'അപരിചിതപരിചിതര്‍'- എം.സി. സുരേഷ് എഴുതിയ കവിത

 അതിരാവിലെഎന്നിലെ മറ്റവനെ വിളിച്ചുണര്‍ത്തിനടത്തംവ്യായാമംഇത്യാദി പതിവുശീലങ്ങളിലേയ്ക്ക്അവനെ തുറന്നുവിടുന്നു.
'അപരിചിതപരിചിതര്‍'- എം.സി. സുരേഷ് എഴുതിയ കവിത

തിരാവിലെ
എന്നിലെ മറ്റവനെ വിളിച്ചുണര്‍ത്തി
നടത്തം
വ്യായാമം
ഇത്യാദി പതിവുശീലങ്ങളിലേയ്ക്ക്
അവനെ തുറന്നുവിടുന്നു.
പരിചിതരോടെല്ലാം കുശലം പറയാനും
നടത്തത്തിനിടെ കൈകള്‍ പരമാവധി മേല്‍പ്പോട്ടുയര്‍ത്തി
ശ്വാസം പിടിച്ച് വയറുചൊട്ടിച്ച്
പരദൂഷണം പറയാന്‍  അവനെ പ്രാപ്തനാക്കിയേച്ചും
മടുപ്പോടെ മുന്നിലെത്തിയ ദിവസത്തിന്റെ
കൊമ്പേപ്പിടിക്കുന്നു.

അനുസരണയുടെ
എല്ലാ പാഠങ്ങളും പഠിച്ചു ശീലിച്ച മറ്റവന്‍
പ്രഭാതകൃത്യങ്ങള്‍  വേഗത്തില്‍ നടപ്പിലാക്കി
എന്തേലുമൊക്കെ തിന്നെന്നു വരുത്തി
പഞ്ചിംഗിനു മുന്നേ
ഓഫീസിനെത്താനുള്ള  തിടുക്കത്തില്‍
ട്രെയിനോ ബസ്സോ പിടിക്കാനുള്ള വ്യഗ്രതയില്‍
ഓടിവരുന്ന പട്ടിയേയോ ഇഴഞ്ഞുപോകുന്ന പാമ്പിനേയോ
പശുവിനേയോ പുല്ലിനേയോ കാണാതെ
വളവോ തിരിവോ അറിയാതെ
ഏതിരെ വരുന്ന പരിചിതമുഖങ്ങളെ മൈന്‍ഡാതെ
വണ്ടികളേയും ഹോണടികളേയും പൗസ് ചെയ്ത്
ഒരു നിശ്ശബ്ദചിത്രമായി  മടുപ്പ് മറന്നു സഞ്ചരിക്കും.

ആദ്യം വരുന്ന വണ്ടിയില്‍ കയറും
സൈഡ് സീറ്റിലിരുന്ന് വെറുതേ മയങ്ങും.

അപ്പൊളേയ്ക്കും ഞാന്‍
പത്രങ്ങളിലേയ്ക്കും അസ്വസ്ഥതകളിലേയ്ക്കും  കോട്ടുവായിടും.
കാറ്റുപിടിച്ച തുമ്പിയായ്
ഇലകളുടെ മൗനങ്ങളിലേയ്ക്ക് ഹോസിട്ടു കൊടുക്കും.
മൊട്ടുവന്നോ  പൂവിന് കണ്ണ് തെളിഞ്ഞോയെന്നും
തേന്‍കിനിഞ്ഞോ പൂവില്‍ മൊഴിയുണര്‍ന്നോയെന്നും
ചോദിച്ച് ചോദിച്ച് പതിവു ക്ലീഷേകളിലേയ്ക്ക്
പൊന്മാനായി പറന്ന്
അജ്ഞാതമായ  ഏതോ പാട്ടും പച്ചയും കൊത്തിയെടുക്കും.

അപ്പൊളേയ്ക്കും മറ്റവന്‍ ഓഫീസിലെത്തിയിട്ടുണ്ടാവും
കൃത്രിമമായ കാഴ്ച മുഖത്ത് ഫിറ്റുചെയ്തും
മുഷിഞ്ഞ ഫയലുകള്‍ വിടര്‍ത്തിയെടുത്തും
അയാള്‍ അന്നു തീര്‍ക്കേണ്ട ജോലിയുടെ കണക്കെടുക്കും.
ചിലപ്പോളൊക്കെ
ഓഫീസ് മേലധികാരിയുടെ വഴക്കു കേള്‍ക്കും
ആളുകളോട് വെറുതേ കലഹിക്കും.

