'സോണ്‍ ഓഫ് ഡെഡ് എയര്‍ കാറ്റിന്റെ സെമിത്തേരി'- സജീവന്‍ പ്രദീപ് എഴുതിയ കവിത

മരണപ്പെട്ടവരുടെഗന്ധമുണ്ട്ഓരോ കാറ്റിലും,അപാരഅദൃശ്യത സ്പര്‍ശനത്തിന്റെഅസാധ്യ വിസ്മയങ്ങള്‍
'സോണ്‍ ഓഫ് ഡെഡ് എയര്‍ കാറ്റിന്റെ സെമിത്തേരി'- സജീവന്‍ പ്രദീപ് എഴുതിയ കവിത

1
 
മരണപ്പെട്ടവരുടെ
ഗന്ധമുണ്ട്
ഓരോ കാറ്റിലും,
അപാരഅദൃശ്യത 
സ്പര്‍ശനത്തിന്റെ
അസാധ്യ വിസ്മയങ്ങള്‍.

2

യാത്രാരഹസ്യങ്ങളിലേക്ക്  കറങ്ങുന്ന
കാലുകള്‍,
നാഷണല്‍ ഹൈവേയുടെ
മാന്ത്രിക മരുപ്പച്ച
പെട്രോള്‍ പമ്പുകള്‍
ഹോട്ടല്‍
നഗരം
ഗ്രാമച്ഛവി പുരണ്ട പ്രദേശങ്ങള്‍
മൃഗവേഗമുള്ള വാഹനങ്ങള്‍
ട്രാഫിക് സിഗ്നലുകള്‍
സീബ്രാലൈനുകള്‍.
കാഴ്ചകളും
കൗതുകങ്ങളും 
ഗൂഢസൈക്കോളജിയുടെ 
സിലബസിന് പുറത്താണ്

(ഒരുവള്‍ കാഴ്ചയും
ഒരുവന്‍ കൗതുകവും മാത്രമാവുന്ന 
യാത്രയെ വേണമെങ്കില്‍
ദാമ്പത്യം എന്നു വിളിക്കാമെന്നപോലെ)
ഡിവൈഡറുകള്‍
മരങ്ങള്‍
പാലങ്ങള്‍
അപകടങ്ങളുടെ അലര്‍ച്ച 
മാംസത്തകിടുകള്‍ 
മിന്നി മിന്നി തെളിയുന്ന 
ഞരക്കങ്ങള്‍,
നിലവിളികള്‍

കാറ്റിലെമ്പാടും
മരണങ്ങളാണ്
വെളിച്ചം
ഇല്ലാതാവുന്നിടത്ത്
ഏറ്റെടുക്കപ്പെടുന്ന കാറ്റിന്റെ ആത്മാവുകള്‍
അഥവാ
ആത്മാക്കളുടെ വാഹനമാണ് 
കാറ്റ്.

3

യാത്രയിലായിരിക്കുമ്പോള്‍ 
മാത്രം
പറയാവുന്ന ചിലതുണ്ട്
ചിലത് പറയാന്‍ വേണ്ടി മാത്രം 
രൂപപ്പെടുന്ന യാത്രകളുണ്ട്.
പറയൂ എന്നു പറഞ്ഞ് ചിലത് 
മുട്ടിവിളിക്കുന്ന
യാത്രകളുണ്ട്
യാത്രയില്‍ മാത്രം കണ്ടു കിട്ടുന്ന 
ചില പ്രദേശങ്ങളുണ്ട്,
ചില മനുഷ്യരുണ്ട്.

4

ദീര്‍ഘനേരത്തെ
ഹ്രസ്വനിശ്വാസത്തില്‍
കാലുകളിലൊന്ന്
മുടന്തിപ്പോയ വാഹനം
എപ്പോ വേണമെങ്കിലും
മുട്ടുകുത്തിനിന്നു 
പോയേക്കുമെന്നു തോന്നിയ
നിമിഷം
(നിശ്ശബ്ദതയും കാറ്റും തമ്മില്‍ രക്തബന്ധമുണ്ട്)

5

ആശ
സുമാര്‍ 40 വയസ്സ്
പെട്രോള്‍ പമ്പിന്റെ ഇടതു ഭാഗം
തകരം കൊണ്ടൊരു കൂട്
നീല ചുരിദാര്‍
മണ്ണില്‍ കിടന്നു പിടയുന്ന 
ടയര്‍ ജീവി
താഴേന്ന്
മുകളിലേക്ക്
മുകളീന്ന്
താഴേക്ക്
പറന്ന് പറന്ന് പറന്ന് വരുന്ന 
കൂറ്റന്‍ ചുറ്റികപ്പക്ഷി
ആശ
കിതയ്ക്കുന്നു
കാറ്റിനെ ശരീരത്തിലേക്ക്
പ്രിയപ്പെട്ട ഒരാളെന്ന വണ്ണം 
വലിച്ചെടുക്കുന്നു
എന്തൊരു കൗതുകമാണ്?
'പഞ്ചറടയ്ക്കുന്ന പെണ്ണ്'

