'കുയില്‍കുടി'- ബിനു എം പള്ളിപ്പാട് എഴുതിയ കവിത

പറഞ്ഞുവച്ചദിവസം തന്നെ ഞങ്ങളൊരുയാത്ര പോയ്മൂന്ന് നോട്ടങ്ങള്‍, മൂന്ന് നിലങ്ങള്‍,വീടുകള്‍, കൃതിയില്‍മരുതം, മുല്ലൈ, പാലൈ
'കുയില്‍കുടി'- ബിനു എം പള്ളിപ്പാട് എഴുതിയ കവിത

റഞ്ഞുവച്ച
ദിവസം തന്നെ ഞങ്ങളൊരു
യാത്ര പോയ്
മൂന്ന് നോട്ടങ്ങള്‍, മൂന്ന് നിലങ്ങള്‍,
വീടുകള്‍, കൃതിയില്‍
മരുതം, മുല്ലൈ, പാലൈ

കുറിഞ്ചി മലകള്‍ക്ക്
നടുവിലൂടെ
വണ്ടി പാഞ്ഞു
എത്രരാക്കാച്ചിയമ്മന്‍
കോവിലുകള്‍
എത്ര വീരപാണ്ടി
പ്പെട്ടികളെത്ര
വേമ്പും വില്വവുമതിലെത്ര
ചിട്ടിക്കുരുവികളഴിച്ചിട്ട
സ്വരങ്ങളാശക്കുയിലുകളെത്ര
വള്ളിയും മുരുകനുമൊത്ത
ചെങ്കല്‍ച്ചരിവുകളെത്ര
മലയോരങ്ങള്‍.

കണയേറ്റ മൃഗത്തേപോലാ
ചിമഘട്ടവും
വളഞ്ഞോടിപ്പായുന്നുണ്ട്
വശങ്ങളില്‍
ഞങ്ങള്‍ക്കൊപ്പം
തെഴുത്തും മെലിഞ്ഞും

മേല്‍ക്ക് കണ്ണകി
തെക്ക് തെക്ക് മുല്ലയാര്‍
വടക്കിളയരാജാ
കിഴക്ക് കിഴക്കോട്ട് മധുര

വണ്ടിയില്‍
കൈലാഷ് ഖേറിന്‍
ജിപ്‌സിപ്പാട്ട്
പാട്ടോളം പോന്നതെറിക്കഥയ
തിന്‍സന്ദര്‍ഭങ്ങള്‍

വഴിക്ക് നെടുങ്കന്‍
പാതക്കകലെ ഇടത്ത്
മേലോട്ട് മാനം നോക്കിക്കുതിച്ച്
പാടത്തൊരൊറ്റമരംക ്
വണ്ടി നിന്നു
അതിന്റെ തണല്‍
നോക്കിനോക്കി നില്‍ക്കെ
അകലെക്കരിമേഘത്തഴല്‍

പാലൈ : ഏങ്ങി കിടുകിടുക്കുന്നല്ലോ..!
ഉള്ളാന്തിത്തണുത്തല്ലോ...?

മുല്ലൈ: ഓറയറ്റകലുമ്പോ
ഴുള്ളിന്റെ പിടച്ചിലാണല്ലാ
തൊന്നുമല്ല,
കരഞ്ഞ് കഴിഞ്ഞതിന്‍
ഭാരം കുറഞ്ഞാലും
ഏങ്ങലിലല്ലോ നമ്മള്‍
കരഞ്ഞതോര്‍ക്കാറുള്ളൂ...!

മരുതം: മനസ്സിന്നറിയുമോ
മനുഷ്യരെ മുഴുവനായ്
അമര്‍ത്തുന്തോറുമേറി
മലരും സങ്കടത്തെ ...!

