'വധു'- വിജയലക്ഷ്മി എഴുതിയ കവിത

അമ്മയെന്നദ്ദേഹം; ഞാന്‍ വധു, നോക്കുമ്പോള്‍ മുന്നില്‍പെണ്മയില്‍ നീലപ്പീലിനേടി നിന്നാടും പോലെ.എന്നിലേറ്റല്ലോ വിദ്യുല്ലത, ഞാന്‍ വലംകാലില്‍വന്നുകേറുമ്പോള്‍, അമ്മയല്ലിതെന്‍ മറ്റേപ്പാതി...!
'വധു'- വിജയലക്ഷ്മി എഴുതിയ കവിത

മ്മയെന്നദ്ദേഹം; ഞാന്‍ വധു, നോക്കുമ്പോള്‍ മുന്നില്‍
പെണ്മയില്‍ നീലപ്പീലിനേടി നിന്നാടും പോലെ.
എന്നിലേറ്റല്ലോ വിദ്യുല്ലത, ഞാന്‍ വലംകാലില്‍
വന്നുകേറുമ്പോള്‍, അമ്മയല്ലിതെന്‍ മറ്റേപ്പാതി...!

പെണ്മയേ നയിക്കുന്നൂ വീ,ടവര്‍ ചിരിക്കുമ്പോള്‍ 
പൊന്തയെപ്പൂമൂടിക്കൊണ്ടന്‍പു സഞ്ചരിക്കുന്നു.
വെയിലിന്‍ തിളങ്ങുന്ന ചെറുപ്പം, വര്‍ഷങ്ങള്‍ക്കും
വിതറിക്കൊടുക്കുന്നൂ ചന്തങ്ങള്‍ വാസന്തങ്ങള്‍.

അച്ഛന്റെ കാതില്‍ വീണില്ലാര്‍ദ്രമാം  സ്പര്‍ശത്തിന്റെ
മുഗ്ധമാം ശ്രുതിക്കായ് തീ കുടിക്കും പ്രാണാലാപം,
അശ്രുതഗീതം; നാഗദേവത  കളംതീണ്ടാ -
നെത്തുമാ നാദം തേടി, താണ്ടി  ഞാന്‍ തമോഗര്‍ത്തം.

അരുതെന്നിപ്പോഴോര്‍ക്കാന്‍ വയ്യ, കാറ്റിലെന്‍ തോറ്റം,
തെളിനീരായിത്തീര്‍ന്നൂ  സ്വച്ഛമന്യമീ ജന്മം. 
ഞങ്ങളീ പച്ചപ്പിന്റെ  മാസ്മരലോകത്തിങ്കല്‍
തങ്ങളില്‍ മുങ്ങിപ്പൊങ്ങിത്തുഴഞ്ഞൂ സൂര്യോദയം.
കണ്ടുനിന്നടുപ്പിന്റെയപ്പുറം നന്ത്യാര്‍വട്ട -
പ്പെണ്ണു,  കാന്താരിപ്പെണ്ണു,  മധുരപ്പുളിപ്പെണ്ണും.

അങ്ങനെയേതോ സര്‍പ്പക്കാവിലാ,ണെന്നോ കല്ലില്‍
തങ്ങിയ പകല്‍, ചായാന്‍ പാതിരാ  വിരിക്കുമ്പോള്‍,
ഇടറും തുലാവര്‍ഷപ്പേച്ചുകള്‍  മേഘത്തിന്റെ
മുടി കോതിക്കൊണ്ടീറന്‍ മൗനമായ്  വിറയ്ക്കുമ്പോള്‍
കിണറും കുളം തോടും പറന്ന്, ആകാശത്തിന്‍
പടിവാതിലില്‍ത്തട്ടി, തുറക്കെന്നലയ്ക്കുമ്പോള്‍
കടലേറ്റത്തില്‍ കുന്നും കായലും കലങ്ങുമ്പോള്‍
ചെളിയില്‍ കൈകാല്‍തല്ലി ശ്വാസമസ്തമിക്കുമ്പോള്‍
അഴലിന്നകം ചേര്‍ന്നൊരന്‍പു ചുണ്ടമര്‍ത്തുമ്പോള്‍
അലിവാ,ലുന്മാദത്താലന്തരാ ലയിക്കുമ്പോള്‍,
ചെറ്റിട നിശ്വാസത്തില്‍ തുളസിക്കാടോ,നിലാ -
നെറ്റിയില്‍  നിഴല്‍ പോലീ നീലദംശത്തിന്‍ പാടോ?

അന്യയല്ലിത്. ഛായാമോഹിത സൂര്യ; ഞാനോ
ചന്ദ്രയായ്  മറയ്ക്കുന്നൂ  പ്രഭയെ, പ്രഭാവത്തെ.
ഒരു മാത്രയില്‍  വജ്രമോതിരമിതെന്‍ സ്വന്തം.
വധുവാ, രേതെന്‍ നാട്? കാലമോ? കാലാതീതം? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com