അപ്പൊളേയ്ക്കും  ഞാന്‍
ചിട്ടി, വായ്പ, കാശുരഹിതകാലം എന്നിങ്ങനെ
ഏറ്റവും നൂതനവും സമഗ്രവുമായ പ്രശ്‌നങ്ങളെ വിശകലനം ചെയ്ത്
ചിലപ്പോളൊക്കെ
ട്രംപ്
ഉത്തരകൊറിയ
ലോകകപ്പ് എന്നിങ്ങനെയെല്ലാം
ആധികാരികമായി വായിട്ടലച്ച്
കവലേലിരുന്ന്  സിസ്സര്‍ഫില്‍റ്ററിനു തീ കൊടുക്കും.

അങ്ങനെയിരിക്കെ  മറ്റവന്‍
ഓഫീസീന്ന് വീട്ടിലേയ്ക്ക് മടങ്ങും.
ജോര്‍ജ്ജിന്റെ  പച്ചക്കറി കടയിലും
മൈതീന്റെ പലചരക്കു കടയിലും കയറും.
ഒന്നു മിനുങ്ങാന്‍
കവലേലെ ബാറീക്കേറി
പതിവുള്ള എംസീവിയെസ്സോപ്പി ഐസിട്ടു തന്നെ അടിക്കും.

ഞാനപ്പോള്‍ കറകളഞ്ഞ ഗൃഹസ്ഥനായി ഗൗരവപ്പെടും.
ഭാര്യ എന്നത് ഒട്ടും കാല്‍പ്പനികമല്ലെന്നും
മക്കള്‍ എന്നത് എത്ര പരമാര്‍ത്ഥമാണെന്നും
ഓര്‍ത്തോര്‍ത്ത്
കാലിച്ചായ ഊതിയൂതിക്കുടിക്കും.

വീട്ടിലേയ്ക്ക് മടങ്ങും വഴി
ഞാന്‍ മറ്റവനെ കണ്ടുമുട്ടും.
ഔപചാരികതകളൊന്നുമില്ലാതെ
ഒന്നിച്ച് വീട്ടിലേയ്ക്ക് പോരും.
പലതും കാണും
പലതും കേള്‍ക്കും.
വാചകമടിച്ചിരുന്ന് ഗുലാന്‍പരിശു കളിക്കും.

അപ്പൊളേയ്ക്കും ഞങ്ങള്‍ക്ക് ഉറക്കം  വരും.

സ്വന്തം മുറിയിലേയ്ക്ക്  കടന്ന ഞാന്‍
രാവിലെ കണ്ട
പട്ടി, പാമ്പ്, കിളികള്‍, ശലഭങ്ങള്‍
അങ്ങനെയെന്ന് വേണ്ടാ
കടങ്ങള്‍, പരാതികള്‍, പരിഭവങ്ങള്‍
അങ്ങനെയെന്ന് വേണ്ടാ
ജീവിതം
അലച്ചില്‍
ഭ്രാന്ത്
വീട്
ആത്മഹത്യ
ഭൗതികം
ആത്മീയത
സൗന്ദര്യം
നിറം
മണം
ഗുണം
എന്നിങ്ങനെ
സ്വന്തം വേവുകളിലേയ്ക്ക്
ലോകത്തെ പിഴിഞ്ഞിറ്റിച്ച്
ഇരുട്ടിനുമേല്‍  പ്രപഞ്ചത്തെ വരയ്ക്കാനുള്ള
തിടുക്കത്തിലായിരിക്കും.

ചിലപ്പോളൊക്കെ
വൃത്തവും വ്യാകരണവും
സുല്ലുപറഞ്ഞ കവിതപോലെ
ചുമ്മാ ചുമ്മാ ഞെട്ടിയെണീക്കും.

അപ്പോള്‍
ല്ലേ... മറ്റവന്‍
രണ്ടെണ്ണമടിച്ച ആലസ്യത്തില്‍
പെണ്ണുമ്പിള്ളേടെ കനപ്പെട്ട മുലയില്‍
കൈകള്‍ ചേര്‍ത്തുവെച്ച്
വെറുതേ  
ഉറങ്ങുകയായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com