ഇതിഹാസം പേശും
ചെങ്കല്ലിന്റെ മല
നല്ല ശില്പങ്ങള്‍ കൂട്ടിയിട്ടു
വാങ്ങാന്‍ വിളിക്കുമ്പോലെ
കാറ്റാടി വളച്ചു പോം കാറ്റ്
മുരടിച്ച ചെടികള്‍, നടുക്കൊറ്റ
ക്കരിമ്പാത തൊട്ടു തൊടാതെ പോം
മനം, പ്രതീക്ഷകള്‍.
എതിരൊലിമുഴക്കത്തില്‍
ചീറും വണ്ടികള്‍

 ************
അകലെ
മീനാക്ഷിക്കോവിലിന്‍ മുഖപ്പ്
തെളിയുന്നുണ്ടി
നിയുമില്ലവിടേക്കു ദൂരം

ചവുണ്ട് മുഷിഞ്ഞ മനുഷ്യര്‍
വിയര്‍പ്പിന്‍ സഞ്ചയങ്ങള്‍
പുറവഴികള്‍
മുടുക്കുകള്‍
കോവില് ചുറ്റിപ്പാര്‍ക്കും
ഒറ്റമുറിക്കുടികള്‍
മുഴുക്കയ്യന്‍ ഷര്‍ട്ടിട്ട
നീളന്‍ഹിന്ദിക്കാര്‍, വണിക്കുകള്‍
തെങ്ങിന്‍ കുരുന്ന്, മുസാമ്പിച്ചാറ്
ഓലപ്പടക്കം, വെള്ളരിപ്പിഞ്ച്
ശരവണഭവന്‍, പൊടിപിടിച്ച ശിവകാശി പ്രിന്റില്‍
രമണനും, ഷിര്‍ദ്ദിസായിയും
ഉള്ളിലുള്ളിലായ്
നിതാന്തമായൊരു ബ്രാണ്ടിക്കട

ആറ്റിലേക്കിറങ്ങുമ്പോല
വിടേക്കിറങ്ങി, മേശമേല്‍
പല ഭേദങ്ങളില്‍ തമിഴ്
അഴകില്‍ കക്ഷിപ്പേച്ചിന്നിടക്ക്
തത്ത്വപ്പാടല്‍

തണുത്ത് തണുത്തുള്ള ഇറക്കുകള്‍
മൂലയില്‍ പ്രകാശിക്കുമിരുട്ടില്‍
ഞങ്ങളും കഥകള്‍, സിനിമകള്‍,
പെണ്ണുങ്ങള്‍ പ്രണയങ്ങളവിഹിതം.
അഭിപ്രായ വ്യത്യാസങ്ങള്‍
ഇടക്കിടക്ക് വന്നു പോം
ഗ്ലാസ്സുകള്‍
അതിന്നിടയില്‍
ജമന്തിയും മുല്ലിയും വില്‍ക്കും പെണ്ണ്  
ഹാ... തലയിലാമ്പല്‍ വിരിയുംതണുപ്പ്

കോവിലു ചുറ്റിച്ച്
കൊണ്ടുപോംബോധ
രാത്രിയേറെക്കഴിഞ്ഞുള്ള നടപ്പ്,
വായിച്ച പുസ്തകങ്ങള്‍, എഴുതാനിരിക്കും നോവല്‍
ഭജനയും പോലീസും
പച്ചയില്‍മുക്കിയ തത്തയും കൂടുമുറങ്ങും വില്പനക്കാരനും
ഭിക്ഷക്കാരുമൊഴിച്ചാല്‍
വിജനം ഞങ്ങളും കോവിലും
തിരികെ വന്നു കിടന്നു

************

കീഴേക്കുയില്‍ക്കുടി...
മങ്കിന്റെ പെയിന്റിംഗുപോല
വിടേക്കുള്ള വഴി
പാടത്തിനു നടുവിലൂടത്
ചെമന്ന് കിടന്നു
ഇരു നെല്‍പ്പാടങ്ങള്‍,
ചെറുവീടിന്റെ കൂട്ടങ്ങള്‍
ചേക്ക കിലുങ്ങുന്ന പേരാല്‍

ദുരൂഹതകളഴിച്ചെടുക്കും
മൂങ്ങയെപ്പോലെയാമല.

ഉത്സവം കഴിഞ്ഞ് അടുക്കി നിര്‍ത്തിയ
അയ്യനാരുടെ
മണ്‍കുതിരകളുടെ
കണ്ണിലെ നീലയും
കഴുത്തിലെ ചെമ്പും
ഒലിച്ചിറങ്ങിപ്പഴകി.

അതിന്റെ തകര്‍ന്ന
മുതുകിന്‍
നിറം പോയ ഭാഗത്തെ വെന്തമണല്‍
കുളമ്പിനോട് ചേര്‍ന്ന്
പൊടിഞ്ഞ് കിടന്നു.

