
കത്തിക്കാനുള്ള മെഴുതിരി
എല്ലാം കുറിച്ചുകൊടുത്തപ്പോഴും
നടുവേദനക്കുള്ള
ഓയിന്‍മെന്റ് മറന്നു.
അന്നേരം വെക്കാനുള്ള പാഡും.
പുറത്തൊന്നും പോകാനില്ലാത്തതിനാല്‍
അടിത്തുണികൊണ്ടത് മറയ്ക്കാം.
നടുവേദന മാത്രം മാറൂല.

ഇന്നലെയോ ഇന്നോ
പതിനൊന്നര നേരത്ത് 
പയ്യിനുള്ള കാടി കൊടുത്ത്
പറമ്പില്‍ വീണ തേങ്ങ
ഊരയ്ക്ക് താങ്ങിവരുമ്പോള്‍
നഫീസ ഒച്ചതാഴ്ത്തി ചോദിച്ചു:
ഇങ്ങക്ക് സുഖല്ലേ പെണ്ണുങ്ങളേ?
ഓ സുഖെന്നപ്പാ എന്ന്
പറഞ്ഞുതീര്‍ന്നതും
സുഖം എന്ന വാക്കിലെ
ജീവിതമില്ലായ്മ 
വല്ലാതെ ചീര്‍ത്തുവന്നോ?

ഭാഷ കൊള്ളാതായപോലെ.

പഠിക്കുന്ന കാലത്തേതുപോലെ
ഭാഷയ്ക്ക് ചേലുണ്ടായില്ല പിന്നീടൊരിക്കലും.
മിഴിയുള്ളവര്‍ നിന്നിരിക്കാം
എന്നൊരാളെയും നോക്കിനിന്നില്ല
സുഖമൊരു ബിന്ദു, ദു:ഖമൊരു ബിന്ദു
ബിന്ദുവില്‍നിന്നും ബിന്ദുവിലേക്കൊരു
പെന്‍ഡുലമാടുന്നു
എന്ന പാട്ടുമാത്രം മനസ്സിലുണ്ട്.
കാലമിനിയുമുരുളുമെന്ന്
അലസമായ് ഓര്‍ത്തു
രാത്രിമഴ കേണും ചിരിച്ചുമില്ല.

ഏകാന്തത എന്ന വാക്കിലെ 
അതിസാന്ദ്രത
വെറുത്തു.
വെയിലില്‍ ധ്യാനിക്കുന്ന
വെള്ളക്കൊറ്റി
ഒറ്റയാവലിന്റെ നേര്‍ത്ത പാളി
അടര്‍ത്തിമാറ്റുന്നത് കണ്ടുപഠിച്ചു.

നാളെയോ മറ്റന്നാളോ
ഇന്നത്തെ 
ഇതേ ദിവസം 
ആവര്‍ത്തിക്കുമ്പോള്‍
അലക്കുതുണികളുമായി
ഒതുക്കുകല്ലിറങ്ങിപ്പോവുന്ന
അനിതയുടെ ചിത്രവും
ആവര്‍ത്തിക്കുന്നു.

നീലപ്പുള്ളികളുള്ള മാക്‌സി
മഞ്ഞപ്പുള്ളികളുള്ള മാക്‌സിയാവുന്നു
എന്നുമാത്രം.
കുപ്പായക്കെട്ടുകള്‍ക്കൊപ്പം
പുതപ്പോ കൈക്കലത്തുണികളോ
മാറിമാറിവരുന്നു എന്നുമാത്രം
ഒതുക്കുകല്ലുകളിറങ്ങിപ്പോവുന്ന
അനിത ഉണ്ട് എന്നുമാത്രം.
നടന്നുപോവുന്ന ഒരാളുടെ 
പിന്‍ചിത്രം ഉണ്ട് എന്നുമാത്രം.

മുന്‍ചിത്രത്തില്‍
അവരുടെ മുഖം കാണാന്‍ പറ്റിയേക്കും
അകാരണമായി 
ചിരിവറ്റിപ്പോയ ചുണ്ടുകളില്‍
ഭാഷ ചത്തുകിടക്കുന്നതിന്റെ
നേര്‍ത്ത സൂചനകള്‍ കിട്ടിയേക്കാം. 

അകാരണം എന്ന വാക്കിന്റെ അര്‍ത്ഥം
അവര്‍ക്കപ്പോള്‍
അറിയില്ലെങ്കില്‍പ്പോലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com