6

ബൈപ്പാസിലൂടെ
മൂന്ന് വളവുകള്‍ക്കപ്പുറം
ഇടത്തോട്ട്
'സോറിയാസിസ് ബാധിച്ച
നിരാശജനകമായ
ഒരു ഉള്‍വഴി
അതിലൂടെ
കാറ്റെന്നപോലെ
കഥ സഞ്ചരിക്കുന്നു
കാറ്റില്‍
കറുത്ത കരിയിലപോലെ 
ആശയുണ്ട്
കാറ്റ് പിടിച്ചുലച്ച 
നാടക ജിജ്ഞാസയുണ്ട്
കാറ്റില്‍
മുടിയഴിച്ചിട്ട രണ്ട് 
പെണ്‍കുട്ടികളുണ്ട്
അവരുടെ കാറ്റില്‍
അച്ഛന്റെ മരിച്ച മണമുണ്ട്
അച്ഛന്‍ നിറച്ച കാറ്റിന്റെ 
ഭഗ്നബിംബമെന്നോണമൊരു 
വീടുണ്ട്
കാറ്റിലെമ്പാടും
കുളിച്ചു കുതിര്‍ന്ന 
പ്രണയമുണ്ട്
അതിസാഹസികനായ 
കാറ്റിന്റെ വെല്ലുവിളികളുണ്ട്
'സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍
പറത്തിക്കൊണ്ടുപോയിരിക്കും'
എന്ന മുഴക്കമുണ്ട്
കാറ്റില്‍നിന്നുണ്ടായ ചോറുണ്ട്
പഞ്ചറടയ്ക്കുന്നവന്റെ
പെണ്ണായി
വന്നുകേറിയ നാടുണ്ട്.

7

ട്യൂബുകളെ 
കുളിപ്പിക്കാനിറക്കി കിടത്തിയ
വീപ്പയില്‍
നിശ്ചലതയിലേക്ക് 
കുറുകിപ്പോയ നദിപോലെ
ജലം
(ജലക്കാറ്റുകളുടെ 
അദ്ഭുതകരമായ 
ആത്മഹത്യകളെപ്പറ്റി
തിരകളില്‍നിന്നറിയണം)
ട്യൂബില്‍
കറുത്ത ചേറില്‍ പുതഞ്ഞ 
മനുഷ്യരെന്നപോലെ കുത്തിനിറുത്തിയ ഈര്‍ക്കില്‍ 
തുമ്പുകള്‍.

8

ആശ
സുമാര്‍ 40 വയസ്സ്
അവള്‍
ജീവിതത്തെ കാറ്റില്‍ 
നിറയ്ക്കുന്നു
വാഹനങ്ങള്‍
മരണഭയത്തില്‍നിന്ന്
ജീവിതത്തിന്റെ നിരത്തിലേക്ക്
ഹെഡ്ലൈറ്റ്
കത്തിച്ചുവെയ്ക്കുന്നു
മരിച്ചവരുടെ ഗന്ധത്തിലേക്ക് 
അവള്‍ മൂക്ക് വിടര്‍ത്തുന്നു
ടയറിന്റെ മണം
തുളയിലൂടെ
സ്വപ്നങ്ങള്‍ ചോര്‍ന്നുപോയ 
വേവലാതിയില്‍നിന്ന്
ഓരോ വാഹനവും
നന്ദി പറഞ്ഞ് എണീക്കുന്നു.

9

അവളുടെ 
കാറ്റുമായി സഞ്ചരിച്ച ഇടങ്ങള്‍
അവളുടെ
കാറ്റിലേക്കെത്തും 
മുന്‍പേയുള്ള
ഇടങ്ങളെ
അപ്രസക്തമാക്കുന്നു.

10

അവള്‍ കാറ്റായിനിറഞ്ഞ ഉടലുമായി
സഞ്ചരിക്കാനുള്ളതാണീ 
ഭൂമി
കാറ്റിന്റെ പെണ്ണ്
പെണ്ണിന്റെ കാറ്റ്
പഞ്ചറായ ജീവിതത്തിന്
കാറ്റുനിറച്ചവളുടേതാണി
പ്രാണന്റെ പകുതി.
നന്ദി പറഞ്ഞൊരു വാഹനം
സര്‍വ്വീസ് റോഡിലേക്ക് 
തിരിയുമ്പോഴുംതിരിഞ്ഞു 
നോക്കിക്കൊണ്ടിരിക്കുന്നു.

11

''കാറ്റുപോയ മനുഷ്യന്‍
കാറ്റുള്ളപ്പോള്‍ തൂറ്റണം''
കാറ്റിനോളം ഏറ്റുപാടാവുന്ന 
ഒന്നില്ലെന്നിരിക്കെ
മരണം
പഞ്ചറാക്കിയ
ജീവിതത്തെ 
ഒട്ടിച്ചെടുത്തോടിക്കുന്ന
ആശ
സുമാര്‍ 40 വയസ്സ്
ഒന്ന്,
രണ്ട്
മൂന്ന്
ചുറ്റിക 
ഉയര്‍ന്ന് താഴ്ന്ന്
ഉയര്‍ന്ന് താഴ്ന്ന്
ടയര്‍ ഡിസ്‌ക്കുകളുടെ 
ചിരിയുടെ
ശബ്ദമുള്ള 
കാറ്റിനൊപ്പം
രണ്ട് പെണ്‍കുട്ടികള്‍
വലുതായിക്കൊണ്ടിരിക്കുന്നു
അച്ഛനില്ലാത്ത
കുറവുകളിലേക്ക് പറത്താതെ
ഒരമ്മക്കാറ്റ് അവരെ 
പൊതിഞ്ഞു
പൊതിഞ്ഞുപിടിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com