'ഇനിയും പറക്കാന്‍ കൊതിയുള്ളതിനാല്‍'- റോബിന്‍സ് ജോണ്‍ എഴുതിയ കവിത

'ഇനിയും പറക്കാന്‍ കൊതിയുള്ളതിനാല്‍'- റോബിന്‍സ് ജോണ്‍ എഴുതിയ കവിത

വാക്കിന്റെ മൂര്‍ച്ചയിലുടക്കിചിറക് ചിതറുമെന്ന ഭയത്താല്‍ആ ശ്രമം പാടേ ഉപേക്ഷിക്കുന്നു

കര്‍ക്കപ്പെട്ട കുതികാലിലുയര്‍ന്ന്
ഉടലില്‍നിന്നൂര്‍ന്ന്‌പോകുന്ന പ്രാണനെ
അല്പനേരത്തേയ്ക്കു കൂടി നീട്ടിവെയ്ക്കുവാന്‍
വെമ്പുന്നവന്റെ
വാരിയെല്ലിന്‍ കൂട് തകര്‍ത്ത്
ചിറകടിച്ചു പറക്കാനായുന്ന ശ്വാസപ്പക്ഷിയേപ്പോല്‍
എന്റെ കവിത
മുള്‍വേലിയുടെ അതിരുകളെ
ഭേദിക്കാന്‍ ശ്രമിക്കുന്നു.

എന്നാല്‍, വാക്കിന്റെ മൂര്‍ച്ചയിലുടക്കി
ചിറക് ചിതറുമെന്ന ഭയത്താല്‍
ആ ശ്രമം പാടേ ഉപേക്ഷിക്കുന്നു.

ഒരു ചാവുപക്ഷിയാകുവാന്‍
ധൈര്യമില്ലാത്തതിനാല്‍
മറ്റനേകം പക്ഷികളുടെ പറക്കത്തില്‍
വിസ്മയം പൂണ്ട്
വേഗം ചിറകിനടിയിലൊളിപ്പിച്ച്
ഏറ്റവുമൊടുവിലത്തെ നിരയിലായി
എന്റെ പക്ഷിയും ഇടം തേടുന്നു.

മുന്നേ പറക്കുന്ന
പക്ഷികളുടെ ചുണ്ടില്‍നിന്നടര്‍ന്നുപോയ
കതിരുകളെ അവര്‍ കാണാതെ കൊത്തിവയറ്റിലാക്കി
വിശപ്പകറ്റുന്നു.

തൂവലുകള്‍ക്ക് വേണ്ടത്ര നിറവും
കണ്ണുകള്‍ക്ക് തെളിച്ചവും
ഇരതേടാനുള്ള കഴിവില്ലാത്തതിനാല്‍
ചുണ്ടുകള്‍ക്ക് മൂര്‍ച്ചയുമില്ലെങ്കിലും
ഉള്ളിലെ
കരച്ചിലിനെ
വിഷാദത്തില്‍ പൊതിഞ്ഞ
നേര്‍ത്ത കുറുകലാക്കി മാറ്റി
അതും ദൂരങ്ങളിലേക്ക് പറക്കാന്‍ ശ്രമിക്കുന്നു.

ഒരു വെറും
പക്ഷിയായിട്ടെങ്കിലും ജീവിക്കാന്‍
കൊതിയുള്ളതിനാല്‍
അത് സ്വയം താനൊരു പക്ഷിയാണെന്ന്
കാറ്റിനോട് തെരുതെരെ വായിട്ടലച്ചുകൊണ്ട്
അതിന്റെ പറക്കല്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com