'കേട്ടു പതിഞ്ഞ ശബ്ദത്തില്‍'- അസീം താന്നിമൂട് എഴുതിയ കവിത

ഉമ്മ മരിച്ചതില്‍പ്പിന്നെ തറവാട്ടു വീട്ടില്‍ ഞാന്‍ഇടയ്ക്കിടെ പോകും;വാപ്പ അവിടെ തനിച്ചാണല്ലോ
'കേട്ടു പതിഞ്ഞ ശബ്ദത്തില്‍'- അസീം താന്നിമൂട് എഴുതിയ കവിത

മ്മ മരിച്ചതില്‍പ്പിന്നെ 
തറവാട്ടു വീട്ടില്‍ ഞാന്‍
ഇടയ്ക്കിടെ പോകും;
വാപ്പ അവിടെ തനിച്ചാണല്ലോ.

വീട്ടിലുണ്ടോ എന്നറിയാന്‍
ചെന്നപാടേ ഞാന്‍ വാപ്പാ... വാപ്പാ...
എന്നു നീട്ടി വിളിച്ചു നോക്കാറില്ല.
നേരിട്ടു ക്ഷേമം
അന്വേഷിക്കാനും മുതിരില്ല.

ഭ്ശൂ...ഭ്ശൂ... എന്നൊരൊച്ചയിലാണാ 
ജീവിതത്തിന്റെ
 തോതും തെളിച്ചവും...
 
അവിടെയെത്തിയാലുടന്‍
ചെവികൂര്‍പ്പിക്കലാണിപ്പോള്‍ പതിവ്:
ഭ്ശൂ... ഭ്ശൂ... ഭ്ശൂ...
നിശ്ചിത താളക്രമത്തില്‍,
കേട്ടുപതിഞ്ഞ ശബ്ദത്തില്‍...

വീട്ടില്‍നിന്നെങ്കില്‍ അയഞ്ഞും
വിളയില്‍നിന്നെങ്കില്‍ മുറുകിയും അതെന്റെ
ആശങ്കകളോടു സംവദിക്കും.
മഞ്ഞെങ്കില്‍ ഇടറിയും
വെറിയെങ്കിലടങ്ങിയും
ആസകലമത്
ആവിഷ്‌കരിച്ചു കേള്‍പ്പിക്കും;
ഉള്ളകത്തെ മിടിപ്പിന്റെ തോത്   
താളക്രമത്തിലെ ഏറ്റക്കുറച്ചില്‍ കൊണ്ടതു
പ്രകടമാക്കും.

വീട്ടിലില്ലെങ്കില്‍ ഞാനതു
പര്യമ്പുറത്തോ,
തൊടിയിലോ
പണയിലോ തേടും.
പകലെങ്കില്‍ വിളകളതു സ്ഥിരീകരിക്കും.

ഭ്ശൂ... ഭ്ശൂ... ഭ്ശൂ...
പതിഞ്ഞു മുറുകിയ താളത്തിലെന്നാല്‍
അതിന്റെ നിറവില്‍ ഞാന്‍
വാതില്‍ തുറന്ന് വീട്ടില്‍ കയറും.
താക്കോല്‍
ഉമ്മ കരുതിവയ്ക്കാറുണ്ടായിരുന്ന
അതേ ഇടത്തില്‍ത്തന്നെ ഉണ്ടാകും.

അടഞ്ഞുകിടക്കുന്ന
എല്ലാ ഓര്‍മ്മകളും തുറന്നു കയറി
ഓരോ നെടുവീര്‍പ്പുതിര്‍ത്ത്
ഞാനെന്റെ മുറിയില്‍ വിശ്രമിക്കാനെത്തും.
ശേഷം അടുക്കളച്ചായ്പില്‍ ചെന്ന്
ജോലിക്കാരിയുടെ കൃത്യത ഉറപ്പാക്കും.
വാങ്ങിവന്ന ഔഷധങ്ങളും
ഇന്‍ഹെയിലറും 
മരുന്നു ഡപ്പിയിലിട്ടടച്ച്
മടങ്ങാനായി  വീടു പൂട്ടി
മെല്ലെ പുറത്തിറങ്ങും.

അപ്പോഴേക്കും
ഭ്ശൂ... ഭ്ശൂ... ഭ്ശൂ...
അടുക്കളച്ചായ്പിനു സമീപത്ത്
ഉമ്മ പാകിവളര്‍ത്തിയ പച്ചക്കറിത്തോട്ടത്തില്‍
എത്തിയിട്ടുണ്ടാകും...

ഞാനങ്ങോട്ടു ചെല്ലും.
ആ ശബ്ദമപ്പടി-
എങ്ങോ പോയൊളിക്കും.

ഉശിരുള്ളൊരൊച്ചയില്‍
ഒന്നോ രണ്ടോ ഉരിയാടി
വാപ്പയെന്നെ മടക്കി അയക്കും.

ഞാന്‍ മടങ്ങിയെന്ന്
ഉറപ്പാകുംവരെ പിന്നെയാ ഒച്ച 
കേള്‍ക്കത്തേയില്ല...

അങ്ങനെയാണ് 
ചാറ്റല്‍ മഴനനഞ്ഞു വന്ന്
ഇന്നും കാതുകൂര്‍പ്പിച്ചത്.
താളപ്പിഴവുകൊണ്ടേതോ
ഗൂഢപ്പൊരുളാശബ്ദ-
മുണര്‍ത്തിച്ചത്...!

താളക്രമം പഴേപടി ചിട്ടപ്പെടുത്താനുള്ള 
തത്രപ്പാടിനിടയിലാവണം 
ആ ഒച്ച എന്നെ 
നിങ്ങള്‍ കേട്ടപ്രകാരമങ്ങനെ
ഉച്ചത്തില്‍
ആവിഷ്‌കരിച്ചത്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com