താഴത്തെ
താമരക്കുളത്തിലെ ഇലകള്‍ക്കിടയിലെ
ഇരുട്ടില്‍ നിന്ന് മീനുകള്‍
കരയിലേക്കടുത്തും മുകളില്‍ വൃത്തമുണ്ടാക്കിയും
ഊളിയിട്ടും കുളത്തെ
പെരുപ്പിക്കുന്നു

സമണര്‍മല ശരണമായിരുന്നപ്പോഴതിന്ന്
കല്ല് ചെത്തിയ പടികളുണ്ടാവില്ല

ഇപ്പോഴുള്ള
പടികള്‍ക്കിരുവശവും
ഇരുമ്പ് വേലി മുകളിലേക്ക്
വളഞ്ഞ് മാനത്തില്ലാതായി

കയറിച്ചെല്ലുന്നിടത്തെ
കല്പാളികളില്‍
ചെത്തിയെടുത്ത ബുദ്ധരില്‍
വെയില്‍ ചരിഞ്ഞു വീണു
താഴെക്കല്‍ത്തൊട്ടിയില്‍ വെള്ളം
അതില്‍ മഴവന്ന്
നിറയുമ്പോളവര്‍ക്കുംമുഖം
നോക്കാന്‍ പാകത്തിന്
മുകളിലെ പരന്ന ഭാഗത്തെ
തകര്‍ന്ന കല്‍തൂണുകളിലൊന്നില്‍
ഞങ്ങളിരുന്നു.

കാറ്റില്‍ കിളികള്‍
പാളി, അകലെ മധുരട്ടൗണ്‍
നഗരം വെളുപ്പിക്കും പ്രകാശം
മാനത്തേക്ക് പകരുന്നുണ്ടവിടെ
ചുറ്റിപ്പറക്കും
പരുന്തുകള്‍, എല്ലാം കണ്ട്
മിടുപ്പ് ശമിച്ചു.
 
ഗൃഹാതുരത്വം കൊണ്ട് സാന്ത്വനിപ്പിക്കാന്‍
വന്ന നൂറ്റാണ്ടതിന്റെ പാളികളോരോന്നിളക്കി
ജൈനരും ചോഴരും പാണ്ഡ്യരും
തരം തിരിവില്ലാതാക്കിക്കളിച്ച പകിടകള്‍
ചരിത്രമായ് ആനയും
തേരും കാലാളും കുതിരയും
ബുദ്ധനും ശില്പം തന്നെ
ബുദ്ധരോ സമണര്‍
ജൈനരോ...?

ദുഃഖം പോടുകളിലുറഞ്ഞ്
കറുത്തുതുടങ്ങി
കമഴ്ന്നു കിടന്നുറങ്ങുന്ന
ഒരനാഥന്റെ മട്ടുണ്ടായി
ആ മലയ്ക്കന്നേരം

ആര്‍ക്കു വേണമെങ്കിലും
എടുക്കാവുന്ന
സ്ഥാവരങ്ങളിലല്ലവരുടെ
ബോദ്ധ്യങ്ങളെങ്കില്‍ പോലും

മോഷ്ടിക്കപ്പെട്ട ശാന്തതകളുടെ
അവശിഷ്ടങ്ങള്‍
ആദിക്കുകള്‍ക്കുണ്ടായപ്പോള്‍

മധുര വഴി ഒളിച്ച്
കടത്തപ്പെട്ട അവിടുത്തെ വിഗ്രഹങ്ങളെപ്പോലെ
എല്ലാമുപേക്ഷിച്ച ഞങ്ങളുമിറങ്ങി, ആ ഋതു അത്
സമ്മതിച്ചതുപോലെ തോന്നിച്ചു തിരികെയുള്ള
മടക്കയാത്രയില്‍

എത്ര കൊടുത്താലും
ചിലരില്‍ നിന്നെന്തുമെടുക്കാം
ചിലരത് വാങ്ങിക്കൊള്ളും
ചിലരെ കാവല്‍ നിര്‍ത്തും

തിരികെ
മേല്‍ക്കറബിക്കടല്‍
വടക്ക് ഇളയരാജാ
പടിഞ്ഞാറ് മുല്ലയാര്‍
നിന്നിടം മീനാക്ഷിയോ
കണ്ണകിയോ..!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com