'മഹാനായ കള്ളന്‍'- ഡി സന്തോഷ് എഴുതിയ കവിത

കള്ളനെന്നു വിളിക്കാറില്ലയഥാര്‍ത്ഥ കള്ളനെയാരും
'മഹാനായ കള്ളന്‍'- ഡി സന്തോഷ് എഴുതിയ കവിത

ള്ളനെന്നു വിളിക്കാറില്ല
യഥാര്‍ത്ഥ കള്ളനെയാരും.

രാജാവെന്നോ നേതാവെന്നോ
ജനനായകനെന്നോ
ജേതാവെന്നോ യോദ്ധാവെന്നോ
പ്രതിഭാധനനെന്നോ
കലികാലത്തു വിളക്കു കൊളുത്തിയ
ദിവ്യാത്ഭുതമെന്നോ
പല പല പേരില്‍ ലോകമവര്‍ക്കായ്
സിംഹാസനമേകും.

നിഴലിനെ നോക്കിപ്പോലുമുറക്കെ
കുരച്ചു ചാടീടും
കാവല്‍നായ്ക്കള്‍ ഇവരെ കണ്ടാല്‍
കാലടി ചുംബിക്കും,
'കള്ളാ, കള്ളാ' എന്നു വിളിക്കാന്‍
നാവുകളുയരില്ല
'അവനെ പിടി'യെന്നലറിയൊരാളും
പിറകേ പായില്ല.

പമ്മി നടക്കാറില്ല, പതുങ്ങി
യിരിക്കില്ലിവരെങ്ങും,
കാട്ടിലൊളിക്കാറില്ലിവര്‍, നാടിന്‍
നടുനായകരാകും.

ലക്ഷണമൊത്തൊരു കള്ളനു, കള്ള
ലക്ഷണമേയില്ല!

കള്ളന്മാരുടെ കളിക്കളത്തില്‍
വിഡ്ഢികളെപ്പോലെ
കളിക്കിറങ്ങും നമ്മള്‍, കള്ള  
ക്കളിയെന്നറിയാതെ
തോറ്റു മടങ്ങും, നമ്മുടെ തലവിധി
യെന്നു പതം പറയും!

വലിയൊരു കള്ളന്‍  വരുവോളം നാം
വെറുതേ കളി തുടരും
പ്രാണന്‍ കൊള്ളയടിക്കപ്പെട്ടാല്‍
ശവമായ് കളമൊഴിയും.

യഥാര്‍ത്ഥ കള്ളന്മാരീയുലകില്‍
ചിരതാരകളാകും
വിണ്ണിലിരുന്നവര്‍ നമ്മളെ നോക്കി
കള്ളക്കണ്ണെറിയും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com